9 May 2023 4:45 PM GMT
Summary
- പലിശയ്ക്ക് ടിഡിഎസ്
- നികുതിയിളവ് 1.5 ലക്ഷം രൂപാവരെ
- മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ
നിക്ഷേപകരില്‍ കൂടുതല്‍ പേരും വരുമാനത്തിന് അപ്പുറം നികുതി ലാഭിക്കാനുള്ള സാധ്യതകള്‍ കൂടി ആലോചിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. നിലവിലുള്ള വരുമാനം നികുതി ആനുകൂല്യങ്ങള്‍ കൂടി നേടിയെടുക്കും വിധം നിക്ഷേപിക്കാനാണ് ശ്രമിക്കുന്നത്. കാരണം നികുതിയിളവുകളുടെ പേരില്‍ പണം ലാഭിക്കുന്നതിനൊപ്പം മികച്ച വരുമാനവും നേടാമെന്നതാണ് ഇത്തരം സമ്പാദ്യപദ്ധതികളെ ആകര്‍ഷമാക്കുന്നത്.
ഇതിലൊന്നാണ് ബാങ്ക് എഫ്ഡികള്‍. അഥവാ സ്ഥിരനിക്ഷേപങ്ങള്‍. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സിക്ക് കീഴില്‍ വരുന്ന ആനുകൂല്യങ്ങള്‍ സ്ഥിരനിക്ഷേപങ്ങള്‍ക്കും ലഭിക്കും. അതുകൊണ്ട് പലരും 'ടാക്‌സ് സേവിങ്‌സ് എഫ്ഡി' സ്‌കീമുകളെ കുറിച്ച് കൂടുതലായി ചിന്തിക്കുന്നു. ടാക്‌സ് സേവിങ്‌സ്എഫ്ഡിയിലുള്ള നിക്ഷേപത്തിന് ഒന്നര ലക്ഷം രൂപാവരെ നികുതിയിളവ് ലഭിക്കുന്നു. എന്നാല്‍ ഇത്തരം എഫ്ഡി സ്‌കീമുകളില്‍ നിന്നുള്ള പലിശയ്ക്ക് നിക്ഷേപകന്റെ ആദായനികുതി സ്ലാബ് നിരക്ക് അനുസരിച്ചുള്ള നികുതി ബാധകമാണ്.
ടാക്സ് സേവിംഗ് എഫ്ഡികള്‍ക്ക് അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡുള്ളതിനാല്‍ മെച്യൂരിറ്റി പിരീഡാകാതെ പിന്‍വലിക്കല്‍ സാധ്യമല്ല. എന്നാല്‍ പെട്ടെന്ന് തന്നെ പണം ആവശ്യം വരുന്നവര്‍ക്ക് ഈ പദ്ധതികള്‍ അനുയോജ്യമല്ല. ഇത്തരം നിക്ഷേപങ്ങളില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
1. വിശ്വാസ്യതയുള്ള ധനകാര്യ സ്ഥാപനങ്ങളായിരിക്കണം തെരഞ്ഞെടുക്കേണ്ടത്
2. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്ക് പരിശോധിക്കുക. ഉയര്‍ന്ന പലിശനിരക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ വരുമാനം നല്‍കും
3. ടാക്‌സ് സേവിങ്‌സ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡുണ്ടാകും. അതിനാല്‍ നിക്ഷേപം കാലാവധി പൂര്‍ത്തിയാക്കും വരെ ആവശ്യമുള്ള പണം കൈവശം ഉണ്ടെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ പിന്‍വലിക്കാന്‍ സാധ്യമല്ല.
4. ഈ സ്‌കീമില്‍ നിക്ഷേപം നടത്തിയാല്‍ ഒന്നര ലക്ഷം രൂപവരെ നികുതിയിളവ് ലഭിക്കും.
5. ടാക്‌സ് സേവിങ്‌സ് ഡപ്പോസിറ്റില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്‍കണം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 40,000 രൂപയില്‍ അധികം ഉള്ള പലിശ നേടിയാല്‍ ടിഡിഎസ് അടക്കേണ്ടി വരും
6. കാലാവധി തീരും മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ പിഴയൊടുക്കേണ്ടി വരും. ചിലപ്പോള്‍ ഫീസും ഈടാക്കാം
7. ടാക്‌സ് സേവിങ്‌സ് സ്ഥിര നിക്ഷേപം നടത്തുന്നത് മുതിര്‍ന്ന പൗരനാണെങ്കില്‍ ചില ബാങ്കുകള്‍ കൂടുതല്‍ പലിശ നല്‍കും. ഇത് പരിശോധിക്കുക
8. നിങ്ങള്‍ നടത്തുന്ന നിക്ഷേപങ്ങളുടെ റെക്കോര്‍ഡ് സൂക്ഷിക്കുക. കാരണം നികുതി ലാഭിക്കുന്ന നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ ഫോറം 26 എഎസില്‍ ഇത് കാണിച്ചേക്കില്ല
9 നെറ്റ് ബാങ്കിങ് ,മൊബൈല്‍ ബാങ്കിങ് വഴിയോ ധനകാര്യ സ്ഥാപനങ്ങളുടെ ബ്രാഞ്ചില്‍ നേരിട്ട് എത്തിയോ നിക്ഷേപം നടത്താം
10 ഇത്തരം നിക്ഷേപങ്ങളിലേക്ക് പോകുംമുമ്പ് തന്നെ സ്ഥാപനങ്ങളുടെയും മറ്റും നിബന്ധനകളും വ്യവസ്ഥകളും നന്നായി മനസിലാക്കുക