7 July 2023 10:34 AM GMT
Summary
- ബിസിനസ്സ് ആവശ്യത്തിനായി പുരയിടം വിറ്റ് 300 രൂപ കണ്ടെത്തി
- 1996ല്‍ യാത്രപറയുമ്പോള്‍ വലിയൊരു വ്യവസായ ശ്രേണിയുടെ ഉടമയായിമാറിയിരുന്നു
- 15 വര്‍ഷക്കാലം എറണാകുളത്തെ പച്ചക്കറി കച്ചവടത്തിലെ കുത്തകക്കാരനായിരുന്നു
പള്ളിക്കൂടത്തിന്റെ പടിവാതില്‍ കാണാതെ ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവിതം തുടങ്ങി, ജീവിതത്തിന്റെ പടവുകള്‍ ഓരോന്നോരോന്നായി ചവിട്ടിക്കയറി ഇതിഹാസമായി മാറിയ വ്യക്തി. ഈ മാന്ത്രിക വിദ്യയുടെ ചുരുളഴിച്ചാല്‍ കഠിനാദ്ധ്വനത്തിന്റെയും കഷ്ടപ്പാടിന്റെയും വില എന്തെന്നറിയാം.
നമ്മുടെ നാട്ടിലും ഇതുപോലെ വിസ്മയം സൃഷ്ടിച്ച ചിലരെയൊക്കെ കാണാനാകും. അത്തരത്തല്‍പ്പെട്ട ഒരാളാണ് പച്ചക്കറി മൊയ്തീന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഹാജി കെ. എ മൊയ്തീന്‍.
എറണാകുളം ജില്ലയില്‍ ഇടപ്പള്ളിയില്‍ വട്ടേക്കുന്നം കല്ലേപ്പുറത്ത് അബൂബക്കര്‍ എന്ന കര്‍ഷകന്റെ മകനായി മൊയ്തീന്‍ ജനിച്ചു. വളര്‍ന്നപ്പോള്‍ സ്‌കൂളില്‍ വിടുന്ന കാര്യത്തില്‍ ആര്‍ക്കും വലിയ താല്‍പ്പര്യം തോന്നിയില്ല. പത്തു പന്ത്രണ്ടു വയസ്സുവരെ നാട്ടിലും വീട്ടിലുമൊക്കെയായി ചുറ്റിത്തിരിഞ്ഞു നടന്നു. ഒരു നാള്‍ കക്ഷി എറണാകുളം മാര്‍ക്കറ്റില്‍ ചെന്നു പറ്റി. അവിടെ ചീക്കു ബാവമാരുടെ കടയില്‍ നിന്ന് ചെറുനാരങ്ങ കടം വാങ്ങി ചന്ത വാതില്‍ക്കല്‍ ഇരുന്ന് വില്‍പ്പന തുടങ്ങി. ആ സംഭവം ഒരു നൂറ്റാണ്ടിലേറെ ചരിത്രമുള്ള എറണാകുളം മാര്‍ക്കറ്റിന്റെ തലവര മാറ്റിക്കുറിക്കുന്നതിന്റെ തുടക്കമാണെന്ന് അന്നാരും അറിഞ്ഞില്ല.

ഏകദേശം 500 ചെറുനാരങ്ങ വിറ്റാല്‍ ഒരു രൂപ ലാഭം കിട്ടും. ചെറുനാരങ്ങ വില്‍പ്പനക്കിടയില്‍ ഒരു കൈത്തൊഴിലായി ബീഡി തെറുപ്പ് പഠിച്ചു. പിന്നെ ഇടനേരങ്ങളില്‍ മൊയ്തീന്‍ മാതൃഭാഷ എഴുതിപ്പഠിച്ചു. വായനയില്‍ രസമേറി. അതോടെ ജീവിതവീക്ഷണത്തില്‍ വ്യതിയാനം വന്നു. വളരണം വിജയിക്കണം ഈയൊരു ചിന്തമാത്രമായി ഊണിലും ഉറക്കത്തിലും. അവസാനം ബിസിനസ്സില്‍ ഉറച്ചുനില്‍ക്കാന്‍ മൊയ്തീന്‍ തീരുമാനിച്ചു. പക്ഷേ അതിനു പണം വേണമല്ലോ?
