16 Sept 2023 11:10 AM
Summary
മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിന്റെ പ്രമോഷണല്‍ വീഡിയോയ്ക്കു വേണ്ടി ബോളിവുഡില്‍ നിന്നുള്ള നിരവധി താരങ്ങള്‍ സഹകരിച്ചിരുന്നു
വിവാദമായ മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച സൗരഭ് ചന്ദ്രാകര്‍, രവി ഉപ്പല്‍ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്.
5,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഈ രണ്ട് ഛത്തീസ്ഗഢ് സ്വദേശികള്‍ക്കെതിരേ നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്.
ഭോപ്പാല്‍, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിന്റെ 417 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കഴിഞ്ഞയാഴ്ച കണ്ടുകെട്ടിയിരുന്നു.
നിയമപ്രകാരം വാതുവെപ്പ് അനുവദനീയമായ ദുബായിയില്‍ നിന്നാണു ചന്ദ്രാകറും, ഉപ്പലും ബിസിനസ് നടത്തിയിരുന്നത്.
ഛത്തീസ്ഗഢിലെ ഒരു ജ്യൂസ് വില്‍പ്പനക്കാരനായിരുന്നു സൗരഭ് ചന്ദ്രാകര്‍. 20-കളുടെ തുടക്കത്തിലാണ് ചന്ദ്രാകറിന്റെ പ്രായം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദുബായിയില്‍ വച്ച് നടന്ന ചന്ദ്രാകറിന്റെ ആഡംബര വിവാഹ ചടങ്ങില്‍ ബോളിവുഡിലെ പ്രമുഖ താരങ്ങളായ നേഹ കക്കര്‍, ടൈഗര്‍ ഷ്‌റോഫ്, സണ്ണി ലിയോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
ഏകദേശം 200 കോടി രൂപയായിരുന്നു ചടങ്ങിനായി ചെലവഴിച്ചതെന്നു ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പിന്റെ പ്രമോഷണല്‍ വീഡിയോയ്ക്കു വേണ്ടി ബോളിവുഡില്‍ നിന്നുള്ള നിരവധി താരങ്ങളും സഹകരിച്ചിരുന്നു. ഇവരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇഡി.
ടൈഗര്‍ ഷ്‌റോഫ്, സണ്ണി ലിയോണ്‍, നേഹ കക്കര്‍, അതിഫ് അസ്‌ലം, രാഹത്ത് ഫത്തേ അലി ഖാന്‍, അലി അസ്ഗര്‍, വിശാല്‍ ദദ്‌ലാനി, എല്ലി അവ്‌റാം, ഭാരതി സിംഗ്, ഭാഗ്യശ്രീ, കൃതി കാര്‍ബന്ധ, നുസ്‌റത്ത് ബറൂച്ച, സുഖ് വീന്ദര്‍ സിംഗ് തുടങ്ങിയവര്‍ ചന്ദ്രാകറിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതായിട്ടാണു റിപ്പോര്‍ട്ട്. ഇവരെ ഇഡി വരും ദിവസങ്ങളില്‍ വിളിച്ചുവരുത്തിയേക്കുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഇഡി ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ സൂചിപ്പിക്കുന്നത് 112 കോടി രൂപ ഹവാല വഴി ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് എത്തിച്ചുവെന്നാണ്. ഹോട്ടല്‍ ബുക്കിങ്ങിന് 42 കോടി രൂപ പണമായും നല്‍കിയെന്നാണ്.
30 ഓളം കേന്ദ്രങ്ങളില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന മഹാദേവ് ആപ്പില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഒരു ദശലക്ഷം വ്യക്തിഗത വാതുവെപ്പുകളാണു നടന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആപ്പിന്റെ വിജയം ആഘോഷിക്കാന്‍ ചന്ദ്രാകര്‍ ദുബായിയില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കും ബോളിവുഡ് സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് കോടികള്‍ പ്രതിഫലമായും ലഭിച്ചെന്നാണ് ഇഡിക്ക് ലഭിച്ചിരിക്കുന്ന വിവരം.