6 April 2023 2:30 PM GMT
Summary
- നികുതി ആനുകൂല്യം കൂടും
- റിട്ടേണിനെ വിപണി ബാധിക്കും
- രണ്ട് ലക്ഷ്യങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍
ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ സംഭവങ്ങളുണ്ടായാല്‍ നമുക്ക് സാമ്പത്തിക പിന്തുണ നല്‍കാനാണ് ഇന്‍ഷൂറന്‍സ് പോളിസിയെടുക്കുന്നത്. എന്നാല്‍ നിക്ഷേപ പദ്ധതികളിലൂടെ സമ്പത്ത് വളര്‍ച്ചയാണ് പ്രധാന ലക്ഷ്യം. ഈ രണ്ട് ഉദ്ദേശങ്ങളും ഒരുമിച്ച് നേടണമെങ്കില്‍ അനുയോജ്യമായ ചില പദ്ധതികളുണ്ട്. അതിലൊന്നാണ് യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍ അഥവാ യുലിപ്. അതുകൊണ്ട് തന്നെ ഇതൊരു ജനപ്രിയ പ്ലാനാണ്. രണ്ട് ഉദ്ദേശങ്ങള്‍ ഒരുമിച്ച് നടക്കുന്നതു കൊണ്ട് യൂലിപ് എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഈ പ്ലാനിന്റെ ഗുണവും ദോഷവും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ചാര്‍ജുകള്‍ നിരവധി
യൂലിപ് എടുത്തുകഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ പ്ലാനിന്റെ പേരില്‍ നിരവധി ചാര്‍ജുകള്‍ അടക്കേണ്ടി വരും.പ്രീമിയം അലോക്കേഷന്‍ ചാര്‍ജ്, പോളിസി അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജ്, ഫണ്ട് മാനേജ്‌മെന്റ് ചാര്‍ജ്,മോര്‍ട്ടാലിറ്റി ചാര്‍ജ്, സറണ്ടര്‍ ചാര്‍ജുകള്‍ എന്നിവയൊക്കെ നല്‍കണം. ഇവ നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കുകയും അത് വരുമാനത്തെ ബാധിക്കുകയും ചെയ്യും. ഈ ചാര്‍ജുകളൊക്കെ ഓരോ പോളിസി അനുസരിച്ചും മാറികൊണ്ടിരിക്കും. അതുകൊണ്ട് യൂലിപ് പ്ലാനുകളില്‍ നിക്ഷേപിക്കും മുമ്പ് ഇതൊക്കെ അറിഞ്ഞിരിക്കണം.
ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷ
യൂലിപ് പ്ലാനുകള്‍ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തിനൊപ്പം തന്നെ ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് നല്‍കുന്നുണ്ട്. അടക്കുന്ന പ്രീമിയത്തിന്റെ ഒരു ഭാഗം ഇന്‍ഷൂറന്‍സ് പോളിസിയിലേക്കാണ് പോകുന്നത്. ബാക്കിയുള്ള തുകയാണ് നിക്ഷേപമാകുന്നത്. ഇന്‍ഷൂറന്‍സ് പരിരക്ഷ എത്രയാണോ ഉദ്ദേശിക്കുന്നത് അത് അനുസരിച്ചുള്ള പ്രീമിയം തിരഞ്ഞെടുക്കണം.
ലോക്ക്-ഇന്‍-പിരീഡ്
ഈ പ്ലാനുകളുടെ മിനിമം ലോക്ക്-ഇന്‍ പിരീഡ് അഞ്ച് വര്‍ഷമാണ്. ഇതിനിടെ സാമ്പത്തിക ആവശ്യങ്ങളുണ്ടായാല്‍ പണം പിന്‍വലിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ദീര്‍ഘകാല നിക്ഷേപമായി കരുതുന്നവര്‍ക്കാണ് യൂലിപില്‍ നിക്ഷേപിക്കാന്‍ നല്ലത്.അതേസമയം ലോക്ക് ഇന്‍ പിരീഡിന് ശേഷം നിക്ഷേപത്തില്‍ നിന്ന് പാതി പിന്‍വലിക്കാന്‍ സാധിക്കും.
ഫ്‌ളക്‌സിബിളാണ് കാര്യങ്ങള്‍
നിക്ഷേപകന് അനുയോജ്യമായ വിധത്തില്‍ കാര്യങ്ങള്‍ നിശ്ചയിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. ഇക്വിറ്റിയിലും ഡെറ്റിലും എത്ര വീതം നിക്ഷേപിക്കണമെന്ന് നിക്ഷേപകന് തീരുമാനിക്കാം. അതുപോലെ എത്ര തവണ നിക്ഷേപിക്കണമെന്നും എത്ര തുക വീതം നിക്ഷേപിക്കണമെന്നും സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇത് യൂലിപിന്റെ പ്രത്യേകതയാണ്.
