image

11 July 2023 5:38 AM GMT

Latest News

ന്യൂയോര്‍ക്ക് ടൈംസ് സ്‌പോര്‍ട്‌സ് വിഭാഗം അടച്ചുപൂട്ടുന്നു

MyFin Desk

new york times is shutting down its sports section
X

Summary

  • കായിക വാര്‍ത്തകള്‍ കവര്‍ ചെയ്യുന്നത് ഡിജിറ്റല്‍ സൈറ്റായ അത്‌ലറ്റിക്കായിരിക്കും
  • ന്യൂയോര്‍ക്ക് ടൈംസ് 550 മില്യന്‍ ഡോളറിന് വാങ്ങിയതാണ് അത്‌ലറ്റിക്
  • ഡിജിറ്റല്‍ സബ്‌സ്‌ക്രൈബേഴ്‌സിന് അത്‌ലറ്റിക്കിലേക്കുള്ള ആക്‌സസ് ഇതിനകം തന്നെ ലഭ്യമാക്കി


പരമ്പരാഗത മാധ്യമ മേഖല വെല്ലുവിളി നേരിടുന്നതിന്റെ ഏറ്റവും പുതിയ തെളിവായി പ്രമുഖ യുഎസ് മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് സ്‌പോര്‍ട്‌സ് വിഭാഗം അടച്ചുപൂട്ടുന്നു. ജുലൈ 10 തിങ്കളാഴ്ചയാണ് ഇക്കാര്യം പത്ര സ്ഥാപനം അറിയിച്ചത്.

ന്യൂയോര്‍ക്ക് ടൈംസിന്റെ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന 35 എഡിറ്റര്‍മാരെയും റിപ്പോര്‍ട്ടമാരെയും നിലനിര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ചിലരെ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പുതിയ ബീറ്റുകളിലേക്ക് നിയോഗിക്കും. പിരിച്ചുവിടലുകളൊന്നും ഇല്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇനി മുതല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ കായിക സംബന്ധമായ വാര്‍ത്തകള്‍ കവര്‍ ചെയ്യുന്നത് സ്ഥാപനത്തിന്റെ ഡിജിറ്റല്‍ സൈറ്റായ അത്‌ലറ്റിക്കായിരിക്കുമെന്നും (the Athletic) അറിയിച്ചിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തനത്തിലെ പരമോന്നത പുരസ്‌കാരമെന്ന് അറിയപ്പെടുന്ന പുലിറ്റ്‌സര്‍ സമ്മാനങ്ങള്‍ നിരവധി തവണ ന്യൂയോര്‍ക്ക് ടൈംസിന് നേടിക്കൊടുത്തിട്ടുള്ളതാണ് സ്‌പോര്‍ട്‌സ് വിഭാഗം. ഇതിനുപുറമെ റെഡ് സ്മിത്ത്, ഡേവ് ആന്‍ഡേഴ്‌സണ്‍, ആര്‍തര്‍ ഡെയ്‌ലി തുടങ്ങിയ പ്രമുഖ കോളമിസ്റ്റുകളെ സൃഷ്ടിക്കുകയും ചെയ്തു. ന്യൂയോര്‍ക്ക് ടൈംസ് സ്‌പോര്‍ട്‌സ് വിഭാഗം ഒരുകാലത്ത് അമേരിക്കന്‍ സ്‌പോര്‍ട്‌സ് ജേണലിസത്തിന്റെ തെടുംതൂണായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ അമേരിക്കന്‍ കായികരംഗത്തെ പ്രധാന സംഭവങ്ങളെയും, വ്യക്തികളെയും കുറിച്ച് എത്രയോ മികച്ച റിപ്പോര്‍ട്ടുകളും ലേഖനങ്ങളും ഈ പത്രത്തില്‍ അച്ചടിച്ചു വന്നിരിക്കുന്നു.

ന്യൂയോര്‍ക്ക് ടൈംസ് 2022 ജനുവരിയില്‍ 550 മില്യന്‍ ഡോളറിന് വാങ്ങിയതാണ് അത്‌ലറ്റിക്. ഇതിനെ പത്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കും. അത്‌ലറ്റിക്കിന്റെ കണ്ടന്റ് പത്രത്തിനു നല്‍കുമെന്നു ചുരുക്കം.

ന്യൂയോര്‍ക്ക് ടൈംസിന്റെ ഡിജിറ്റല്‍ സബ്‌സ്‌ക്രൈബേഴ്‌സിന് അത്‌ലറ്റിക്കിലേക്കുള്ള ആക്‌സസ് ഇതിനകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള 200 പ്രഫഷണല്‍ ടീമുകളെ കവര്‍ ചെയ്യുന്ന 400 മാധ്യമപ്രവര്‍ത്തകര്‍ അത്‌ലറ്റിക്കില്‍ ഉണ്ടെന്നാണു ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.

സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് തല്‍ക്ഷണ വിവരങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സൈറ്റുകളുടെയും ആപ്പുകളുടെയും വ്യാപനമാണു ന്യൂയോര്‍ക്ക് ടൈംസിനെ ഇപ്പോള്‍ സ്‌പോര്‍ട്‌സ് വിഭാഗം അടച്ചുപൂട്ടാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

ജുലൈ 9 ഞായറാഴ്ച ഗെയിം കവറേജോ, ബോക്‌സ് സ്‌കോറുകളോ, ലിസ്റ്റിംഗുകളോ പത്രത്തില്‍ കൊണ്ടുവരില്ലെന്ന് ലോസ് ഏഞ്ചല്‍സ് ടൈംസ് പ്രഖ്യാപിച്ചിരുന്നു.

സമീപകാലത്ത് നിരവധി പ്രമുഖ മാധ്യമങ്ങളാണ് പ്രിന്റ് എഡിഷന്‍ അവസാനിപ്പിക്കുകയാണ് പ്രഖ്യാപിച്ചത്.

ശാസ്ത്രലോകത്തെ കുറിച്ചും പ്രകൃതിയെപ്പറ്റിയും ആഴത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പേരുകേട്ട മാസികയാണ് നാഷണല്‍ ജ്യോഗ്രഫിക്. ഈ മാസികയിലൂടെയാണ് ഗൗരവമുള്ള പല ശാസ്ത്രസത്യങ്ങളും ലോകം അറിഞ്ഞത്. ഇത്തരത്തില്‍ അമൂല്യങ്ങളായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന സ്ഥാപനത്തിലെ അവസാനത്തെ സ്റ്റാഫ് റൈറ്ററും ജൂണ്‍ 28-ന് പടിയിറങ്ങിയിരുന്നു. അടുത്തവര്‍ഷം മുതല്‍ ഈ മാസിക യുഎസ്സിലെ ന്യൂസ് സ്റ്റാന്‍ഡുകളില്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 135 വര്‍ഷത്തെ പാരമ്പര്യമുള്ള മാസികയാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ജ്യോഗ്രഫിക്. ഒരു നൂറ്റാണ്ടിലേറെയായി പ്രകൃതി ലോകത്തെ കുറിച്ചെഴുതുന്ന മാസികയുടെ ലക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തുടരുമെന്നാണ് സിഎന്‍എന്‍ എന്ന മാധ്യമത്തോട് കമ്പനി ഇപ്പോള്‍ വിശദീകരിച്ചിരിക്കുന്നത്. പക്ഷേ, ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഡിജിറ്റല്‍ ഫോര്‍മാറ്റിനായിരിക്കുമെന്നാണു സൂചന.

ലേ ഓഫിന്റെ ഭാഗമായി സ്റ്റാഫ് റൈറ്റര്‍ ഉള്‍പ്പെടെ 19 ജീവനക്കാരെയാണ് ജൂണ്‍ 28ന് പിരിച്ചുവിട്ടത്. ഇവര്‍ക്ക് ഏപ്രിലില്‍ തന്നെ നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ രണ്ട് ലേ ഓഫുകളാണ് കമ്പനിയിലുണ്ടായത്.

ഭാവിയില്‍ മാസികയില്‍ എഡിറ്റോറിയല്‍ ജോലികള്‍ ചെയ്യുന്നത് ഫ്രീലാന്‍സ് എഴുത്തുകാരും സ്ഥാപനത്തില്‍ ഇനി അവശേഷിക്കുന്ന ഏതാനും കുറച്ച് എഡിറ്റര്‍മാരുമായിരിക്കും. വാള്‍ട്ട് ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ള നാഷണല്‍ ജ്യോഗ്രഫിക് മാസികയ്ക്ക് 2022 അവസാനം വരെയുള്ള കണക്ക്പ്രകാരം 1.7 ദശലക്ഷത്തിലധികം വരിക്കാരുണ്ടായിരുന്നു.

1980-കളുടെ അവസാനത്തില്‍, മാസികയ്ക്ക് യുഎസ്സില്‍ മാത്രം 12 ദശലക്ഷം വരിക്കാരുണ്ടായിരുന്നു. ഇതിനുപുറമെ ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലും ലക്ഷക്കണക്കിന് പേര്‍ മാസികയുടെ വരിക്കാരായിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറിലെ ഒരു അഭിമുഖത്തില്‍ ആക്സിയോസ് ന്യൂസിനോട് നാഷണല്‍ ജിയോഗ്രഫിക്കിന്റെ പുതിയ എഡിറ്റര്‍-ഇന്‍-ചീഫ് നഥാന്‍ ലംപ് പറഞ്ഞത് ബ്രാന്‍ഡിനെ നവീകരിക്കേണ്ടതിനാല്‍ വീഡിയോയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പദ്ധതിയിടുന്നു എന്നാണ്.

ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം റീല്‍ എന്നിവ വഴി കൂടുതല്‍ ഹ്രസ്വ ഫോര്‍മാറ്റിലുള്ള വീഡിയോ ഉള്‍പ്പെടുത്തി കമ്പനി ഡിജിറ്റല്‍ രംഗത്തേയ്ക്കു വിപുലീകരിക്കാന്‍ ശ്രമിക്കുമെന്നും ലംപ് പറഞ്ഞു.