image

26 Oct 2022 1:34 AM GMT

Technology

ബൈജൂസ് തിരുവനന്തപുരത്തെ പ്രവർത്തനം നിർത്തുന്നു,ജീവനക്കാരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു

James Paul

ബൈജൂസ് തിരുവനന്തപുരത്തെ പ്രവർത്തനം നിർത്തുന്നു,ജീവനക്കാരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു
X

Summary

രാജ്യത്തെ പ്രമുഖ എഡ്യൂ  ടെക്   കമ്പനിയായ ബൈജൂസ് കേരളത്തിലെ പ്രവർത്തനം  അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. തിരുവനന്തപുരം  ടെക്‌നോപാർക്കിലുള്ള കമ്പനിയുടെ വികസന കേന്ദ്രത്തിൽ നിന്ന്  ജീവനക്കാരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മുൻകൂർ അറിയിപ്പും നൽകാതെയാണ് പിരിച്ചു വിടാൻ കമ്പനി  തീരുമാനിച്ചതെന്ന് ജീവനക്കാർ പറയുന്നു. 170 സ്ഥിരം സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരോടാണ് രാജി വെക്കാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽ ബൈജുസിന്റെ പ്രവർത്തനം നിർത്തുന്നതിനാൽ രാജി വെക്കുക, ഇല്ലെങ്കിൽ പുറത്താക്കാൻ നിർബന്ധിതരാകും എന്ന് കമ്പനി ഇ- മെയിൽ സന്ദേശം നൽകിയെന്ന് ജീവനക്കാർ പറയുന്നു. ബൈജുവിന്റെ മാനേജ്‌മെന്റ് ജീവനക്കാരെ രാജിവെക്കാൻ നിർബന്ധിക്കുകയാണെന്ന് ടെക്‌നോപാർക്ക് ജീവനക്കാരുടെ […]


രാജ്യത്തെ പ്രമുഖ എഡ്യൂ ടെക് കമ്പനിയായ ബൈജൂസ് കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. തിരുവനന്തപുരം ടെക്‌നോപാർക്കിലുള്ള കമ്പനിയുടെ വികസന കേന്ദ്രത്തിൽ നിന്ന് ജീവനക്കാരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മുൻകൂർ അറിയിപ്പും നൽകാതെയാണ് പിരിച്ചു വിടാൻ കമ്പനി തീരുമാനിച്ചതെന്ന് ജീവനക്കാർ പറയുന്നു.

170 സ്ഥിരം സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരോടാണ് രാജി വെക്കാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽ ബൈജുസിന്റെ പ്രവർത്തനം നിർത്തുന്നതിനാൽ രാജി വെക്കുക, ഇല്ലെങ്കിൽ പുറത്താക്കാൻ നിർബന്ധിതരാകും എന്ന് കമ്പനി ഇ- മെയിൽ സന്ദേശം നൽകിയെന്ന് ജീവനക്കാർ പറയുന്നു.

ബൈജുവിന്റെ മാനേജ്‌മെന്റ് ജീവനക്കാരെ രാജിവെക്കാൻ നിർബന്ധിക്കുകയാണെന്ന് ടെക്‌നോപാർക്ക് ജീവനക്കാരുടെ കമ്മ്യൂണിറ്റി മീഡിയ പ്ലാറ്റ്‌ഫോമായ ‘ടെക്‌നോപാർക്ക് ടുഡേ’ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് തങ്ങളുടെ തിരുവനന്തപുരത്തെ ടെക്‌നോപാർക്ക് ഓഫീസ് അടച്ചുപൂട്ടി ജീവനക്കാരെ രാജിവയ്ക്കാൻ നിർബന്ധിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

“തിരുവനന്തപുരം ടെക്നോ പാർക്കിലെ ബൈജുസ് ആപ്പിലെ ജീവനക്കാർ ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന പ്രതിധ്വനിയുടെ ഭാരവാഹികൾക്കൊപ്പം എന്നെ വന്നു കണ്ടിരുന്നു. തൊഴിൽ നഷ്ടമടക്കം നിരവധി പരാതികൾ ജീവനക്കാർക്കുണ്ട്. ഇക്കാര്യത്തിൽ ഗൗരവകരമായ പരിശോധന തൊഴിൽ വകുപ്പ് നടത്തും”, മന്ത്രിയുടെ പോസ്റ്റിൽ പറയുന്നു.

ടെക്‌നോപാർക്കിലെ കമ്പനിയുടെ കേന്ദ്രത്തിൽ 170-ലധികം ജീവനക്കാരാണ് നിലവിൽ ജോലിചെയ്യുന്നത്. ടെക്‌നോപാർക്കിലെ ഐടി ജീവനക്കാരുടെ സംഘടനയായ ‘പ്രതിധ്വനി’ കഴിഞ്ഞയാഴ്ച തൊഴിൽ മന്ത്രി വി ശിവൻകുട്ടിയെ സന്ദർശിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടത്.

ചൊവ്വാഴ്ച ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ജീവനക്കാരും പ്രതിധ്വനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ജീവനക്കാരുടെ പരാതികൾ പരിഹരിക്കാൻ കമ്പനിയുമായി ഉടൻ ചർച്ച നടത്താൻ തീരുമാനിച്ചു. വിശദീകരണം നൽകാൻ കമ്പനിക്ക് സംസ്ഥാന സർക്കാർ നോട്ടീസും നൽകിയിട്ടുണ്ട്.

