2 March 2024 12:32 PM GMT
നികുതിയിളവ്, സമ്പാദ്യം പെണ്‍കുഞ്ഞുങ്ങള്‍ക്കായുള്ള നിക്ഷേപ പദ്ധതി; സുകന്യ സമൃദ്ധി യോജന
MyFin Desk
Summary
- കരുതിവെക്കലുകള്‍ വലിയ സമ്പാദ്യമായി വളരുന്നുണ്ടോ എന്ന് എത്ര പേര്‍ ശ്രദ്ധിക്കാറുണ്ട്.
- എത്ര വേഗം ചേരുന്നോ അത്രയും വര്‍ഷം നിക്ഷേപിക്കുന്നതിലൂടെ സമ്പാദ്യം പല മടങ്ങ് വളരും.
- കൂട്ടുപലിശയുടെ രസതന്ത്രം കൂടിയാകുമ്പോള്‍ നിങ്ങളുടെ മകള്‍ വളര്‍ന്ന് 21 വയസ്സുകാരിയാകുമ്പോഴേക്കും ലക്ഷപ്രഭുവായി മാറ്റാന്‍ മാത്രം ശേഷിയുണ്ട് ഈ പദ്ധതിക്ക്.
പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ മുതല്‍ മാതാപിതാക്കള്‍ക്ക് ആധിയാണ്. അവരുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള മാതാപിതാക്കളുടെ സ്വപ്‌നങ്ങളാണ് ഇതിനു കാരണം. ആ സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ ഉറുമ്പ് കരുതിവെയ്ക്കും പോലെ ചിട്ടിയിലോ ചെറിയ ചെറിയ സമ്പാദ്യ പദ്ധതികളിലോ നിക്ഷേപം ആരംഭിക്കും. എന്നാല്‍ ഈ കരുതിവെക്കലുകള്‍ വലിയ സമ്പാദ്യമായി വളരുന്നുണ്ടോ എന്ന് എത്ര പേര്‍ ശ്രദ്ധിക്കാറുണ്ട്. നമ്മള്‍ നിക്ഷേപിക്കുന്ന തുക പല മടങ്ങ് വളരുകയും സുരക്ഷിതമായിരിക്കുകയും ചെയ്യുമെന്ന് ഉറപ്പുള്ള സമ്പാദ്യ പദ്ധതികളെ കുറിച്ച് അറിയുകയും നിക്ഷേപിക്കുകയും വേണം.
സുകന്യ സമൃദ്ധി യോജന
അത്തരത്തിലുള്ള ഒരു പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ). പെണ്‍മക്കളുടെ സുരക്ഷിതത്വത്തിന് വേണ്ടി സര്‍ക്കാര്‍ നടത്തിവരുന്ന ഈ ചെറുകിട സമ്പാദ്യപദ്ധതിയ്ക്ക് മികച്ച നിരക്കിലാണ് ഇപ്പോള്‍ പലിശയുള്ളത്. നിലവിലെ നിരക്ക് 8.2 ശതമാനമാണ് പലിശ നിരക്ക്. കൂട്ടുപലിശയുടെ രസതന്ത്രം കൂടിയാകുമ്പോള്‍ നിങ്ങളുടെ മകള്‍ വളര്‍ന്ന് 21 വയസ്സുകാരിയാകുമ്പോഴേക്കും ലക്ഷപ്രഭുവായി മാറ്റാന്‍ മാത്രം ശേഷിയുണ്ട് ഈ പദ്ധതിക്ക്.
മകള്‍ ജനിച്ച ഉടന്‍ തന്നെ എസ്എസ്വൈ സ്‌കീമില്‍ ചേര്‍ന്നാല്‍ 15 വര്‍ഷം വരെ നിക്ഷേപിക്കാം. എത്ര വേഗം ചേരുന്നോ അത്രയും വര്‍ഷം നിക്ഷേപിക്കുന്നതിലൂടെ സമ്പാദ്യം പല മടങ്ങ് വളരും. കുട്ടിയ്ക്ക് 14 വയസ് തികയും വരെ നിക്ഷേപിക്കാം. ഇതിന് ശേഷം പെണ്‍കുട്ടിയ്ക്ക് 18 വയസ്സായാല്‍ മെച്യൂരിറ്റി തുകയുടെ പകുതി വേണമെങ്കില്‍ പിന്‍വലിക്കാം. ബാക്കിയുള്ള മച്യൂരിറ്റി തുക പെണ്‍കുട്ടിയ്ക്ക് 21 വയസ് തികയുമ്പോള്‍ പിന്‍വലിക്കാം. പോസ്‌റ്റോഫീസുകള്‍, ബാങ്കുകള്‍ എന്നിവടെങ്ങളിലെല്ലാം സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ തുറക്കാം.
മച്യൂരിറ്റി തുകയായി എത്ര കിട്ടും
ഒരാള്‍ മകളുടെ പേരില്‍ എസ്എസ്വൈയില്‍ ചേര്‍ന്ന് പ്രതിമാസം 12500 രൂപാ വീതം അടച്ചുകൊണ്ടിരുന്നാല്‍ ഒരു വര്‍ഷം 150000 രൂപ നിക്ഷേപിക്കും. ഒരു വയസിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കില്‍ 21 വയസാകുമ്പോഴേക്കും വലിയൊരു തുകയായി നിക്ഷേപം മാറിയിട്ടുണ്ടാകും. ഇപ്പോഴത്തെ പലിശ നിരക്കായ 8.2 ശതമാനം പലിശ നിരക്ക് പ്രതീക്ഷിച്ചാല്‍. മകള്‍ക്ക് 21 വയസ് പൂര്‍ത്തിയായാല്‍ മെച്യൂരിറ്റി തുകയായി ഏകദേശം 69, 27,578 രൂപയാണ് ലഭിക്കുക. പലിശ നിരക്ക് മൂന്നുമാസത്തിലൊരിക്കല്‍ പുനര്‍നിര്‍ണയിക്കും. പലിശ നിരക്കില്‍ കുറവോ, കൂടുതലോ വന്നാല്‍ മച്യൂരിറ്റി തുകയിലും വ്യത്യാസമുണ്ടാകും.
നികുതി ആനുകൂല്യം
എസ്എസ്വൈ സ്‌കീമില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ആനുകൂല്യം ലഭിക്കും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയുടെ നിക്ഷേപത്തിനാണ് നികുതിയിളവ് ലഭിക്കുന്നത്. ആദായ നികുതി നിയമം സെക്ഷന്‍ 80 സി അനുസരിച്ചാണ് ഇളവ്. എസ്എസ് വൈ പലിശയും മെച്യൂരിറ്റി തുകയും പൂര്‍ണമായും നികുതി മുക്തമാണ്.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. പലിശ നിരക്കുകളില്‍ ഇടക്കിടയ്ക്ക് മാറാറുണ്ട്. നിക്ഷേപിക്കും മുമ്പ് പലിശ നിരക്കുകള്‍ ഉറപ്പുവരുത്തുക. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.