image

12 Dec 2022 9:15 AM GMT

Kerala

വിഴിഞ്ഞം തുറമുഖം സാധ്യമായാല്‍ കേരളം മാനുഫാക്ചറിംഗ് ഹബ്ബായി മാറും; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

MyFin Bureau

vizhinjam manufacturing hub made in kerala awards
X

Summary

  • ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ പ്രഥമ മെയ്ഡ് ഇന്‍ കേരള അവാര്‍ഡ് കൊച്ചിയില്‍ വിതരണം ചെയ്തു ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ പ്രഥമ മെയ്ഡ് ഇന്‍ കേരള അവാര്‍ഡ് കൊച്ചിയില്‍ വിതരണം ചെയ്തു


കൊച്ചി: വിഴിഞ്ഞം തുറമുഖം സാധ്യമായാല്‍ കേരളം മാനുഫാക്ചറിംഗ് ഹബ്ബായി മാറുമെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പോര്‍ട്ടിനൊപ്പം അനുബന്ധ വികസനം കൂടി അതിവേഗം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സില്‍ പ്രഥമ മെയ്ഡ് ഇന്‍ കേരള അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി. വിഴിഞ്ഞം മുതല്‍ പാരിപ്പള്ളി വരെ പുതിയ ഡെവലപ്മെന്റ് സോണ്‍ സാധ്യമാകുന്നതോടെ 60,000 കോടിയുടെ നിക്ഷേപം വരുമെന്നാണ് പ്രതീക്ഷ. ഇതോടെ ഓട്ടൊമൊബൈല്‍ രംഗത്ത് കേരളത്തിന് ഏറെ നേട്ടം കൊയ്യാനാകും.

സംരംഭകരാകാനുള്ള മാനസികാവസ്ഥ കേരളീയര്‍ക്ക് നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. കോവിഡ് കഴിഞ്ഞുള്ള സാമ്പത്തിക തകര്‍ച്ച മറികടക്കുന്നത് ഏറെ ക്ലേഷകരമാണ്. മൂല്യവര്‍ധിത ഉത്പന്നങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. കേരളത്തിലേക്ക് വരുന്ന ഉത്പന്നങ്ങളില്‍ ചെറിയ ശതമാനമെങ്കിലും കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയും.

നിലവിലുള്ള ട്രേഡ് ഗ്യാപ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വ്യവസായ വാണിജ്യ മേഖലയില്‍ നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്‌ക്കൊപ്പം കേരളവും വികസിക്കുകയാണെന്നും ജോലി തേടുന്നവരെക്കാള്‍ ജോലി നല്‍കുന്നവരായി മലയാളികള്‍ മാറണമെന്ന് ജസ്റ്റിസ് എന്‍ നഗരേഷ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

അസാധാരണമായ പ്രവര്‍ത്തന മികവ് പ്രദര്‍ശിപ്പിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും മറ്റുള്ളവര്‍ക്ക് കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രചോദനം നല്‍കാനും വഴിയൊരുക്കുന്നതാണ് ഫിക്കി സ്റ്റേറ്റ് കൗണ്‍സിലിന്റെ അഭിമാന പദ്ധതിയെന്ന് വ്യവസായമന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.

വേണു രാജാമണി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എംഡി മധു എസ് നായര്‍, ലോക്നാഥ് ബെഹ്റ, ബിബു പുന്നൂരാന്‍, ആന്റണി കൊട്ടാരം, വി.സി റിയാസ്, അലക്സ് നൈനാന്‍, ഫിക്കി കേരള മേധാവി സാവിയോ മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.