30 Jun 2023 1:30 PM GMT
Summary
- വടക്കന്‍ കേരളത്തിലെ ഐടി വളർച്ചയ്ക്കു വേഗം കൂട്ടും
- 100 കോടി രൂപ കിഫ്ബിയിൽ നിന്ന്
- നിലവില്‍ പാർക്കിന്‍റെ 98 ശതമാനവും ഉപയോഗിക്കുന്നു
കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കില്‍ 184 കോടി രൂപയുടെ പുതിയ കെട്ടിടം നിര്‍മിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിന് മന്ത്രിസഭായോഗം അനുമതി നല്‍കിയ സാഹചര്യത്തില്‍ പദ്ധതി അതിവേഗം നടപ്പിലാക്കുന്നതിനാണ് ശ്രമിക്കുന്നത്. ഉത്തര കേരളത്തില്‍ ഐ.ടി വ്യവസായ വളര്‍ച്ച അതിവേഗത്തിലാക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഐടി പാര്‍ക്കില്‍ പുതിയ കെട്ടിടം വേണമെന്ന് നേരത്തേ പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. മലബാറിന്റെ ഐ.ടി ഹബ്ബ് എന്ന നിലയിലുള്ള കോഴിക്കോടിന്റെ വളര്‍ച്ചയ്ക്ക് വേഗം കൂടാനും ഇതുപകരിക്കുമെന്നാണ് പ്രതീക്ഷ. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെയാണ് (കെ.എസ്.ഐ.ടി.ഐ.എല്‍) പദ്ധതി നിര്‍വഹണത്തിനായി നിയോഗിക്കുക.
100 കോടി കിഫ്ബി വക
നിര്‍മാണത്തിനാവശ്യമായ 184 കോടിയില്‍ 100 കോടി രൂപ കിഫ്ബി ഫണ്ടില്‍ നിന്നാണ്. നിലവില്‍ രണ്ടായിരത്തിലധികം ജീവനക്കാര്‍ നൂറിലേറെ സ്ഥാപനങ്ങളിലായി ഈ സൈബര്‍ പാര്‍ക്കില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോഴുള്ള കെട്ടിടം അപര്യാപ്തമാണ്. ഇവിടെയുള്ള പല കമ്പനികളും വിപുലീകരണത്തിനു ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥലം ലഭ്യമല്ലാത്തത് പ്രതികൂലമായി ബാധിച്ചിരുന്നു. ഈ പ്രതിസന്ധി കണക്കിലെടുത്ത് സൈബര്‍ പാര്‍ക്ക് വിപുലമാക്കണമെന്ന നിര്‍ദേശം കാലിക്കറ്റ് ഫോറം ഫോര്‍ ഐ.ടി (കാഫിറ്റ്) ബജറ്റിനു മുന്‍പായി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. കൂടുതല്‍ സ്ഥലസൗകര്യമുള്ള കെട്ടിടം, ആംഫി തിയറ്റര്‍, ഓഡിറ്റോറിയം, ഡേ കെയര്‍ സെന്റര്‍ തുടങ്ങിയവ വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
98 ശതമാനം സ്ഥലവും ഉപയോഗത്തില്‍
2022 ജനുവരിക്കു ശേഷം സൈബര്‍ പാര്‍ക്കില്‍ 17 കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നിലവില്‍ പാര്‍ക്കിലെ 98 ശതമാനം സ്ഥലവും വിവിധ കമ്പനികള്‍ ഉപയോഗിച്ചുവരികയാണ്. 75 ശതമാനം ഐ.ടി സ്പേസും 25 ശതമാനം വാണിജ്യ സ്ഥലവും ഉള്‍പ്പെടുന്ന നാലു ലക്ഷം ചതുരശ്രഅടി വിസ്തൃതിയുള്ള കെട്ടിടം നിര്‍മിക്കാനാണ് സൈബര്‍ പാര്‍ക്ക് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നത്
60 കമ്പനികള്‍
മൂന്ന് ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ പാര്‍ക്കില്‍ ഇപ്പോള്‍ തന്നെ അറുപതോളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം ടെക്നോ പാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക് എന്നിവയ്ക്ക് ശേഷം കേരളത്തിലാരംഭിച്ച മൂന്നാമത്തെ ഐ.ടി പാര്‍ക്കായ കോഴിക്കോട് സൈബര്‍ പാര്‍ക്കിന്റെ വികസനം ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിക്കാനും രാജ്യത്തിന്റെ ഐ.ടി ഹബ്ബാകാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് വേഗം പകരാനും സഹായകമാകും.
വരാനിരിക്കുന്നത് ഐ.ടി രംഗത്തെ കുതിച്ചുചാട്ടം
2009 ജനുവരി 28നാണ് സൈബര്‍ പാര്‍ക്ക് റജിസ്റ്റര്‍ ചെയ്തത്. 45 ഏക്കര്‍ കാംപസില്‍ അഞ്ച് ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് നിലവില്‍വന്നത്. 2017-18 വര്‍ഷത്തില്‍ ആറു കമ്പനികളിലായി 107 ജീവനക്കാര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ നിന്നാണ് 113 കമ്പനികളിലെ 2000 ജീവനക്കാരിലേക്ക് സൈബര്‍ പാര്‍ക്ക് വളര്‍ന്നത്. നിലവില്‍ അനേകം രാജ്യാന്തര കമ്പനികള്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പല കമ്പനികളെയും മാറ്റിച്ചിന്തിപ്പിക്കുന്നത്. ദേശീയപാത വികസനത്തിനൊപ്പം വിമാനത്താവളത്തിലേക്കുള്ള ഗതാഗതം സുഗമമാകുന്നതോടെ ഐടി രംഗത്തെ കുതിച്ചുചാട്ടം കോഴിക്കോടിന് സാധ്യമാകും.
സ്വാഗതം ചെയ്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്
സൈബര്‍ പാര്‍ക്കില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനത്തെ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സ്വാഗതം ചെയ്തു. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ഐ.ടി പാര്‍ക്കില്‍ പുതിയ കെട്ടിടം വരുന്നതോടെ, മലബാറിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഐ.ടി മേഖലയിലെ നിരവധി പേര്‍ക്ക് ആശ്വസമാകുമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് എം.എ മെഹബൂബ് പറഞ്ഞു.
ദേശീയ, ബഹുരാഷ്ട്ര ഐ.ടി കമ്പനികള്‍ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്. സൈബര്‍ പാര്‍ക്കില്‍ ബാക്കിയുള്ള 30ലധികം ഏക്കര്‍ സ്ഥലത്തിന്റെ വികസനത്തിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ എത്രയും വേഗം കൈക്കൊള്ളണമെന്നും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.