image

13 Feb 2022 1:45 AM GMT

Savings

പ്രതിസന്ധിയെ മറികടക്കാം, മികച്ച ആസൂത്രണത്തിലൂടെ

MyFin Desk

പ്രതിസന്ധിയെ മറികടക്കാം, മികച്ച ആസൂത്രണത്തിലൂടെ
X

Summary

കോവിഡ് കാലത്ത് ബഹുഭൂരിപക്ഷം ആള്‍ക്കാര്‍ക്കും സാമ്പത്തികമായ തിരിച്ചടി നേരിട്ടിരുന്നു. ശരാശരി വരുമാനം കൊണ്ട് കുടുംബ ചെലവുകള്‍ നടത്തി വന്നിരുന്ന മിക്കവര്‍ക്കും തൊഴിലിലും കച്ചവടത്തിലും നഷ്ടം നേരിട്ടപ്പോള്‍ കുടുംബ ബജറ്റും താളം തെറ്റി. കോവിഡ് ബാധ മൂലം ആശുപത്രി ചിലവുകള്‍ പിന്നാലെ വന്നപ്പോഴുണ്ടായ ടെന്‍ഷന്‍ വേറെ. പ്രതിസന്ധിയില്‍ പിടിച്ചു നിന്ന സാധാരണക്കാര്‍ ചുരുക്കം പേര്‍ മാത്രമാണ്. മികച്ച സാമ്പത്തിക ആസൂത്രണം പിന്തുടര്‍ന്നവരാണ് ഇവരെന്ന് നിസ്സംശയം പറയാം. സ്ഥിരതയുള്ള സാമ്പത്തിക അച്ചടക്കമാണ് വേണ്ടതെന്ന് ഇപ്പോള്‍ നാം മനസിലാക്കി കഴിഞ്ഞു. മുന്നോട്ടുള്ള […]


കോവിഡ് കാലത്ത് ബഹുഭൂരിപക്ഷം ആള്‍ക്കാര്‍ക്കും സാമ്പത്തികമായ തിരിച്ചടി നേരിട്ടിരുന്നു. ശരാശരി വരുമാനം കൊണ്ട് കുടുംബ ചെലവുകള്‍ നടത്തി...

