11 Aug 2023 6:40 AM GMT
Summary
- ഏറ്റവും പ്രധാനമായിട്ടുള്ളത് സമാധാനത്തോടെയുള്ള വാര്‍ധക്യത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്നതാണ്
- റിസ്‌ക് കുറഞ്ഞതും, സുരക്ഷിതത്വം നല്‍കുന്നതുമായ നിക്ഷേപങ്ങളാണ് പൊതുവേ മുതിര്‍ന്നവര്‍ക്ക് താല്‍പ്പര്യം
വാര്‍ധക്യത്തിലേക്ക് എത്തുന്നതോടെ ഇനിയൊന്നും ചെയ്യാനില്ലെന്നോ ആവശ്യങ്ങളില്ലെന്നോ കരുതരുത്. മരുന്ന്, ആശുപത്രി ചെലവുകള്‍, ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് ഒരു യാത്ര, കൂട്ടുകാരുമായി ഒത്തു കൂടല്‍.... അങ്ങനെ അങ്ങനെ ചെലവുകളുള്ളതും അല്ലാത്തതുമായ ഒട്ടേറെ കാര്യങ്ങളുണ്ട്. എങ്കിലും ഏറ്റവും പ്രധാനമായിട്ടുള്ളത് സമാധാനത്തോടെയുള്ള വാര്‍ധക്യത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്നതാണ്. കൈവശം ആവശ്യത്തിനു പണമുണ്ടെങ്കില്‍ സേവനങ്ങള്‍ എല്ലാം വിരല്‍ത്തുമ്പില്‍ ലഭിക്കും. ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ സമ്പാദ്യ, നിക്ഷേപ പദ്ധതികളും മറ്റു നടപടികളും ലഭ്യമാക്കിയിട്ടുണ്ട്. അതു ഫലപ്രദമായി ഉപയോഗിക്കുകയേ വേണ്ടൂ. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്ന ചില കാര്യങ്ങളിതാ.
ഉയര്‍ന്ന പലിശ
റിസ്‌ക് കുറഞ്ഞതും, സുരക്ഷിതത്വം നല്‍കുന്നതുമായ നിക്ഷേപങ്ങളാണ് പൊതുവേ മുതിര്‍ന്നവര്‍ക്ക് താല്‍പ്പര്യം. ബാങ്കുകളിലെ സ്ഥിര നിക്ഷേപം,സേവിങ് ബാങ്ക് അക്കൗണ്ട്, റെക്കറിംഗ് ഡെപ്പോസിറ്റ് എന്നിവയൊക്കെ അക്കൂട്ടത്തില്‍ പെടുന്നതാണ്. ഇത്തരം നിക്ഷേപങ്ങള്‍ക്ക് സാധാരണ പൗരന്മാര്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ പലിശ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും. ഇത് അധിക വരുമാനമായി ഉപയോഗിക്കാം.
നിക്ഷേപ പദ്ധതികള്‍
നാഷണല്‍ പെന്‍ഷന്‍ പദ്ധതി, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം, പ്രധാന്‍മന്ത്രി വയ വന്ദന്‍ യോജന എന്നിവയെല്ലാം മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്യമായി വരുമാനമുറപ്പാക്കുന്ന നിക്ഷേപ പദ്ധതികളാണ്.
ആരോഗ്യ ഇന്‍ഷുറന്‍സ്
പ്രായം കൂടുന്തോറും ആരോഗ്യ പ്രശ്നങ്ങളും കൂടും. അതിനൊപ്പം ആശുപത്രി ചെലവും കൂടും. മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക പോളിസികള്‍ നല്‍കുന്നുണ്ട്. ഇതുവഴി ആശുപത്രി ചെലവുകള്‍ക്ക് സാമ്പത്തിക പിന്തുണ ലഭിക്കും.
പൊതു ഗതാഗതം
രാജ്യത്ത് മിക്കയിടങ്ങളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് സീറ്റ് റിസര്‍വേഷനും, യാത്ര ചെലവില്‍ ഇളവുമൊക്കെ അനുവദിക്കുന്നുണ്ട്. അതും മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് ചെലവ് ചുരുക്കലിനും സുരക്ഷിത യാത്രയ്ക്കും അവസരം നല്‍കും.
നികുതിയിളവുകള്‍
മുതിര്‍ന്ന പൗരന്മാര്‍ക്ക് നികുതിയിളവുകള്‍ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. ആശുപത്രി ചെലവുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം, ചില നിക്ഷേപങ്ങള്‍ എന്നിവയ്ക്കൊന്നും മുതിര്‍ന്ന പൗരന്മാര്‍ നികുതി നല്‍കേണ്ടതില്ല.
ബാങ്കിംഗ് സേവനങ്ങള്‍ക്ക് ബാങ്കില്‍ പോകണ്ട
സാങ്കേതിക വിദ്യകള്‍ വളര്‍ന്നതിനനുസരിച്ച് ബാങ്കിംഗ് ഉള്‍പ്പെടെയുള്ള സാമ്പത്തിക മേഖലകളെയും അത് സ്വാധീനിച്ചിട്ടുണ്ട്. മിസ്ഡ് കോള്‍ അടിച്ചാല്‍ ബാലന്‍സ് അറിയാനും, ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്താനും കഴിയും. ആര്‍ബിഐ പ്രായമായവര്‍ക്കും, വികലാംഗര്‍ക്കും ഡോര്‍സ്റ്റെപ് സേവനങ്ങള്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഠിക്കാന്‍ അല്പം മനസുവച്ചാല്‍ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള സാങ്കേതികവിദ്യകള്‍ ആര്‍ക്കും പഠിച്ചെടുക്കാം.
പക്ഷേ, സൂക്ഷിച്ചില്ലെങ്കില്‍ പണം പോകാനും വഴിയുണ്ട്. ഒടിപി ആവശ്യപ്പെട്ടോ, പാസ് വേഡ്, പിന്‍ നമ്പര്‍, കെവൈസി രേഖകള്‍ എന്നിവ ആവശ്യപ്പെട്ടൊക്കെ മെസേജുകളോ ഫോണ്‍ കോളുകളോ വരാം. അങ്ങനെ വരുന്ന സന്ദേശങ്ങളും കോളുകളും വ്യാജമാണോയെന്ന് പരിശോധിച്ചതിനുശേഷമേ വിവരങ്ങള്‍ കൈമാറാവു.