image

16 Feb 2024 10:20 AM GMT

Investments

നിക്ഷേപം ഇരട്ടിയാക്കണോ; സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ടില്‍ ഇന്നു കൂടെ നിക്ഷേപിക്കാം

MyFin Desk

sovereign gold bond expires today, investment can be doubled in 8 years
X

Summary

  • ആദ്യ എസ്ജിബി അവതരിപ്പിച്ചത് 2015 ല്‍
  • നികുതി രഹിതം, പലിശ, സുരക്ഷിതത്വം
  • വളര്‍ച്ചയില്‍ സ്ഥിരത


മികച്ച റിട്ടേണ്‍ വേണം, സുരക്ഷിത നിക്ഷേപമായിരിക്കണം ഇത്തരം മുന്‍കരുതലുകളോടെയാണ് ഓരോരുത്തരും നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുന്നത്. സ്വര്‍ണത്തിലും ഇതേ കരുതലോടെ നിക്ഷേപം നടത്താം. അതിനുള്ള വഴിയാണ് സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി).

പുതിയ സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യു ഇന്ന് അവസാനിക്കുകയാണ്. സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ട് 2024 ന്റെ നാലാമത്തെ സീരിസ് ഇഷ്യു ഫെബ്രുവരി 12 നാണ് ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്. എസ്ജിബിയിലെ നിക്ഷേപ കാലാവധി എട്ട് വര്‍ഷമാണ്. പുതിയ നിക്ഷേപ സീരിസിന്റെ ഇഷ്യു പ്രൈസ് 6,263 രൂപയായാണ് ആര്‍ബിഐ നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈനായാണ് എസ്ജിബി വാങ്ങുന്നതെങ്കില്‍ 50 രൂപ കുറവായിരിക്കും. അപ്പോള്‍ 6,213 രൂപ നല്‍കിയാല്‍ മതി.

പലിശ: നിക്ഷേപത്തിന് 2.5 ശതമാനം വാര്‍ഷിക പലിശ ലഭിക്കും.

നികുതിയിളവ്: സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ടിലെ നിക്ഷേപത്തിലൂടെ ലഭിക്കുന്ന മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടതില്ല.

ജിഎസ്ടി ഇല്ല: സ്വര്‍ണം ആഭരണമായി വാങ്ങിയാല്‍ ഒരു നിശ്ചിത തുക ജിഎസ്ടിയായി നല്‍കേണ്ടി വരും. എന്നാല്‍, എസ്ജിബിക്ക് ജിഎസ്ടി നല്‍കേണ്ടതില്ല.

സുരക്ഷിതത്വം: ആഭരണമോ, സ്വര്‍ണ നാണയമോ ആണെങ്കില്‍ അത് എങ്ങനെ സൂക്ഷിക്കും എന്ന ആശങ്കയുണ്ടാകും. സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ടുകളെ സംബന്ധിച്ച് അത്തരമൊരു ആശങ്കയുടെ ആവശ്യമില്ല. കാരണം ഡിജിറ്റല്‍ രൂപത്തിലാണ് എസ്ജിബി സൂക്ഷിക്കുന്നത്.

ആസ്തി: സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ എന്നീ സാഹചര്യങ്ങളില്‍ മികച്ച പ്രകതടനം നല്‍കുന്ന ആസ്തിയാണ് സ്വര്‍ണം.




ഒരു ലക്ഷം നിക്ഷേപിച്ചാല്‍ 8 വര്‍ഷം കഴിയുമ്പോള്‍

ഒരു ലക്ഷം രൂപയുടെ നിക്ഷേപമാണ് ഇന്ന് നടത്തുന്നതെങ്കില്‍ എട്ട് വര്‍ഷം കഴിയുമ്പോള്‍ എത്ര രൂപ കിട്ടുമെന്ന് നോക്കാം. സ്വര്‍ണത്തിന്റെ ശരാശരി മൂലധന വളര്‍ച്ച 12 ശതമാനത്തോളമാണ്. വരും വര്‍ഷങ്ങളിലും ഈ വളര്‍ച്ച നിലനില്‍ക്കുകയാണെങ്കില്‍ ഇന്ന് 6,213 രൂപ നിക്ഷേപിച്ചാല്‍ എട്ട് വര്‍ഷങ്ങള്‍ക്കുശേഷം ഒരു ഗ്രാമിന്റെ വില 15,383 രൂപയാകും (12% സിഎജിആര്‍ അടിസ്ഥാനമാക്കി). ഒരു ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ എട്ട് വര്‍ഷം കഴിയുമ്പോള്‍ അത് 247596 രൂപയാകും. ഇതിനു പുറമേ 2.5 ശതമാനം പലിശയും ലഭിക്കും. പലിശയിനത്തില്‍ ലഭിക്കുന്നത് 20000 രൂപയോളമാണ്.

ആദ്യ സ്വര്‍ണ ബോണ്ട് നല്‍കിയത് 11% റിട്ടേണ്‍

റിസര്‍വ് ബാങ്ക് ആദ്യമായി പുറത്തിറക്കിയ സോവ്റിന്‍ ഗോള്‍ഡ് ബോണ്ട് 2015 (എസ്ജിബി) നവംബര്‍ 30 ന് കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. ഒരു ഗ്രാമിന് 6132 രൂപയാണ് മച്യൂരിറ്റി തുകയാണ് ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നത്. 2015 ല്‍ എസ്ജിബി അവതരിപ്പിക്കുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 2,684 രൂപയായിരുന്നു വില. 2015 ലേതില്‍ നിന്നും സ്വര്‍ണ വിലയില്‍ ഇരട്ടിയിലധികം വര്‍ധനയാണ് 2023 നവംബര്‍ 30 ന് റിഡംപ്ഷന്‍ ചെയ്യുമ്പോഴുണ്ടായിട്ടുള്ളത്.

ആദ്യഘട്ട എസ്ജിബിയില്‍ ഗ്രാമിന് 2,684 രൂപ നിരക്കില്‍ 35 ഗ്രാമില്‍ 93,940 രൂപ നിക്ഷേപിച്ച ഒരാള്‍ക്ക് കഴിഞ്ഞ വര്‍ഷം നവംബറില്‍ എട്ട് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 2,14,620 രൂപയാണ്. നിക്ഷേപകന് 2.5 ശതമാനം പലിശയ്ക്കു പുറമേ ലഭിച്ചത് 128.5 ശതമാനത്തോളം റിട്ടേണാണ്. സിഎജിആര്‍ (കോംപൗണ്ട് വാര്‍ഷിക വളര്‍ച്ച നിരക്ക്) 10.88 ശതമാനവുമാണ്.

സ്വര്‍ണ ബോണ്ട്

ഓരോ സാമ്പത്തിക വര്‍ഷവും ആര്‍ബിഐ എസ്ജിബി ഇഷ്യു ചെയ്യാറുണ്ട്. നിക്ഷേപകന് ഒരു ഗ്രാം മുതല്‍ നാല് കിലോ ഗ്രാം വരെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താം.

സ്വര്‍ണ ബോണ്ടുകളുടെ റിഡംപ്ഷന്‍ വില ഇന്ത്യയന്‍ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലറി അസോസിയേഷന്‍ പ്രസിദ്ധീകരിച്ച മുന്‍ ആഴ്ച്ചയിലെ (തിങ്കള്‍ - വെള്ളി) 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ശരാശരി ക്ലോസിംഗ് വില വെച്ചാണ് കണക്കാക്കുന്നത്. എസ്ജിബിയിലെ നിക്ഷേപ കാലാവധി എട്ട് വര്‍ഷമാമണെങ്കിലും കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് വിറ്റഴിക്കാന്‍ അവസരമുണ്ട്. എട്ട് വര്‍ഷം കഴിഞ്ഞാണ് പിന്‍വലിക്കുന്നതെങ്കില്‍ ലഭിക്കുന്ന റിട്ടേണ്‍ പൂര്‍ണമായും നികുതി രഹിതമായിരിക്കും.

എങ്ങനെ വാങ്ങാം

ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കാണ് എസ്ജിബിയില്‍ നിക്ഷേപിക്കാന്‍ അവസരം. വ്യക്തികള്‍, എച്ച് യുഎഫ്, ട്രസ്റ്റുകള്‍, യൂണിവേഴ്‌സിറ്റികള്‍, ചാരിറ്റബിള്‍ സംഘടനകള്‍ തുടങ്ങിവര്‍ക്കൊക്കെ നിക്ഷേപം നടത്താം. ബാങ്കുകള്‍, പോസ്‌റ്റോഫീസുകള്‍ എന്നിവ വഴി എസ്ജിബി വാങ്ങാം.