image

19 Jun 2023 5:58 AM

Kerala

വരുന്നു, കോഴിക്കോട്ടും താമരശ്ശേരിയിലും സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍

MyFin Desk

വരുന്നു, കോഴിക്കോട്ടും താമരശ്ശേരിയിലും സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍
X

Summary

  • കോഴിക്കോട്ടെ വ്യവസായ എസ്റ്റേറ്റിന് ഈമാസം അനുമതി നല്‍കിയേക്കും
  • ഓരോ സ്വകാര്യ എസ്റ്റേറ്റിനും മൂന്നു കോടി രൂപ ചെലവഴിച്ച് അടിസ്ഥാന സൗകര്യമൊരുക്കാം
  • 10 മുതല്‍ 50 വരെ സെന്റുള്ള പ്ലോട്ടുകളായി 30 വര്‍ഷത്തേക്കാണ് പാട്ടത്തിനു നല്‍കുക


കോഴിക്കോട് ജില്ലയിലെ സംരംഭകര്‍ക്ക് പ്രതീക്ഷ നല്‍കി കോഴിക്കോട്ടും താമരശ്ശേരിയിലും സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ വരുന്നു. ആദ്യ സ്വകാര്യ വ്യവസായ എസ്റ്റേറ്റിന് ഉടന്‍ അനുമതി ലഭിക്കുമെന്നാണ് വിവരം. വ്യവസായം തുടങ്ങാന്‍ ഭൂമി കണ്ടെത്തി സംരംഭകര്‍ക്കു കൈമാറുന്നതില്‍ സര്‍ക്കാര്‍ നേരിടുന്ന തടസത്തിനും താമസത്തിനും പരിഹാരമായാണ് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നത്.

കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ മൂന്നുപേരാണ് കൈവശമുള്ള 10 ഏക്കര്‍ ഭൂമി വീതം വ്യവസായ എസ്റ്റേറ്റായി മാറ്റാന്‍ സന്നദ്ധത അറിയിച്ച് അപേക്ഷ നല്‍കിയത്. ഈ സ്ഥലങ്ങള്‍ സിഡ്‌കോ, കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി, ജില്ലാ വ്യവസായ കേന്ദ്രം എന്നീ വകുപ്പുകളുടെ പ്രതിനിധികള്‍ പരിശോധന നടത്തി വ്യവസായ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. ഇതില്‍ കോഴിക്കോട് താലൂക്കിലെ സ്ഥലം മുഴുവന്‍ അംഗീകാരവും നേടി. മറ്റു രണ്ടു സ്ഥലങ്ങളും യോജ്യമാണെങ്കിലും ചില രേഖകളുടെ അഭാവം ചൂണ്ടിക്കാണിക്കപ്പെട്ടു. ഈ രേഖകള്‍ കൂടി സമര്‍പ്പിക്കുന്നതോടെ അവര്‍ക്കും അനുമതി ലഭിക്കും.

അടിസ്ഥാന സൗകര്യമൊരുക്കാന്‍ മൂന്നു കോടി രൂപ

സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ക്കായി രൂപീകരിച്ച സംസ്ഥാനതല കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഈമാസം ചേരുന്ന കമ്മിറ്റി യോഗത്തില്‍ ആദ്യ സ്വകാര്യ വ്യവസായ എസ്റ്റേറ്റിന് അനുമതി നല്‍കിയേക്കും. അനുമതി ലഭിച്ചാല്‍ ഒരേക്കറിന് 30 ലക്ഷം രൂപ എന്ന കണക്കില്‍ ഓരോ സ്വകാര്യ എസ്റ്റേറ്റിനും മൂന്നു കോടി രൂപ ചെലവഴിച്ച് അടിസ്ഥാന സൗകര്യമൊരുക്കാം. ഈ തുക പിന്നീട് എസ്റ്റേറ്റ് ഒരുക്കുന്ന സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ കൈമാറും. ഓരോ സ്വകാര്യ വ്യവസായ എസ്റ്റേറ്റിലും 30 യൂണിറ്റുകള്‍ക്കു പ്രവര്‍ത്തിക്കാനാവും.

വ്യവസായ എസ്റ്റേറ്റിലെ സംരംഭകരെ സഹായിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പ്രത്യേക ഏകജാലക സംവിധാനം പ്രവര്‍ത്തിക്കും. കലക്ടര്‍ക്കു പുറമേ ജില്ലാ വ്യവസായ കേന്ദ്രം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, നഗര ഗ്രാമാസൂത്രണം, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്, തൊഴില്‍ എന്നീ വകുപ്പുകളിലെ ജില്ലാ ഓഫിസര്‍മാര്‍ അടങ്ങിയതാണ് ഏകജാലക സംവിധാനം. ഇവര്‍ സിറ്റിങ് നടത്തിയാണ് അപേക്ഷകളില്‍ അനുമതി നല്‍കുക. അതിനാല്‍ സംരംഭകര്‍ ഓരോ ഓഫിസും കയറിയിറങ്ങേണ്ടതില്ല.