നികുതി ആനുകൂല്യം
ഈ പ്ലാന്‍ പലരും തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. നികുതി ആനുകൂല്യം ഉള്ളത് കൊണ്ടാണ് യൂലിപിലേക്ക് ആളുകള്‍ പോകുന്നത്. ആദായനികുതി നിയമം സെക്ഷന്‍ സി പ്രകാരമുള്ള നികുതിയിളവുകള്‍ ഈ പ്ലാന്‍ എടുക്കുന്നവര്‍ക്ക് ലഭിക്കും. അടച്ച പ്രീമിയം തുക നികുതിയില്‍ നിന്ന് ഇളവിനായി ക്ലെയിം ചെയ്യാം.ഇനി പോളിസി കാലാവധി പൂര്‍ത്തിയാക്കിയാല്‍ സെക്ഷന്‍ 10(10ഡി) പ്രകാരം മെച്യൂരിറ്റി തുകയ്ക്ക് നികുതി നല്‍കേണ്ടി വരില്ല. ഇതൊക്കെയാണ് യൂലിപ് പദ്ധതിയെ ആകര്‍ഷകമാക്കുന്നത്.
ഫ്രീ പിരീഡ്
യൂലിപ് പോളിസിയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി കമ്പനികള്‍ നിശ്ചയിച്ചിരിക്കുന്ന ഒരു സവിശേഷതയാണിത്. ഫ്രീ ലുക്ക് പിരീഡ് എന്നാണ് ഇതിന് പറയുന്നത്. പോളിസിയില്‍ ചേര്‍ന്ന് 15 മുതല്‍ 30 വരെയുള്ള ദിവസമാണ് ഫ്രീ പിരീഡ്. ഈ കാലയളവില്‍ നമുക്ക് ഈ പ്ലാന്‍ തുടരേണ്ടതില്ലെന്ന് തോന്നുകയാണെങ്കില്‍ അതുവരെ അടച്ച പ്രീമിയം തുക തിരിച്ചു നല്‍കും. എന്നാല്‍ ചില ചാര്‍ജുകള്‍ അടക്കേണ്ടി വരും.
വിപണിയുടെ സ്വാധീനം
യൂലിപ് പ്ലാനുകളിലെ നിക്ഷേപങ്ങള്‍ പ്രധാനമായും ഡെറ്റ് ,ഇക്വിറ്റികളിലാണ് വരുന്നത്. അതുകൊണ്ട് തന്നെ ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഈ പ്ലാനിലും പ്രതിഫലിക്കും. ഇതിലെ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം നിശ്ചയിക്കുന്നത് വിപണിയിലെ സാഹചര്യമാണ്. അതുകൊണ്ട് നഷ്ടസാധ്യത എത്രത്തോളമുണ്ടെന്ന് വിലയിരുത്തി വേണം യൂലിപില്‍ നിക്ഷേപിക്കാന്‍.
പ്രയോജനം കുറവാണ്
രണ്ട് ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഒരു പ്ലാന്‍ എടുക്കുന്നതിനാല്‍ തന്നെ രണ്ട് ലക്ഷ്യങ്ങളും ശരിയാംവിധം നിറവേറ്റാനാകില്ലെന്നാണ് യൂപില് പ്ലാനുകള്‍ക്ക് നേരെയുള്ള വിമര്‍ശനം. ലൈഫ് ഇന്‍ഷൂറന്‍സും നിക്ഷേപവും തമ്മില്‍ ഒരിക്കലും കൂട്ടിക്കുഴക്കരുതെന്നാണ് ബാങ്ക്ബസാര്‍.കോം സിഇഓ ആദില്‍ ഷെട്ടിയുടെ അഭിപ്രായം. മികച്ച കവറേജും ഉയര്‍ന്ന വരുമാനവും രണ്ട് അറ്റത്തുള്ള കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇത് രണ്ടും ഒരുമിപ്പിച്ചാല്‍ ഗുണം ചെയ്യില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ പ്ലാനുകള്‍ മറ്റ് നിക്ഷേപ പദ്ധതികളേക്കാള്‍ കുറഞ്ഞ വരുമാനമാണ് നല്‍കുന്നത്. അതുപോലെ ഏറ്റവും കുറഞ്ഞ പരിരക്ഷയാണ് ഇതിന് നല്‍കാന്‍ സാധിക്കുകയുള്ളൂവെന്ന് ആദില്‍ഷെട്ടി പറയുന്നു.