ജീവനക്കാരെ വെട്ടികുറയ്ക്കുന്നു

“രാജ്യവ്യാപകമായി കമ്പനിയിലെ 2,500-ലധികം ജീവനക്കാരോട് രാജിവെക്കാൻ പറഞ്ഞതായി അറിയുന്നു. കമ്പനിയുടെ നയങ്ങളിൽ വന്ന മാറ്റം കാരണം ആപ്പിന്റെ വികസനം നിർത്താനും രാജ്യമെമ്പാടും ഓഫ്‌ലൈൻ ട്യൂഷൻ പ്രോഗ്രാം ആരംഭിക്കാനും സാധ്യതയുണ്ട്. അതിന്റെ ഭാഗമായി അധ്യാപകരെ നിയമിക്കുന്നതിനുള്ള തിരക്കിലാണ് ഇവർ. എന്നാൽ ഇവിടെ, പല ജീവനക്കാരും പരിഭ്രാന്തിയിലാണ്, അവർക്ക് മറ്റൊരു ജോലി കണ്ടെത്താൻ മതിയായ സമയമില്ല, ”ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ പറഞ്ഞു.

ഒക്ടോബറിലെ ശമ്പളം നവംബർ ഒന്നിന് നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ജീവനക്കാർ ഉന്നയിച്ചത്. 2022 നവംബർ മുതൽ 2023 ജനുവരി 31 വരെയുള്ള വരാനിരിക്കുന്ന മൂന്ന് മാസത്തേക്കുള്ള ശമ്പളത്തിന്റെ ഒറ്റത്തവണ തീർപ്പാക്കൽ; ഓരോ ജീവനക്കാരനും ബാധകമായത് പോലെ വേരിയബിൾ പേയുടെ മുഴുവൻ സെറ്റിൽമെൻറ് എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.

രാജ്യത്തെ തൊഴിലാളികളുടെ സംഖ്യ 5% കുറയ്ക്കാൻ കമ്പനി തീരുമാനിച്ചതായി ബൈജൂസിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. ജീവനക്കാരോട് സ്വയം രാജിവെക്കാൻ ആവശ്യപ്പെട്ടതും അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാർക്ക് ബാംഗ്ലൂരുവിലേക്ക് മാറാം

കമ്പനിയുടെ വക്താവ് പറയുന്നതനുസരിച്ച്, ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകാനുള്ള എല്ലാ ശ്രമങ്ങളും ബൈജൂസ് നടത്തുന്നുണ്ട്. “ഞങ്ങൾ തിരുവനന്തപുരത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമ്പോൾ, മുഴുവൻ ടീമിനും ബെംഗളൂരുവിലേക്ക് മാറാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു. ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ ഞങ്ങൾ അവർക്ക് ഒരു മാസത്തിലധികം സമയം നൽകിയിട്ടുണ്ട്. അവർ തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയാണെങ്കിൽ, ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ, ഔട്ട്‌പ്ലേസ്‌മെന്റ് സേവനങ്ങൾ, ഗാർഡൻ ലീവ് എന്നിവയുൾപ്പെടെ, ഉദാരവും പുരോഗമനപരവുമായ എക്‌സിറ്റ് പാക്കേജ് ഞങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്,” വക്താവ് പറഞ്ഞു.

ബൈജൂസ് 2021 സാമ്പത്തിക വർഷത്തിൽ ₹4,588 കോടിയുടെ നഷ്ടം രേഖപ്പെടുത്തി. 2023 മാർച്ചോടെ ലാഭകരമാക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ബൈജൂസ് ഒക്ടോബർ 12-ന് പ്രഖ്യാപിച്ചിരുന്നു.

നിലവിൽ 22 ബില്യൺ ഡോളറാണ് ബൈജുവിന്റെ മൂല്യം. 2021 സാമ്പത്തിക വർഷത്തിലെ 4,588 കോടി രൂപയുടെ നഷ്ടം മുൻവർഷത്തേക്കാൾ 19 മടങ്ങ് കൂടുതലാണ്. മുൻ സാമ്പത്തിക വർഷത്തിലെ 231.69 കോടി രൂപയിൽ നിന്ന് 2020-21 കാലയളവിൽ നഷ്ടം വർദ്ധിച്ചു. 2020 സാമ്പത്തിക വർഷത്തിലെ 2,511 കോടി രൂപയിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ 2,428 കോടി രൂപയായി വരുമാനം കുറഞ്ഞു.

ബൈജൂസ് പറയുന്നതനുസരിച്ച്, അവർ ഏറ്റെടുത്ത വൈറ്റ്ഹാറ്റ് ജൂനിയറിൽ നിന്നുള്ള വരുമാനം കുറഞ്ഞതും നഷ്ടം കൂടിയതുമാണ് 2021 സാമ്പത്തിക വർഷത്തിൽ നഷ്ടം വർദ്ധിക്കാൻ കാരണമായത്. നിലവിൽ 50,000 ജീവനക്കാരാണ് ബൈജൂസിനുള്ളത്. 23 സാമ്പത്തിക വർഷത്തിൽ ലാഭകരമാകുന്നതിന്, കമ്പനി 5%, അതായത് 2,500 പേരെ ഘട്ടംഘട്ടമായി പിരിച്ചുവിടുമെന്ന് അരിയുന്നു.

2011-ൽ ബൈജു രവീന്ദ്രൻ സ്ഥാപിച്ച, ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള എഡ്‌ടെക് സ്റ്റാർട്ടപ്പിന് ധനസഹായം നൽകുന്നത് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ്, ടൈഗർ ഗ്ലോബൽ, ജനറൽ അറ്റ്‌ലാന്റിക് തുടങ്ങിയ പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളാണ്.