21 Nov 2022 1:16 PM
zomato ordered to pay heavy compensation to user
Summary
362 രൂപയുടെ ഭക്ഷണം നല്‍കാത്തതിന് പിഴയിട്ടത് 8000 രൂപ
കൊല്ലം: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കാത്ത ഡെലിവറി ആപ്പിനും റസ്റ്റോറന്റിനും പിഴയിട്ട് കൊല്ലം ജില്ലാ ഉപഭോക്തൃ കോടതി. ഡല്‍ഹി സര്‍വകലാശാലയില്‍ പഠിക്കുന്ന നിയമവിദ്യാര്‍ത്ഥിയായ അരുണ്‍ ജി കൃഷ്ണയാണ് പരാതി നല്‍കിയത്.
362 രൂപയ്ക്ക് സൊമാറ്റോ ആപ്പില്‍ ഓര്‍ഡര്‍ ചെയ്ത അരുണിന് ഭക്ഷണം ലഭിച്ചിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ചോദിച്ച് അരുണ്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
സൊമാറ്റോയും റെസ്‌റ്റോറന്റും ചേര്‍ന്ന് 8000 രൂപയാണ് അരുണിന് നല്‍കേണ്ടത്. ബില്‍ തുകയായ 362 രൂപയും തിരികെ നല്‍കണം. ഉപഭോക്താവിന്റെ മാനസിക സംഘര്‍ഷത്തിന് നഷ്ടപരിഹാരമായി 5000 രൂപയും നടപടിച്ചെലവായി 3000 രൂപയും ചേര്‍ന്നാണ് 8000 രൂപയുടെ പിഴ.
ഉത്തരവ് തീയ്യതി മുതല്‍ 45 ദിവസത്തിനുള്ളില്‍ തുക കൈമാറണം. ഇല്ലെങ്കില്‍ 12 ശതമാനം പലിശ സഹിതം തുക നല്‍കേണ്ടി വരും.
ഭക്ഷണം എത്തിക്കാതിരിക്കുകയും പണം തിരികെ നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് കോടതിയെ സമീപിച്ചതെന്ന് അരുണ്‍ പ്രതികരിച്ചു.