image

29 Nov 2022 10:25 AM GMT

Business

ഊരാളുങ്കൽ സഹകരണ സംഘം: സാമ്പത്തിക റിസ്ക് പ്രൊഫൈൽ 'ശരാശരിയിലും താഴെ'

C L Jose

ഊരാളുങ്കൽ സഹകരണ സംഘം: സാമ്പത്തിക റിസ്ക് പ്രൊഫൈൽ ശരാശരിയിലും താഴെ
X

Summary

  • 2022 സാമ്പത്തിക വർഷത്തിൽ 1,358.82 കോടി രൂപയുടെ പ്രവർത്തന വരുമാനം ഉണ്ടായിട്ടും, കമ്പനിയുടെ അറ്റാദായം വെറും 4.33 കോടി രൂപ മാത്രമായിരുന്നു.
  • 2022 മാർച്ച് 31 വരെ, ഊരാളുങ്കല്‍ സൊസൈറ്റിക്ക് സേവന സഹകരണ സംഘങ്ങളിൽ നിന്ന് 1,450.43 കോടി രൂപ സ്ഥിരനിക്ഷേപവും പൊതുജനങ്ങളിൽ നിന്ന് 566.72 കോടി ഹ്രസ്വകാല നിക്ഷേപങ്ങളും, 1182 കോടി രൂപയുടെ ബാങ്ക് വായ്പയും ഉണ്ട്;


തിരുവനന്തപുരം: വളരെ കൊട്ടിഘോഷിക്കപ്പെടുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ULCCS) തൊഴിലാളികളുടെ സഹകരണ സംഘം എന്ന് വിളിക്കപ്പെടാൻ എത്രത്തോളം അർഹമാണ് എന്ന് ചിന്തിപ്പിക്കുന്നതാണ് മുംബൈ ആസ്ഥാനമായുള്ള പ്രശസ്ത റേറ്റിംഗ് ഏജൻസിയായ അക്യൂട്ട് റേറ്റിംഗ്സ് ആൻഡ് റിസർച്ച് തയ്യാറാക്കിയ റിപ്പോർട്ട്.

ജീവനക്കാരുടെ ഉടമസ്ഥതയിൽ നടത്തുന്ന വിജയകരമായ ഒരു സഹകരണ സംഘത്തിന്റെ 'റോൾ മോഡൽ' ആയി ചരിത്രപരമായി യുഎൽസിസിഎസ് പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും, സംഘത്തിന്റെ ഇഷ്യൂ ചെയ്ത ഓഹരികളുടെ 74.67 ശതമാനം കേരള സർക്കാരിന്റെ കൈവശമാണെന്നാണ് അക്യൂട്ട് റേറ്റിംഗ്സ് വ്യക്തമാക്കുന്നത്. സംഘത്തിൽ 25.33 ശതമാനത്തിന്റെ ന്യൂനപക്ഷ ഓഹരികൾ മാത്രമാണ് തൊഴിലാളികൾക്ക് മൊത്തത്തിൽ ഉള്ളതെന്ന് ഇത് കാണിക്കുന്നു.

കേരളത്തിലെ സർവ്വവ്യാപിയായ ഈ കരാർ കമ്പനി അതിന്റെ അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോൾ ആനുപാതികമല്ലാത്ത വലിയ ബാധ്യതകൾ തലയിലേറ്റിയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇത് സംഘത്തെ വളരെ വിഷമകരമായ ഒരു നിലയിലേക്കാണ് നയിക്കുന്നത്.

സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, കമ്പനി അതിന്റെ മൂലധനം സുസ്ഥിരമല്ലാത്ത തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്; മൂലധന അടിത്തറ ഉയർത്തിയില്ലെങ്കിൽ കമ്പനിയുടെ മുന്നോട്ടുള്ള പോക്ക് കഠിനമായിരിക്കുമെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.

അക്യൂട്ട് റേറ്റിംഗ്സ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2022 മാർച്ച് 31 വരെ, ഊരാളുങ്കല്‍ സൊസൈറ്റിക്ക് സേവന സഹകരണ സംഘങ്ങളിൽ നിന്ന് 1,450.43 കോടി രൂപ സ്ഥിരനിക്ഷേപവും പൊതുജനങ്ങളിൽ നിന്ന് 566.72 കോടി ഹ്രസ്വകാല നിക്ഷേപങ്ങളും, 1182 കോടി രൂപയുടെ ബാങ്ക് വായ്പയും ഉണ്ട്; എന്നാൽ, സംഘത്തിന്റെ മൊത്തം ആസ്തി 370.76 കോടി രൂപ മാത്രമാണ്.

എന്നിരുന്നാലും, സൊസൈറ്റിക്കു 550 പ്രോജക്ടുകളിലായി 4,052 കോടി രൂപ വിലമതിക്കുന്ന ശക്തമായ ഓർഡർ ബുക്ക് ഉണ്ട്.

