Summary
- കൊച്ചിയില്‍ നിന്ന് പറന്ന വൈറസ് എസ്.ഡബ്‌ള്യൂ 80 എന്ന ചെറുവിമാനമാണ് 10.30നു സത്രം എയര്‍സ്ട്രിപ്പില്‍ പറന്നിറങ്ങിയത്
- ശബരിമലയ്ക്ക് വളരെ അടുത്തായാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്
ഇടുക്കി:സ്വപ്നങ്ങള്‍ക്ക് ചിറക് വിരിച്ച് ജില്ലയില്‍ ആദ്യമായി വിമാനമിറങ്ങി. ആകാശം തൊടാനുള്ള ഇടുക്കിയുടെ സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കിയത് സത്രം എയര്‍സ്ട്രിപ് ആണ്. ഇന്നലെ രാവിലെ 9.30നു കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്ന വൈറസ് എസ്.ഡബ്‌ള്യൂ 80 എന്ന ചെറുവിമാനമാണ് 10.30നു സത്രം എയര്‍സ്ട്രിപ്പില്‍ വിജയകരമായി പറന്നിറങ്ങിയത്.
മിഗ് 21 ഫൈറ്റര്‍ വിമാനങ്ങള്‍ പറത്തിയിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ എ.കെ.ശ്രീനിവാസ അയ്യരുടെയും ഉദയരവിയുടെയും കൈകളില്‍ സുരക്ഷിതമായിരുന്നു വിമാനത്തിന്റെ നിയന്ത്രണം.
ചെറു വിമാനങ്ങള്‍ ഇറക്കുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന ജില്ലയിലെ ആദ്യത്തെ എയര്‍സ്ട്രിപ്പാണിത്. സ്ഥിതി ചെയ്യുന്നത് ഇടുക്കിയിലാണെങ്കില്‍ പോലും കോട്ടയത്തിനും പത്തനംതിട്ടയ്ക്കും പ്രത്യേകിച്ച് ശബരിമലയ്ക്കും വളരെ അടുത്തായാണ് ഈ ചെറു വിമാനത്താവളം നിലകൊള്ളുന്നത്.
എന്‍സിസി കെഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിന് 2017ല്‍ നിര്‍മ്മിച്ച സത്രം എയര്‍സ്ട്രിപ്പിന്റെ റണ്‍വേയോടുള്ള ഭാഗം അഞ്ചു മാസം മുന്‍പ് ഇടിഞ്ഞു പോയത് ആശങ്കയുണര്‍ത്തിയിരുന്നു. മാത്രമല്ല ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ ഇവിടെ വിമാനം ഇറക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം അത് സാധിച്ചിരുന്നില്ല.
എന്നിരുന്നാല്‍ പോലും എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ച ശേഷമാണ് വിജയകരമായി ഇന്നലെ വിമാനമിറക്കിയത്.