വെസ്റ്റ്ഹില്ലിലും കട്ടിപ്പാറയിലും ഗവ. വ്യവസായ എസ്റ്റേറ്റുകള്‍

കോഴിക്കോട് ജില്ലയില്‍ രണ്ടിടത്ത് സര്‍ക്കാരിന്റെ വ്യവസായ എസ്റ്റേറ്റുകള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്. ഇതു ജില്ലയിലെ വ്യവസായസംരംഭകര്‍ക്ക് ഊര്‍ജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ വ്യവസായ കേന്ദ്രത്തോടു ചേര്‍ന്ന വെസ്റ്റ്ഹില്ലിലെ 12.50 ഏക്കറിനും കട്ടിപ്പാറ പഞ്ചായത്തിലെ 20,23 ഏക്കറിനുമാണ് കഴിഞ്ഞയാഴ്ച അനുമതി ലഭിച്ചത്.

ഏകജാലക സംവിധാനത്തോടെ

രണ്ടിടത്തും സംരംഭകര്‍ക്ക് ഔദ്യോഗിക നടപടികള്‍ക്ക് ഏകജാലക സംവിധാനമുണ്ടാകും. വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. വ്യവസായ വകുപ്പിനു കീഴിലെ 40 പ്രദേശങ്ങള്‍ക്ക് വ്യവസായ എസ്റ്റേറ്റ് പദവി നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ജില്ലയില്‍ രണ്ടിടത്തും വ്യവസായ എസ്റ്റേറ്റ്.

കട്ടിപ്പാറയില്‍ 12 വര്‍ഷം മുമ്പ് വ്യവസായ വകുപ്പ് വാങ്ങിയ സ്ഥലത്തിനാണ് അനുമതി. ഇവിടെ ഭൂമി നിരപ്പാക്കലും മറ്റു പ്രവൃത്തികളും പുരോഗമിക്കുകയാണ്. മെയിന്‍ റോഡില്‍നിന്ന് 1.5 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. 1.5 കിലോമീറ്റര്‍ റോഡ് പഞ്ചായത്തിന്റെ അധീനതയിലാണ്. വ്യവസായ വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച് ഇതു ടാര്‍ ചെയ്ത് നവീകരിക്കും. വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടുണ്ട്. കിണര്‍, കുഴല്‍ക്കിണര്‍ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ജല അതോറിറ്റി കണഷന്‍ കൂടി ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ്. 5 കോടി രൂപയോളം ചെലവഴിച്ചാണ് ഈ സൗകര്യങ്ങളൊരുക്കുന്നത്.

30 വര്‍ഷത്തേക്കു പാട്ടത്തിന്

10 മുതല്‍ 50 വരെ സെന്റുള്ള പ്ലോട്ടുകളായി 30 വര്‍ഷത്തേക്കാണ് പാട്ടത്തിനു നല്‍കുക. ഏറ്റെടുക്കുന്ന സംരംഭകര്‍ പാട്ടത്തുകയ്ക്കു പുറമേ വര്‍ഷംതോറും വാടകയും നല്‍കണം. അടിസ്ഥാന സൗകര്യമൊരുക്കലും മറ്റു നടപടികളും പൂര്‍ത്തിയാക്കി ഒരുവര്‍ഷത്തിനകം ഈ സ്ഥലം സംരംഭകര്‍ക്കു കൈമാറാനാകുമെന്നാണ് പ്രതീക്ഷ.

വെസ്റ്റ്ഹില്‍ വ്യവസായ കേന്ദ്രത്തിലെ 12.50 ഏക്കറില്‍ 37 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഇനി സംരംഭകര്‍ക്ക് സ്ഥലം അനുവദിക്കാനാകില്ല. പക്ഷേ വ്യവസായ എസ്റ്റേറ്റ് പ്രഖ്യാപനം നിലവിലുള്ള സംരംഭങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് വ്യവസായ വകുപ്പ് അധികൃതര്‍ അഭിപ്രായപ്പെട്ടു. നല്ലളത്ത് ജില്ലാ പഞ്ചായത്തിനു കീഴിലെ ഏഴേക്കറില്‍ 40 വ്യവസായ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2011ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ മേഖലയും സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ എസ്റ്റേറ്റ് അനുമതി കാത്തിരിക്കുകയാണ്.