ദുർബലമായ കവറേജ് സൂചകങ്ങളും ലിവറേജ് മൂലധന ഘടനയും മൂലം യുഎൽസിസിയുടെ സാമ്പത്തിക റിസ്ക് പ്രൊഫൈൽ ശരാശരിയേക്കാൾ വളരെ താഴെയാണെന്ന് റേറ്റിംഗ് ഏജൻസി പറയുന്നു.

2022 മാർച്ച് 31-ൽ സംഘത്തിന്റെ ഗിയറിങ് (ഡെറ്റ്‌ /ഇക്വിറ്റി റേഷ്യോ) 8.96 തവണയാണ് (2021 മാർച്ച് 31 ലെ കണക്കനുസരിച്ച് 6.70 മടങ്ങ്). മൊത്തം ആസ്തിക്ക് പുറത്തുള്ള മൊത്തം ബാധ്യതകൾ (TOL/TNW) 2022 മാർച്ച് 31 ലെ കണക്കനുസരിച്ച് വളരെ ഉയർന്നു 9.86 തവണയിലെത്തിരിക്കുന്നു. 2021 മാർച്ച് 31 നു അത് 8 തവണയായിരുന്നതായി ഏജൻസി അഭിപ്രായപ്പെട്ടു.

(ഒരു സ്ഥാപനം അതിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ഓഹരി മൂലധനത്തിനപ്പുറം പുറത്ത് നിന്ന് ഫണ്ടുകൾ ശേഖരിക്കുന്നതിന്റെ അനുപാതമാണ് ഗിയറിംഗ്.)

യുഎൽസിസി-ന്റെ ഡെറ്റ്‌/എബിറ്റ്ഡ (debt/ebitda) അനുപാതം 2021 മാർച്ച് 31-ലെ 10.59 തവണയിൽ നിന്ന് 2022 മാർച്ച് 31-ൽ 11.09 തവണയായി കുതിച്ചുയർന്നതായും അക്യൂട്ട് റേറ്റിംഗ്സ് വ്യക്തമാക്കുന്നു.

കൂടാതെ, സംഘത്തിന്റെ ഡെറ്റ് പ്രൊട്ടക്ഷൻ മെട്രിക്‌സും ദുർബലമാണെന്ന് റേറ്റിംഗ് ഏജൻസി പറയുന്നുണ്ട്. 2022 മാർച്ച് 31-ൽ യുഎൽസിസി-ന്റെ ഇന്ററസ്റ് കവറേജ് റേഷ്യോ (ICR) 1.12 മടങ്ങും നെറ്റ് ക്യാഷ് അക്രൂവൽസ് ടു ടോട്ടൽ ഡെറ്റ്‌ (NCA/TD) 0.01 മടങ്ങുമായിരുന്നു. (ഈ അനുപാതങ്ങൾ പലിശ ചെലവുകൾ അടയ്ക്കുന്നതിനുള്ള ഒരു കമ്പനിയുടെ കാര്യക്ഷമത അളക്കാൻ സഹായിക്കുന്നു.)

പൊതുജനങ്ങളിൽ നിന്ന് യുഎൽസിസി ശേഖരിക്കുന്ന ഉയർന്ന ഹ്രസ്വകാല നിക്ഷേപങ്ങൾ കാരണം സംഘത്തിന്റെ ഡെറ്റ്-സർവീസ് കവറേജ് റേഷ്യോ (DSCR) കുറവാണ്.

പൊതുനിക്ഷേപത്തിന്റെ 90 ശതമാനവും പലിശയും കഴിഞ്ഞ ഏതാനും വർഷങ്ങളായി നിക്ഷേപകർ വീണ്ടും നിക്ഷേപിക്കാറുണ്ടെന്നു മാനേജ്‌മെന്റ് സമ്മതിച്ചു. കൂടാതെ, കാലക്രമേണയായി വർധിച്ചു വരുന്ന സ്ഥിര നിക്ഷേപങ്ങൾ (FD) കുറഞ്ഞ ചെലവിൽ പ്രവർത്തനങ്ങൾക്കുള്ള ധനം സ്വരൂപിക്കാനും സംഘത്തെ സഹായിച്ചിട്ടുണ്ട്.

ഒരു സഹകരണ സൊസൈറ്റി എന്ന നിലയിൽ, യുഎൽസിസി അതിന്റെ അംഗങ്ങളായ തൊഴിലാളികൾക്ക് എല്ലാ വർഷവും ബോണസ് രൂപത്തിൽ ലാഭം വിതരണം ചെയ്യുകയും കുറഞ്ഞ പ്രവർത്തന മാർജിൻ നിലനിർത്തുകയും ചെയ്യുന്നുണ്ട്.

ഇത് അടിസ്ഥാനപരമായി ഊരാളുങ്കല്‍ സൊസൈറ്റിയുടെ അറ്റാദായം വളരെ കുറയ്ക്കാൻ ഇടയാക്കി. 2022 സാമ്പത്തിക വർഷത്തിൽ 1,358.82 കോടി രൂപയുടെ പ്രവർത്തന വരുമാനം ഉണ്ടായിട്ടും, കമ്പനിയുടെ അറ്റാദായം വെറും 4.33 കോടി രൂപ മാത്രമായിരുന്നു.