image

27 July 2023 6:35 AM

Latest News

ഈ ഇന്ത്യന്‍ സംസ്ഥാനത്ത് പ്രസവാവധി 1 വര്‍ഷമാക്കും; രാജ്യത്ത് ഇത് ആദ്യം

MyFin Desk

indian state maternity leave will be 1 year first in country
X

Summary

  • ആനുകൂല്യം ലഭിക്കുന്നതിലൂടെ കുട്ടികളെയും കുടുംബത്തെയും പരിപാലിക്കാന്‍ സാധിക്കും
  • ഒരു സ്ത്രീക്ക് 6 മാസം അല്ലെങ്കില്‍ 26 ആഴ്ച ശമ്പളത്തോടെയുള്ള പ്രസവാവധിക്ക് അര്‍ഹതയുണ്ട്


സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്ക് പ്രസവാവധി ഒരു വര്‍ഷമാക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യയിലെ ഒരു സംസ്ഥാനം. സ്ത്രീകള്‍ക്ക് മാത്രമല്ല, അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും ഒരു മാസത്തെ പിതൃത്വ അവധി അനുവദിക്കും.

ഈ ആനുകൂല്യം ലഭിക്കുന്നതിലൂടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ കുട്ടികളെയും കുടുംബത്തെയും നന്നായി പരിപാലിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

സിക്കിമിലാണ് ഈ തീരുമാനം നടപ്പിലാക്കാന്‍ പോകുന്നത്. ജുലൈ 26 ബുധനാഴ്ച സിക്കിം സ്റ്റേറ്റ് സിവില്‍ സര്‍വീസ് ഓഫീസേഴ്‌സിന്റെ വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യുമ്പോള്‍ മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനമാണ് സിക്കിം. ഈ സംസ്ഥാനത്തെ ജനസംഖ്യ ഏകദേശം 6.32 ലക്ഷമാണ്.

സിക്കിമിന്റെയും അവിടുത്തെ ജനങ്ങളുടെയും വളര്‍ച്ചയ്ക്കും വികസനത്തിനും കാര്യമായ സംഭാവന നല്‍കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാന ഭരണത്തിന്റെ നട്ടെല്ലാണെന്ന് തമാങ് പറഞ്ഞു.

മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് 1961 അനുസരിച്ച് ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് 6 മാസം അല്ലെങ്കില്‍ 26 ആഴ്ച ശമ്പളത്തോടെയുള്ള പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്നാണ്. ഒരു വര്‍ഷം പ്രസവാവധി എന്ന തീരുമാനം നടപ്പിലാക്കിയാല്‍ ആദ്യമായി ഇത്രയും വലിയ കാലാവധി അനുവദിക്കുന്ന ഇന്ത്യന്‍ സംസ്ഥാനമാകും സിക്കിം.