പിതാവിനോട് ബിസിനസ്സ് ആവശ്യത്തിനായി കുറച്ച് പണം ആവശ്യപ്പെട്ടു. ഒരു ഇടത്തരം കര്‍ഷക കുടുംബത്തിനന്ന് അന്ന് അത്ര വലിയ സംഖ്യ കൊടുക്കാനൊന്നും കഴിവുണ്ടായിരുന്നില്ല. ഒടുവില്‍ പുരയിടം വിറ്റ് 300 രൂപ കണ്ടെത്തി. മൊയ്തീന്‍ പിതാവില്‍ നിന്ന് കിട്ടിയ ആ പണവുമായി തിരുനെല്‍വേലിയില്‍ പോയി ചെറുനാരങ്ങ വാങ്ങി. എറണാകുളം മാര്‍ക്കറ്റില്‍ ചെറുനാരങ്ങയുടെ മൊത്തവ്യാപാരം അങ്ങിനെ തുടങ്ങി.
ഇങ്ങനെയിരിക്കെയാണ് 1945ല്‍ കൊച്ചിയില്‍ നേവല്‍ ബേസ് വരുന്നത്. നേവിക്ക് പച്ചക്കറി സപ്ലൈ ചെയ്യാന്‍ മൊയ്തീന്‍ തീരുമാനിച്ചു. അതോടെ ഒരു മത്സരവും സംജാതമായി. എതിരാളി പച്ചക്കറി വേലായുധന്‍. മത്സരം മുറുകിയപ്പോള്‍ മൊയ്തീന്‍ ഊട്ടിയില്‍ നിന്ന് തക്കാളിയും കാബേജും മറ്റും തീവണ്ടിയിലും പിന്നെ തലച്ചുമടായും കൊച്ചിയിലെത്തിച്ചു. എന്തിനേറെ, കരസേനയിലേക്കുള്ള പച്ചക്കറി കോണ്‍ട്രാക്റ്റ് മത്സരബുദ്ധിയോടെ നേടിയെടുത്തതോടെ എറണാകുളം മാര്‍ക്കറ്റിലെ പച്ചക്കറിക്കച്ചവടത്തില്‍ മുടിചൂടാമന്നനായി.
നീണ്ട 15 വര്‍ഷക്കാലമാണ് പച്ചക്കറിക്കച്ചവടത്തില്‍ എറണാകുളത്തെ കുത്തകക്കാരനായി മൊയ്തീന്‍ സാഹിബ് നിലയുറപ്പിച്ചത്. ഈ കച്ചവടത്തിന്റെ വളര്‍ച്ച പൂര്‍ണ്ണതയില്‍ എത്തിയെന്ന് തോന്നിയപ്പോള്‍ ഇരുമ്പു വ്യവസായത്തിലേക്ക് കടന്നു.
പഞ്ചാബികളും മറ്റും ഇവിടെ നിന്ന് പഴയ ഇരുമ്പ് ഉരുപ്പടികള്‍ ശേഖരിച്ച് കോയമ്പത്തൂരില്‍ കൊണ്ടുപോയി എന്തോ ചെയ്ത് പണം സമ്പാദിക്കുന്നുണ്ടെന്ന് കൂര്‍മ്മബുദ്ധിക്കാരനായ മൊയ്തീന്‍ കണ്ടെത്തി. പിന്നെ മടിച്ചില്ല. കോയമ്പത്തൂരിലേക്ക് വണ്ടി കയറി. അവിടെ അവര്‍ ചെയ്യുന്നത് എന്തെന്ന് മനസ്സിലാക്കിയശേഷം നാട്ടിലെത്തി.

കല്ലേപ്പുറം മെറ്റല്‍സ് എന്ന പേരില്‍ ഇവിടെ ഒരു ലെയ്ത്ത്, വെല്‍ഡിങ് സെറ്റ് എന്നിവ സംഘടിപ്പിച്ച് ഫാബ്രിക്കേഷന്‍ വര്‍ക്ക് തുടങ്ങി. 1963ല്‍ ആയിരുന്നു ആദായകരമായ ആ സംരംഭത്തിന് തുടക്കം കുറിച്ചത്. 1971 ല്‍ ഇത് റോളിങ് മില്ലാക്കി മാറ്റി.
ഇടപ്പള്ളിയിലെ കൂനംതയ്യില്‍ ആറ് ഏക്കര്‍ സ്ഥലത്ത് പ്രിസിഷന്‍ എന്‍ജിനിയറിങ് കോര്‍പ്പറേഷന്‍ എന്ന പേരില്‍ ഇത് അറിയപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് അന്നവിടെ ജോലി കൊടുത്തു.
ഇല്ലായ്മയില്‍ നിന്ന് ബിസിനസ്സിലൂടെ വമ്പനായി എന്നതുകൊണ്ടുമാത്രമല്ല മൊയ്തീന്‍ സാഹിബ് ശ്രദ്ധേയനായത്. വിശാലമായ കാഴ്ചപ്പാട്, കൂര്‍മ്മബുദ്ധി, ലോകത്തിന്റെ വളര്‍ച്ച ഉറ്റുനോക്കി അതിനൊപ്പം സ്വയം വളരാനുള്ള ഉള്‍ക്കാഴ്ച സര്‍വ്വോപരി മനുഷ്യത്വമുള്ള ഹൃദയം.
ഭാര്യയ്ക്ക് ഹൈപ്രഷര്‍ വന്നതുകൊണ്ടു മാത്രം പ്രകൃതി ചികിത്സാ കേന്ദ്രം തുടങ്ങിയ മൊയ്തീന്‍ സാഹിബ് അതേക്കുറിച്ച് പറയുന്നതിങ്ങനെ:
ഹൈപ്രഷര്‍ മൂലം ഭാര്യ കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ അവളെ ആശുപത്രിയില്‍ കൊണ്ടുപോയി. ഡോക്ടര്‍മാര്‍ വിധിയെഴുതി- വിദഗ്ധചികിത്സയ്ക്ക് വെല്ലൂര്‍ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് അപ്പോഴൊരു സുഹൃത്താണ് പ്രകൃതിചികിത്സക്കാരനായ ഡോ. വര്‍മ്മയുടെ കാര്യം പറഞ്ഞത്. ഇടനെ ഭാര്യയേയും കൂട്ടി അദ്ദേഹത്തിന്റെ മൂഴിക്കുളത്തുള്ള ചികിത്സാലയത്തിലെത്തി. വര്‍മ്മയുടെ ചികിത്സകൊണ്ട് ഭാര്യയുടെ രോഗം പൂര്‍ണ്ണമായും മാറി. ഒട്ടും മടിച്ചില്ല കളമശേരിക്കടുത്തുള്ള സ്വന്തം പറമ്പില്‍ഏതാണ്ട് പത്തേക്കറോളം വ്യാപിച്ചുകിടക്കുന്ന ഒരു കുന്നില്‍ ആ പ്രകൃതി ചികിത്സാ കേന്ദ്രം തുടങ്ങി.
അത് വളര്‍ന്ന് നേച്ചുറോപ്പതി കോളേജ് വരെയായി. ഇതോടനുബന്ധിച്ച് ശാന്തിഗിരി എന്ന പേരില്‍ ഒരു വൃദ്ധ ഭവനം കൂടി പടുത്തുയര്‍ത്തി. കൊച്ചി സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായിരുന്ന ഡോ. എം. വി പൈലി, ഡോ. സി. കെ കരീം ഇവരൊക്കെ ചേര്‍ന്നുള്ള ഉപദേശകരുടെ പ്രേരണയാല്‍ ഇന്റല്‍ നാഷ്ണല്‍ ഹെല്‍ത്ത് സെന്റെര്‍ എന്ന ഒരു കമ്പനി തന്നെ രൂപീകരിച്ചു.

കുടുംബ ബന്ധങ്ങളില്‍ കെട്ടുറപ്പുണ്ടെന്ന് അവകാശപ്പെട്ടിരുന്ന കേരളത്തില്‍ വൃദ്ധഭവനങ്ങള്‍ വേണ്ടി വരുമെന്ന് ആദ്യമെ കണ്ടെത്തിയവരുടെ മുന്നില്‍ മൊയ്തീന്‍ സാഹിബ് ഉണ്ടായിരുന്നു.
വിദ്യാഭ്യാസമോ, ധനശേഷിയോ ഇല്ലാതിരുന്ന മൊയ്തീന്‍ നിരന്തര പരിശ്രമവും കര്‍മ്മശേഷിയും കൊണ്ട് താന്‍ കൈവെച്ച എല്ലാമേഖലകളിലും ഉന്നതവിജയം നേടി. സമൂഹിക സാംസ്‌ക്കാരിക രംഗത്തും നിറഞ്ഞുനിന്ന ഇദ്ദേഹം ഇരുപതിലേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 1996ല്‍ 78-ാമത്തെ വയസ്സില്‍ ലോകത്തോട് യാത്രപറയുമ്പോള്‍ വലിയൊരു വ്യവസായ ശ്രേണിയുടെ ഉടമയായിമാറിയിരുന്നു മൊയ്തീന്‍ സാഹിബ്.