12 Sept 2023 11:57 AM
Summary
- ഒരു ഇ കാര്‍ട്ടിന് 1.99 ലക്ഷം രൂപയാണ് വില
- കൊച്ചിയിലെ 74 ഡിവിഷനുകളിലും ഇ കാര്‍ട്ടുകളുടെ സേവനം ലഭ്യമാകുന്നുണ്ട്
കൊച്ചി നഗരത്തിലെ മാലിന്യം ശേഖരിക്കാന്‍ ഇനി ഇ കാര്‍ട്ടുകള്‍.
വഴിയോരങ്ങളിലെ മാലിന്യം ശേഖരിക്കാനാണു പുതിയ ഇ കാര്‍ട്ടുകളെത്തുന്നത്. നിലവില്‍ മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളുടെ രൂപം മാറ്റുക എന്ന ലക്ഷ്യത്തോടെയാണു നഗരസഭ അധികൃതര്‍ ഇ കാര്‍ട്ടുകളെ നിരത്തിലിറക്കിയത്.
നഗരസഭയും കൊച്ചിന്‍ സ്മാര്‍ട് മിഷന്‍ ലിമിറ്റഡും സഹകരിച്ച് നടപ്പാക്കുന്ന 2.39 കോടി രൂപയുടെ പദ്ധതി പ്രകാരം കൊച്ചിയിലെ 74 ഡിവിഷനുകളിലും ഇ കാര്‍ട്ടുകളുടെ സേവനം ലഭ്യമാകുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ 120 കാര്‍ട്ടുകളാണ് ഇപ്പോള്‍ കൊച്ചിയിലുള്ളത്. മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന പദ്ധതി വഴി 900 ഇ കാര്‍ട്ടുകളുടെ സേവനം ലഭ്യമാക്കും.
ചാര്‍ജ് ചെയ്ത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇ കാര്‍ട്ടിന് 1.99 ലക്ഷം രൂപയാണ് വില. ആറുവര്‍ഷം ബാറ്ററി ഗ്യാരണ്ടി ഉണ്ട്. കൊച്ചി നഗരസഭയിലെ ജീവനക്കാരും ഹരിതകര്‍മ്മ സേന അംഗങ്ങളും മാലിന്യ ശേഖരണത്തിന് ഇ കാര്‍ട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ വാഹനങ്ങളില്‍ ശേഖരിക്കുന്ന മാലിന്യം വലിയ വാഹനങ്ങളിലേക്കും തുടര്‍ന്ന് അതാത് സംസ്‌കരണ യൂണിറ്റുകളിലേക്കുമാണ് എത്തുന്നത്.
മാലിന്യ ശേഖരണത്തിനും നിര്‍മാര്‍ജനത്തിനും മാതൃകാ സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായാണ് കൊച്ചിയില്‍ ഇ കാര്‍ട്ട് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ തുടര്‍ച്ചയായി ഫുള്‍ കവേര്‍ഡ് ഹൈഡ്രോളിക് വാഹനങ്ങളും ഓട്ടോറിക്ഷകളും കൊച്ചിയുടെ നിരത്തിലിറങ്ങും.