25 Aug 2023 7:18 AM
Summary
ലിസ്റ്റു ചെയ്ത ഇന്ത്യന്‍ കമ്പനികളിലേക്ക് ഒഴുകുന്ന വിദേശ ഫണ്ടുകളെ കുറിച്ചായിരിക്കും റിപ്പോര്‍ട്ട്
ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു കോര്‍പ്പറേറ്റ് ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള തയാറെടുപ്പിലാണ് ഒസിസിആര്‍പി. അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ആഗോള ശൃംഖലയാണ് ഒസിസിആര്‍പി.
ശതകോടീശ്വരന്‍ നിക്ഷേപകനായ ജോര്‍ജ്ജ് സോറോസിന്റെയും റോക്ക്‌ഫെല്ലര്‍ ബ്രദേഴ്‌സ് ഫണ്ട്, ഓക് ഫൗണ്ടേഷന്‍ എന്നിവരുടെയും പിന്തുണയുള്ളതാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് (ഒസിസിആര്‍പി).
ഈ കോര്‍പറേറ്റ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ലിസ്റ്റു ചെയ്ത ഇന്ത്യന്‍ കമ്പനികളിലേക്ക് ഒഴുകുന്ന വിദേശ ഫണ്ടുകളെ കുറിച്ചായിരിക്കും റിപ്പോര്‍ട്ട് എന്നാണ് പറയപ്പെടുന്നത്.
ഓഗസ്റ്റ് 24ന് ഇന്ത്യയിലെ വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പിടിഐ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ഇന്ത്യയിലെ റെഗുലേറ്ററി ഏജന്‍സികള്‍, പ്രത്യേകിച്ച് സെബി അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ഒസിസിആര്‍പിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര ധനവിപണികളില്‍ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങളെപ്പറ്റി ഏജന്‍സികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
ഈ വര്‍ഷം ജനുവരി 24നാണ് അദാനി ഗ്രൂപ്പിനെ കുറിച്ചു യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത് ഓഹരി വിപണിയില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയത്.
ഓഫ്‌ഷോര്‍ കമ്പനികളിലൂടെയും വെളിപ്പെടുത്താത്ത അനുബന്ധ ഇടപാടുകളിലൂടെയും ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി വിലയില്‍ അദാനി ഗ്രൂപ്പ് കൃത്രിമം നടത്തിയതായിട്ടാണു ഹിന്‍ഡന്‍ബെര്‍ഗ് ആരോപിച്ചത്. എന്നാല്‍ ആരോപണം അദാനി ഗ്രൂപ്പ് ശക്തമായി നിഷേധിക്കുകയും ചെയ്തു. എങ്കിലും ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു.