18 Aug 2023 3:08 PM IST
മഴയില്‍ മുങ്ങുമോ ഓണം ? അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ വകുപ്പ്
MyFin Desk
Summary
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ബംഗാള്‍-വടക്കന്‍ ഒഡീഷ തീരത്തിനും മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നു കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ബംഗാള്‍-വടക്കന്‍ ഒഡീഷ തീരത്തിനും മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിനു പുറമെ ഹിമാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും പര്‍വതപ്രദേശങ്ങളില്‍ ഓഗസ്റ്റ് 23 വരെ മഴ പെയ്യുമെന്നു കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.
അത്തം ഓഗസ്റ്റ് 20നാണ്. ഓണത്തെ വരവേല്‍ക്കുന്ന ദിനം കൂടിയാണ് അത്തം. ചതയം വരെ ഓണാഘോഷങ്ങള്‍ നീണ്ടു നില്‍ക്കുകയും ചെയ്യും. ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഓഗസ്റ്റ് 20ന് വര്‍ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിക്കുന്നുണ്ട്. നടന്‍ മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇപ്രാവിശ്യം കര്‍ക്കിടക മാസത്തില്‍ മഴ തീരെ കുറവായിരുന്നു. ഓഗസ്റ്റ് മാസത്തിലും മഴ വളരെ കുറവാണ് ലഭിച്ചത്.
എന്നാല്‍ വരും ദിവസങ്ങളില്‍ മഴ പെയ്യുമെന്നു കാലാവസ്ഥ വകുപ്പ് പ്രവചിച്ചതോടെ ഓണ വിപണിയെ ബാധിക്കുമോ എന്ന ആശങ്ക കച്ചവടക്കാര്‍ക്കുണ്ട്.
ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ ഏറ്റവും വലിയ കച്ചവടം നടക്കുന്നത് ഓണക്കാലത്താണ്. എന്നാല്‍ മഴ പെയ്താല്‍ കച്ചവടത്തെ ബാധിക്കുമെന്നത് ഉറപ്പാണ്.
മുന്‍ വര്‍ഷങ്ങളില്‍ ഓണക്കാലത്ത് കനത്ത മഴയാണ് ലഭിച്ചിരുന്നത്. 2020,2021 വര്‍ഷങ്ങളിലാകട്ടെ കോവിഡ്-19 മഹാമാരി വിതച്ച മാന്ദ്യവും ഉണ്ടായിരുന്നു. മുന്‍വര്‍ഷങ്ങളിലെ പോലെ മഴയോ, കോവിഡ്-19 മഹാമാരിയോ ദുരിതം സമ്മാനിക്കില്ലെന്ന ഉറപ്പുണ്ട് വ്യാപാര ലോകത്തിന്. അതുകൊണ്ടു തന്നെ മികച്ച കച്ചവടം ഇവര്‍ പ്രതീക്ഷിക്കുന്നുമുണ്ട്.