29 July 2023 4:50 AM
ഐസിസി ലോകകപ്പ് 2023 ടിക്കറ്റുകള്‍ ഓഗസ്റ്റ് 10-നകം ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കെത്തും
MyFin Desk
ഈ വര്‍ഷം ഒക്ടോബര്‍ 5 മുതല്‍ ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഓഗസ്റ്റ് 10-നകം ഓണ്‍ലൈനില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന്് റിപ്പോര്‍ട്ട്.
2023 ലോകകപ്പ് മത്സരങ്ങള്‍ക്കു വേദിയാകുന്ന എല്ലാ അസോസിയേഷനുകളില്‍ നിന്നും ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ടിക്കറ്റ് നിരക്ക് സംബന്ധിച്ച നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്.
അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ മത്സരക്രമം നിശ്ചയിക്കുന്ന കാര്യത്തില്‍ (ഷെഡ്യൂള്‍) നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
ഷെഡ്യൂളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് മൂന്ന് അംഗരാജ്യങ്ങള്‍ ഐസിസിക്ക് കത്തയച്ചിരുന്നു.
' ഷെഡ്യൂള്‍ മാറ്റത്തിനായി മൂന്ന് അംഗങ്ങള്‍ ഐസിസിക്ക് കത്തെഴുതിയിട്ടുണ്ട്. തീയതികളും സമയവും മാത്രമേ മാറ്റൂ, വേദികള്‍ മാറ്റില്ല. ഗെയ്മുകള്‍ക്കിടയില്‍ ആറ് ദിവസത്തെ ഇടവേളയുണ്ടെങ്കില്‍, അത് 4-5 ദിവസമായി കുറയ്ക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. മൂന്ന് നാല് ദിവസത്തിനുള്ളില്‍ ചിത്രം വ്യക്തമാകും. ഐസിസിയുമായി കൂടിയാലോചിച്ച് മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ' ജയ് ഷാ പറഞ്ഞു.
ലോകകപ്പ് ടൂര്‍ണമെന്റ് മത്സരങ്ങള്‍ക്ക് സുരക്ഷ സംബന്ധിച്ച് ആശങ്കയില്ലെന്നു ഷാ പറഞ്ഞു. ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെ 10 നഗരങ്ങളിലായി 48 മത്സരങ്ങളാണ് നടക്കുന്നത്.
അഹമ്മദാബാദിലാണ് ഉദ്ഘാടന മത്സരം. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം.