12 Dec 2022 8:45 AM GMT
Summary
- കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രതിശീര്‍ഷവരുമാനം കണക്കാക്കിയതിലാണ് എറണാകുളം ആറാം സ്ഥാനം നേടിയത്
കൊച്ചി: 2019-20 ലെ കണക്കുകള്‍ പ്രകാരം പ്രതിശീര്‍ഷ വരുമാനത്തില്‍ ആറാം സ്ഥാനം നേടി എറണാകുളം. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രതിശീര്‍ഷവരുമാനം കണക്കാക്കിയതിലാണ് എറണാകുളം ആറാം സ്ഥാനം നേടിയത്. 3.16 ലക്ഷമാണ് ഇവിടത്തെ പ്രതിശീര്‍ഷ വരുമാനം. 5.42 ലക്ഷം പ്രതിശീര്‍ഷ വരുമാനവുമായി ബംഗളൂരുവാണ് ഒന്നാം സ്ഥാനത്ത്.
മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത ഉയര്‍ന്ന പ്രതിശീര്‍ഷവരുമാനമുള്ള 16 ജില്ലകളില്‍ അഞ്ച് ജില്ലകള്‍ കേരളത്തിലേതാണ്. എറണാകുളം (6ാം സ്ഥാനം ), ആലപ്പുഴ (7ാം സ്ഥാനം ), കൊല്ലം (10ാം സ്ഥാനം), കോട്ടയം (14ാം സ്ഥാനം), തൃശൂര്‍ ( 16ാം സ്ഥാനം). ആലപ്പുഴയ്ക്ക് 3.11 ലക്ഷവും, കൊല്ലത്ത് 2.85 ലക്ഷവും, കോട്ടയത്ത് 2.70 ലക്ഷവും, തൃശൂരില്‍ 2.57 ലക്ഷവുമാണ് പ്രതിശീര്‍ഷ വരുമാനം. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് തിരുവള്ളൂരും (ചെന്നൈ, 3.84 ലക്ഷം), മുന്നാം സ്ഥാനമുള്ളത് ദക്ഷിണ കന്നടയ്ക്കും ( 3.72 ലക്ഷം) ആണ്. നാലും അഞ്ചും സ്ഥാനം കോയമ്പത്തൂരിനും (3.35), ഈറോഡിനും ( 3.17) ആണ്.
പ്രതിശീര്‍ഷ വരുമാനം എന്നാല്‍ എന്ത്?
ഒരു പ്രദേശത്തെ ജനങ്ങളുടെ വരുമാനം പ്രതിഫലിപ്പിക്കുന്ന സൂചികയാണ് പ്രതിശീര്‍ഷ വരുമാനം. ഒരു രാജ്യത്തിലെ അല്ലെങ്കില്‍ പ്രദേശത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (GDPsb) മൊത്തം ജനസംഖ്യകൊണ്ട് ഹരിച്ചാണ് പ്രതിശീര്‍ഷ വരുമാനം കണക്കാക്കുന്നത്. എന്നാല്‍ ഇത് രാജ്യത്തെ ജനങ്ങളുടെ യഥാര്‍ത്ഥ സാമ്പത്തിക ശേഷി പ്രതിഫലിപ്പിക്കുന്നില്ല. പ്രത്യേകിച്ച് ഇന്ത്യ പോലെ ധനികരും പാവപ്പെട്ടവരും തമ്മില്‍ വന്‍ അന്തരം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍.