3 Jan 2023 12:30 PM IST
ടൂറിസത്തില്‍ നേട്ടം കൊയ്ത് കെഎസ്ആര്‍ടിസി; പ്രിയമേറി ജംഗിള്‍ സഫാരിയും സ്ലീപ്പര്‍ ബസും
MyFin Bureau
Summary
- ജംഗിള്‍ സഫാരിയിലൂടെ രണ്ടരമാസം കൊണ്ട് നേടിയത് 5.81 ലക്ഷത്തോളം ലാഭം
കല്‍പ്പറ്റ: കെഎസ്ആര്‍ടിസിയുടെ വിനോദസഞ്ചാര മേഖലയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് വിജയകരം. ജംഗിള്‍ സഫാരി, സ്ലീപ്പര്‍ ബസ് എന്നിവയിലൂടെ മാത്രം ഈ വര്‍ഷം നേടിയത് 12.52 ലക്ഷത്തോളം രൂപയാണ്. കെഎസ്ആര്‍ടിസി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നുമാണ് ഇവ രണ്ടും ആരംഭിക്കുന്നത്.
ഒക്ടോബര്‍ 15ന് തുടങ്ങിയ ജംഗിള്‍ സഫാരിയിലൂടെ രണ്ടരമാസം കൊണ്ട് നേടിയത് 5.81 ലക്ഷത്തോളം ലാഭമാണ്. കൂടാതെ താമസസൗകര്യത്തോടെ ആഗസ്തില്‍ ആരംഭിച്ച മൂന്നു സ്ലീപ്പര്‍ ബസുകളില്‍ നിന്നായി 6.71 ലക്ഷത്തോളവും ലഭിച്ചു.
ഈ പദ്ധതി സുല്‍ത്താന്‍ ബത്തേരിയില്‍ വിജയം കണ്ടതോടെ മാനന്തവാടിയിലേക്കും വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് അധികൃതര്‍. ചുരുങ്ങിയ ചെലവില്‍ വിനോദസഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും താമസസൗകര്യത്തോടെ യാത്രചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ബജറ്റ് ടൂറിസം സെല്‍ സ്ലീപ്പര്‍ ബസ് ഒരുക്കിയിരിക്കുന്നത്.
ഇതില്‍ കുടുംബസമേതം താമസിക്കുന്നതിന് പ്രത്യേകം 2 എസി മുറികളും ഉണ്ട്. മാനന്തവാടിയില്‍ കുറഞ്ഞ ചെലവില്‍ സ്ലീപ്പര്‍ ബസും ഒപ്പം മാനന്തവാടിയിലെ വനമേഖലയോട് ചേര്‍ന്നുള്ള പാതകളിലൂടെ നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങാനുമാണ് ഇനിയുള്ള പദ്ധതി.
150 രൂപയാണ് സ്ലീപ്പര്‍ബസിന്റെ നിരക്ക്. ഒരു ദിവസത്തെ നിരക്കാണിത്. സ്ലീപ്പര്‍ ബസില്‍ താമസിക്കുന്നവര്‍ക്കും മറ്റുവിനോദ സഞ്ചാരികള്‍ക്കുമാണ് ബത്തേരിയില്‍ വൈല്‍ഡ് ലൈഫ് നൈറ്റ് സഫാരി ഒരുക്കിയിട്ടുള്ളത്.
ബത്തേരി ഡിപ്പോയില്‍ നിന്നും വൈകീട്ട് 6.30 ന് ആരംഭിക്കുന്ന ബസ് യാത്ര മുത്തങ്ങ, ഇരുളം റൂട്ടുകളിലൂടെ സഞ്ചരിച്ച് രാത്രി ഒമ്പത് മണിയോടെ അവസാനിക്കും. 300 രൂപയാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്. ഇതിനോടകം തന്നെ പദ്ധതി സഞ്ചാരികള്‍ ഏറ്റെടുത്തു കഴിഞ്ഞു.