18 May 2023 6:49 AM GMT
Summary
- ലക്ഷങ്ങൾ കയ്യിലെത്തുന്നത് എസ്‌ഐപി, പിപിഎഫ് വഴി
- പ്രതീക്ഷിക്കുന്ന റിട്ടേണ്‍ 15 ശതമാനം
- 7.1% വാര്‍ഷിക പലിശ ലഭിക്കുന്ന പിപിഎഫ്
- പി പി എഫ് പ്രതിവർഷ നിക്ഷേപ പരിധി 1.50ലക്ഷം രൂപ
ചെറു പ്രായത്തിലെ നിക്ഷേപം തുടങ്ങിയാല്‍ സമ്പാദിക്കാന്‍ സാധിക്കുന്നത് ലക്ഷങ്ങളും കോടികളുമാണ്. അടിച്ചു പൊളിക്കുന്ന തുകയില്‍ നിന്ന് ദിവസം 50 രൂപ മാറ്റിവെയ്ക്കാന്‍ സാധിക്കുമെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ എസ്‌ഐപി വഴിയും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് വഴിയും ലക്ഷങ്ങളാണ് കൈകളിലെത്താന്‍ പോകുന്നത്. ഇതിനുള്ള നിക്ഷേപം ഓരോരുത്തരും സ്വയം അറിഞ്ഞ് ചെയ്യേണ്ടതുണ്ട്.
പ്രതിദിനം 50 രൂപ ലാഭിക്കുകയും പ്രതിമാസം മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി സ്‌കീമില്‍ നിക്ഷേപിക്കുകയും ചെയ്യുന്നത് വഴി നിക്ഷേപകന് വിരമിക്കല്‍ പ്രായമാകുമ്പോഴേക്കും നല്ലൊരു തുക സമ്പാദ്യമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.
പ്രതിദിനം 50 രൂപ ലാഭിക്കാന്‍ തുടങ്ങിയാല്‍ മാസാവസാനം അയാള്‍ക്ക് 1500 രൂപ ലഭിക്കും. ഈ തുക നല്ലൊരു ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കാം. ഇതിന് എസ്‌ഐപി രീതി തിരഞ്ഞെടുക്കാം.
25 വയസില്‍ ജോലി ലഭിക്കുകയാണെങ്കില്‍ വിരമിക്കല്‍ കാലത്തേക്ക് 35 വര്‍ഷം നിക്ഷേപിക്കാന്‍ സമയം ലഭിക്കും. പ്രതിമാസം 1500 രൂപയുടെ എസ്‌ഐപി 35 വര്‍ഷത്തേക്ക് ചെയ്താല്‍ 2.22 കോടി രൂപയാണ് സമ്പാദ്യം. 6.30 ലക്ഷം നിക്ഷേപിച്ചതു വഴിയാണ് കോടികള്‍ സമ്പത്തുണ്ടാക്കുന്നത്. 15 ശതമാനമാണ് വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന റിട്ടേണ്‍.
നിക്ഷേപ കാലയളവ് അല്‍പ്പം കുറച്ച് 30 വര്‍ഷമാക്കിയാല്‍ 1,05 കോടി രൂപ നേടാനാകും. 5.40 ലക്ഷമാണ് ഇക്കാലത്ത് എസ്‌ഐപി വഴി നിക്ഷേപിച്ചത്. 25 വര്‍ഷം നിക്ഷേപിച്ചാല്‍ 49,26,111 രൂപ ഉണ്ടാക്കാം. നിക്ഷേപം വെറും 4.50 ലക്ഷം രൂപ. 25 വയസില്‍ തുടങ്ങിയ നിക്ഷേപം 45ാം വയസില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ 20 വര്‍ഷം പണം വളരും. 22,73,932 രൂപയുമായി നിക്ഷേപം അവസാനിപ്പിക്കാം. 3.60 ലക്ഷമാണിവിടെ നിക്ഷേപം.
പിപിഎഫ് കാല്‍ക്കുലേറ്റര്‍
വിപണിയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കാരണം മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍ അപകടസാധ്യതയുള്ളതിനാല്‍ നിക്ഷേപകര്‍ക്ക് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് പോലുള്ള ഗ്യാരണ്ടീഡ് സ്‌കീമുകളെ ആകര്‍ഷിക്കാം. ദിവസം 50 രൂപ നീക്കിവെച്ച് മാസം 1500 രൂപ ഒരു പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ കോടികള്‍ നേടാന്‍ സാധിക്കുമോ എന്നതാണ് ചോദ്യം.
പ്രതിമാസം 1500 രൂപ നിക്ഷേപിച്ചാല്‍ 15 വര്‍ഷത്തിന് ശേഷം 4,88,185 രൂപ ലഭിക്കും. നിക്ഷേപം 2.70 ലക്ഷം രൂപ. 20 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 3.60 ലക്ഷത്തിന്റെ നിക്ഷേപം 7,98,995 രൂപയായി വളരും.
25 വര്‍ഷം മുടങ്ങാതെ 1500 രൂപ നിക്ഷേപിച്ചാല്‍ 12,36,962 രൂപ നേടാനാകും. ഇവിടെ നിക്ഷേപം 4.50 ലക്ഷം രൂപയാണ്. 30 വര്‍ഷമാകുമ്പോള്‍ 18,54,109 രൂപയായി സമ്പാദ്യം വളരും.
40 വര്‍ഷത്തിനുള്ളില്‍ ഏകദേശം 39 ലക്ഷം രൂപയും 45 വര്‍ഷത്തില്‍ 56 ലക്ഷം രൂപയും നേടാം. 45 വര്‍ഷം നിക്ഷേപിക്കാന്‍ 15 വയസു മുതല്‍ പിപിഎഫില്‍ നിക്ഷേപിക്കേണ്ടാതായി വരും. 7.1% വാര്‍ഷിക പലിശ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ സമ്പാദ്യം ലഭിക്കുന്നത്.
പിപിഎഫ് പലിശ നിരക്ക് ഓരോ പാദത്തിലും സര്‍ക്കാര്‍ പരിഷ്‌കരിക്കുന്നു. ഈ അക്കൗണ്ട് 15 വര്‍ഷത്തിനുള്ളില്‍ പക്വത പ്രാപിക്കുമ്പോള്‍, നിക്ഷേപകര്‍ക്ക് അവരുടെ കാലാവധി 5 വര്‍ഷത്തെ ബ്ലോക്കുകളില്‍ അവര്‍ ആഗ്രഹിക്കുന്നിടത്തോളം വര്‍ധിപ്പിക്കാന്‍ അനുവാദമുണ്ട്. നിക്ഷേപിക്കാന്‍ പ്രായപരിധിയില്ല. എന്നാല്‍ 1.50ലക്ഷം രൂപയാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുക.