image

2 Aug 2024 8:56 AM GMT

Investments

മഹിളാ സമ്മാന്‍ സ്‌കീം അടുത്തവര്‍ഷം അവസാനിക്കും

MyFin Desk

mahila samman scheme may be scrapped by the government
X

Summary

  • പദ്ധതി അവതരിപ്പിച്ചത് 2023ലെ ബജറ്റിലാണ്
  • പദ്ധതി 7.5 ശതമാനം വാര്‍ഷിക പലിശ വാഗ്ദാനം ചെയ്യുന്നു
  • സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീ നിക്ഷേപകരെ ഇത് ആകര്‍ഷിക്കുന്നു


മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് അടുത്തവര്‍ഷം മാര്‍ച്ചിനു ശേഷം നീട്ടാന്‍ കേന്ദ്രത്തിന് പദ്ധതിയില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സ്ത്രീകള്‍ക്കിടയില്‍ സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്ന പദ്ധതി 2023-ല്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപിച്ചത്. ഇത് 7.5 ശതമാനം വാര്‍ഷിക പലിശ വാഗ്ദാനം ചെയ്യുന്നു.

ചെറുകിട സമ്പാദ്യ പദ്ധതികളുമായുള്ള ഇന്ത്യയുടെ വിജയത്തിന് പ്രാഥമികമായി നേതൃത്വം നല്‍കിയത് മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമും ആണ്. ഇതിന്റെ പരമാവധി നിക്ഷേപം ഈവര്‍ഷം ബജറ്റില്‍ 15 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി ഉയര്‍ത്തി, റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ് സ്‌കീം, സുകന്യ സമൃദ്ധി യോജന തുടങ്ങിയ സ്‌കീമുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, ഭാവിയിലെ വരവ് കുറയാനിടയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യാ ഗവണ്‍മെന്റ് അവതരിപ്പിച്ച ചെറുകിട സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വേണ്ടി ഏതൊരു സ്ത്രീക്കും അല്ലെങ്കില്‍ ഒരു രക്ഷിതാവിന് ഈ പദ്ധതി തുടങ്ങാവുന്നതാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. 100 രൂപയുടെ ഗുണിതങ്ങളിലുള്ള അധിക തുക നിക്ഷേപിക്കാം. ഒരു അക്കൗണ്ടിന് പരമാവധി 2,00,000 രൂപ വരെയാണ് പരിധി.

അക്കൗണ്ട് തുറക്കുന്ന തീയതി മുതല്‍ രണ്ട് വര്‍ഷമാണ് ഈ സ്‌കീമിന്റെ കാലാവധി. അക്കൗണ്ട് ഉടമകള്‍ക്ക് ഒരു വര്‍ഷത്തിനു ശേഷം അര്‍ഹതപ്പെട്ട ബാലന്‍സ് തുകയുടെ 40 ശതമാനം വരെ പിന്‍വലിക്കാം. 2025 മാര്‍ച്ച് 31 വരെ നിയുക്ത പോസ്റ്റ് ഓഫീസുകളിലും യോഗ്യരായ ബാങ്കുകളിലും അക്കൗണ്ടുകള്‍ തുറക്കാം.

മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്ത്രീകള്‍ക്കിടയില്‍ ഒരു സമ്പാദ്യശീലം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്നു. ഇത് ആകര്‍ഷകമായ വരുമാനത്തോടെ സുരക്ഷിതമായ നിക്ഷേപ ഓപ്ഷന്‍ നല്‍കുന്നു, സര്‍ക്കാര്‍ പറയുന്നു. സര്‍ക്കാര്‍ പിന്തുണയുള്ള ഒരു സ്‌കീം എന്ന നിലയില്‍, ഇതിന് കുറഞ്ഞ അപകടസാധ്യതയാണുള്ളത്. സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീ നിക്ഷേപകരെ ഇത് ആകര്‍ഷിക്കുന്നു.