12 Jun 2023 9:21 AM
Summary
- നവംബര്‍ 19-ന് അഹമ്മദാബാദില്‍ തന്നെയാണ് ഫൈനല്‍
- ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്
- ഇതുവരെ സെമിഫൈനല്‍ വേദികള്‍ തീരുമാനിച്ചിട്ടില്ല
ഈ വര്‍ഷം ഒക്ടോബര്‍ 15 ഞായറാഴ്ച തീ പാറുന്ന ഒരു പോരാട്ടത്തിന് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയം വേദിയാവുകയാണ്. അന്നാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്. ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടാണ് ഇരു ടീമുകളും പോരാട്ടത്തിനിറങ്ങുന്നത്.
ബിസിസിഐ തയാറാക്കിയ കരട് പട്ടികയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. പട്ടിക ഐസിസിക്ക് കൈമാറിയിട്ടുണ്ട്. ഈ പട്ടിക ഇനി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് അയയ്ക്കും. അവരുടെ പ്രതികരണം കൂടി അറിഞ്ഞതിനു ശേഷം അന്തിമ ഷെഡ്യൂള്‍ അടുത്തയാഴ്ചയോടെ പുറത്തുവിടും.
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അഹമ്മദാബാദും, ഡല്‍ഹിയും, ഇന്‍ഡോറും, ധരംശാലയും, ഗുവാഹത്തിയും, രാജ്‌കോട്ടും, റായ്പൂരും, ഹൈദരാബാദും,ചെന്നൈയും, മുംബൈയും, കൊല്‍ക്കത്തയും, ബെംഗളുരുവുമൊക്കെ വേദികളാണ്.
ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നവംബര്‍ 19-ന് അഹമ്മദാബാദില്‍ തന്നെയാണ് ഫൈനല്‍.
ഇപ്രാവിശ്യം ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാകുന്നത് ഇന്ത്യയാണ്. ആദ്യ മത്സരം അഹമ്മദാബാദില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലാണ്. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയുമായിട്ടാണ്. ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക. രണ്ടാമത്തെ മത്സരം ഒക്ടോബര്‍ 11-ന് അഫ്ഗാനിസ്ഥാനുമായിട്ടാണ്. മൂന്നാമത്തെ മത്സരമാണ് പാകിസ്ഥാനുമായി നടക്കുന്നത്. പിന്നീട് 19-ന് ബംഗ്ലാദേശ്, 22-ന് ന്യൂസിലന്‍ഡ്, 29-ന് ഇംഗ്ലണ്ടുമായും ഇന്ത്യ ഏറ്റുമുട്ടും.
അഹമ്മദാബാദിനു പുറമെ, ഹൈദരാബാദിലും, ചെന്നൈയിലും, ബെംഗളുരുവിലുമാണ് പാകിസ്ഥാന്റെ മത്സരങ്ങളുള്ളത്. ഇന്ത്യയുടെ മത്സരം മൊത്തം ഒന്‍പത് വേദികളിലുണ്ടാകും.
ഉദ്ഘാടന വേദിയും ഫൈനല്‍ മത്സര വേദിയും തീരുമാനിച്ചെങ്കിലും ഇതുവരെ സെമിഫൈനല്‍ വേദികള്‍ തീരുമാനിച്ചിട്ടില്ല. നവംബര്‍ 15,16 തീയതികളിലാണ് സെമിഫൈനല്‍ അരങ്ങേറുന്നത്. ടൂര്‍ണമെന്റില്‍ മൊത്തം പത്ത് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
അയല്‍രാജ്യങ്ങളാണെങ്കിലും ചിരവൈരികളാണ് ഇന്ത്യയും പാകിസ്ഥാനും. അതുകൊണ്ട് തന്നെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ മത്സരിക്കുമ്പോള്‍ ആവേശം വാനോളമുയരുന്നതും. 1983, 2011-ലെ ലോകകപ്പ് ജേതാക്കളാണ് ഇന്ത്യ. 1992-ലെ ലോകകപ്പ് ജേതാക്കളാണ് പാകിസ്ഥാന്‍. പക്ഷേ, ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒരിക്കല്‍ പോലും പാകിസ്ഥാന് ഇന്ത്യയ്‌ക്കെതിരെ ജയിക്കാന്‍ സാധിച്ചിട്ടില്ലെന്നത് ചരിത്രം.