image

28 Jan 2024 4:30 AM GMT

Investments

ആര്‍ഡിക്ക് ആരു തരും ഉയര്‍ന്ന പലിശ? ഈ നിരക്കുകളൊന്ന് നോക്കാം

MyFin Desk

ആര്‍ഡിക്ക് ആരു തരും ഉയര്‍ന്ന പലിശ? ഈ നിരക്കുകളൊന്ന് നോക്കാം
X

Summary

  • 100 രൂപ മുതല്‍ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.
  • ആറ് മാസം മുതല്‍ 10 വര്‍ഷം വരെയാണ് നിക്ഷേപ കാലാവധി.
  • ബാങ്കുകള്‍, പോസ്‌റ്റോഫീസ് എന്നിവിടങ്ങളില്‍ റെക്കറിംഗ് ഡെപ്പോസിറ്റുകള്‍ ആരംഭിക്കാം.


കൃത്യമായൊരു സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിച്ചിട്ടും പറ്റുന്നില്ലെ? അവര്‍ക്കുള്ള ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗമാണ് റെക്കറിംഗ് ഡെപ്പോസിറ്റുകള്‍. ഒരുമിച്ച് വലിയൊരു തുക നിക്ഷേപിക്കാനില്ലാത്തവര്‍ക്ക് മാസം തോറും ചെറിയ തുക നിക്ഷേപിച്ച് ആ തുകയ്ക്ക് പലിശയും നേടാം. ആറ് മാസം മുതല്‍ പത്ത് വര്‍ഷം വരെയുള്ള കാലയളവില്‍ നിക്ഷേപം നടത്താം. ബാങ്കുകള്‍, പോസ്‌റ്റോഫീസ് എന്നിവിടങ്ങളില്‍ റെക്കറിംഗ് ഡെപ്പോസിറ്റുകള്‍ ആരംഭിക്കാം. 100 രൂപ മുതല്‍ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. വിവിധ ബാങ്കുകളില്‍ വിവിധ കാലയളവിലെ നിക്ഷേപത്തിന് പലിശയും വ്യത്യസ്തമായിരിക്കും. ഏതാനു ബാങ്കുകള്‍ റെക്കറിംഗ് നിക്ഷേപത്തിന് നല്‍കുന്ന പലിശ നിരക്കൊന്നു പരിശോധിച്ചാലോ.

എസ്ബിഐ

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള റെക്കറിംഗ് ഡെപ്പോസിറ്റിന് 6.5 ശതമാനം മുതല്‍ ഏഴ് ശതമാനം വരെയാണ് പലിശ നല്‍കുന്നത്. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള ആര്‍ഡിക്കാണ് ഉയര്‍ന്ന പലിശ ലഭിക്കുന്നത്. ഏഴ് ശതമാനമാണ് പലിശ.

കനറാ ബാങ്ക്

കാനറ ബാങ്കും സ്ഥിര നിക്ഷേപത്തിനും റെക്കറിംഗ് നിക്ഷേപത്തിനും ഒരേ പലിശ നിരക്കു തന്നെയാണ് നല്‍കുന്നത്. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.85 ശതമാനത്തിനും 7.25 ശതമാനത്തിനും ഇടയിലാണ്. ഉയര്‍ന്ന പലിശ ലഭിക്കുന്നത് 444 ദിവസത്തെ നിക്ഷേപത്തിനാണ്. അത് 7.25 ശതമാനമാണ്.

പിഎന്‍ബി

പഞ്ചാബ് നാഷണല്‍ ബാങ്ക് റെക്കറിംഗ് ഡെപ്പോസിറ്റിന് ആറ് ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ്. ആറ് മാസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിനാണ് ഈ പലിശ ലഭിക്കുന്നത്. നാനൂറ് ദിവസം വരെ കാലാവധിയുള്ള നിക്ഷേപത്തിനാണ് ഉയര്‍ന്ന പലിശയായ 7.25 ശതമാനം പലിശ ലഭിക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്ക് 4.50 ശതമാനം മുതല്‍ 7.10 ശതമാനം വരെയാണ് ആര്‍ഡിക്ക് പലിശ നല്‍കുന്നത്. ഉയര്‍ന്ന പലിശയായ 7.10 ശതമാനം ലഭിക്കുന്നത് 15 മാസ കാലയളവിലുള്ള നിക്ഷേപത്തിനാണ്.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് 4.75 ശതമാനം മുതല്‍ 7.10 ശതമാനം വരെയാണ് ആറ് മാസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് നല്‍കുന്ന പലിശ. നിക്ഷേപം 15 മാസം, 18 മാസം, 21 മാസം, 24 മാസം എന്നീ കാലയളവുകളിലെ നിക്ഷേപത്തിന് 7.10 ശതമാനം പലിശ ലഭിക്കും.

യെസ് ബാങ്ക്

യെസ് ബാങ്കിലെ ആര്‍ഡിക്ക് 6.10 ശതമാനം മുതല്‍ 7.75 ശതമാനം വരെ പലിശ ലഭിക്കും. നിക്ഷേപം 18 മാസം, 21 മാസം എന്നിങ്ങനെയാണെങ്കില്‍ പലിശ നിരക്ക് 7.75 ശതമാനമായിരിക്കും.



എങ്ങനെ തുറക്കും ആര്‍ഡി അക്കൗണ്ട്

എല്ലാ ബാങ്കുകളുടെയും ശാഖകള്‍ വഴിയോ, ഓണ്‍ലൈന്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോം വഴിയോ ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാം. അക്കൗണ്ട് തുറക്കുമ്പോള്‍ നിക്ഷേപ കാലാവധി, നിക്ഷേപിക്കുന്ന തുക എന്നിവ തെരഞ്ഞെടുക്കാം. വിവിധ കാലയളവുകളില്‍ പലിശ നിരക്ക് വ്യത്യസ്തമായിരിക്കും. സാധാരണയായി ആറ് മാസം മുതല്‍ 10 വര്‍ഷം വരെയാണ് നിക്ഷേപ കാലാവധി. നിക്ഷേപ തുക അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ആകാനുള്ള സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍ നല്‍കി നിക്ഷേപം ഇസിഎസ് ആക്കുകയും ചെയ്യാം.


ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനുള്ളതാണ് നിക്ഷേപ ശുപാര്‍ശയല്ല. നിക്ഷേപ നിരക്കുകള്‍ വിവിധ ബാങ്കുകളുടെ വെബ്‌സൈറ്റുകള്‍ മറ്റ് ബന്ധപ്പെട്ട സ്രോതസുകള്‍ എന്നിവയില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ബാങ്കുകള്‍ വിവിധ കാലയളവുകളില്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. നിക്ഷേപം ആരംഭിക്കും മുമ്പ് അതത് ബാങ്കുകളുമായി ബന്ധപ്പെട്ട് നിരക്കുകള്‍ ഉറപ്പാക്കുക.