കോവിഡ് കാലത്ത് ബഹുഭൂരിപക്ഷം ആള്‍ക്കാര്‍ക്കും സാമ്പത്തികമായ തിരിച്ചടി നേരിട്ടിരുന്നു. ശരാശരി വരുമാനം കൊണ്ട് കുടുംബ ചെലവുകള്‍ നടത്തി വന്നിരുന്ന മിക്കവര്‍ക്കും തൊഴിലിലും കച്ചവടത്തിലും നഷ്ടം നേരിട്ടപ്പോള്‍ കുടുംബ ബജറ്റും താളം തെറ്റി. കോവിഡ് ബാധ മൂലം ആശുപത്രി ചിലവുകള്‍ പിന്നാലെ വന്നപ്പോഴുണ്ടായ ടെന്‍ഷന്‍ വേറെ. പ്രതിസന്ധിയില്‍ പിടിച്ചു നിന്ന സാധാരണക്കാര്‍ ചുരുക്കം പേര്‍ മാത്രമാണ്.
മികച്ച സാമ്പത്തിക ആസൂത്രണം പിന്തുടര്‍ന്നവരാണ് ഇവരെന്ന് നിസ്സംശയം പറയാം. സ്ഥിരതയുള്ള സാമ്പത്തിക അച്ചടക്കമാണ് വേണ്ടതെന്ന് ഇപ്പോള്‍ നാം മനസിലാക്കി കഴിഞ്ഞു. മുന്നോട്ടുള്ള ദിവസങ്ങളില്‍ എങ്കിലും സാമ്പത്തിക അച്ചടക്കത്തെ പിന്തുടര്‍ന്നാല്‍, അവ ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധികളില്‍ സഹായകരമാകുമെന്നുറപ്പ്. ഇത്തരത്തില്‍ നിങ്ങള്‍ക്ക് സഹായകരമാകുന്ന ചുവടുവെപ്പുകളെ അറിഞ്ഞിരിക്കാം.
കടങ്ങളോട് ഗുഡ് ബൈ പറയാം
വരവ് എത്രയുണ്ടെങ്കിലും കടം വാങ്ങി ചെലവ് നടത്തേണ്ട അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഉറപ്പിക്കാം അനാവശ്യ ചെലവുകള്‍ക്ക് അടിമയാണ് നിങ്ങള്‍. ലോണ്‍ പോലുള്ള ബാധ്യതകള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അത്തരം പ്രാധാനമുള്ള കാര്യങ്ങള്‍ക്കുള്ള പണം നീക്കി വെച്ച ശേഷം ബാക്കി തുക സേവിംഗ്‌സ് ആയി സൂക്ഷിക്കാം. വരവില്‍ കവിഞ്ഞ ചെലവ് അത്ര നല്ലതല്ല. ചെറിയൊരു തുകയാണ് സേവിംഗ്‌സ് ഉള്ളത് എങ്കിലും സാരമില്ല. അനാവശ്യ ചെലവുകള്‍ക്ക് ഗുഡ് ബൈ പറയാം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് പരിധി വെക്കുന്നതും നല്ലതാണ്.
ആസ്തികളെ ശരിയായി തരം തിരിച്ച് നിക്ഷേപിക്കാം
വരുമാനം എന്നത് ശമ്പളം മാത്രമാകണം എന്നില്ല ഇതര വരുമാനങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണിത്. ഭൗതികമായ ആസ്തികളായ റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം എന്നിവയിലും സാമ്പത്തിക ആസ്തികളായ ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയിലുമാണ് മിക്കവരും തങ്ങളുടെ നിക്ഷേപം നടത്തുക. ബാങ്ക് ബാലന്‍സ് പോലെ എളുപ്പം പണം എടുക്കാവുന്ന നിക്ഷേപങ്ങള്‍ പ്രതിസന്ധി കാലത്ത് മുതല്‍ക്കൂട്ടാണ്. ഭൗതികമായ ആസ്തി പണമാക്കി മാറ്റാന്‍ സമയമെടുക്കുമെന്നത് ഓര്‍ക്കുക. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ മൂല്യം വര്‍ധിക്കുമെന്നതിനാല്‍ ഭൗതിക സ്വത്തുകളും മികച്ച ആസ്തി തന്നെയാണ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ നിക്ഷേപ രീതിയില്‍ കൂടുതല്‍ ഫോക്കസ് ചെയ്യുക എന്ന് ചുരുക്കം.
ഇന്‍ഷുറന്‍സ് അവഗണിക്കരുത്
കോവിഡ് കാലത്ത് ആശുപത്രി ചെലവുകള്‍ വര്‍ധിച്ചപ്പോള്‍ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് ലഭിച്ച ആശ്വാസം ചെറുതല്ല. പിന്നീട് കൊറോണ ബാധിതര്‍ക്ക് പരിരക്ഷ നല്‍കുന്ന സ്‌കീമുകള്‍ വരെ വന്നു. എന്നാല്‍ നാം മനസിലാക്കേണ്ട കാര്യം ആരോഗ്യ സംബന്ധമായ വെല്ലുവിളി ഏത് കാലത്തും ഉണ്ടാകാം. കുടുംബത്തിന്റെ അത്താണിയായി നില്‍ക്കുന്ന ആള്‍ക്ക് മുതല്‍ കുട്ടികള്‍ക്ക് വരെ ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുന്നത് അപ്രതീക്ഷിതമായ പ്രതിസന്ധി ഘട്ടത്തില്‍ സാമ്പത്തിക പിന്തുണ ലഭിക്കുന്നതിന് സഹായകരമാകും. വീടിന്റെ വായ്പ, വിദ്യാഭ്യാസ വായ്പ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി പല കാര്യങ്ങള്‍ക്കും പരിരക്ഷ ലഭിക്കുന്ന ഇന്‍ഷുറന്‍സ് സ്‌കീമുകളുണ്ടെന്ന് കാര്യം ഓര്‍ക്കുക. ദീര്‍ഘകാല-ഹ്രസ്വകാല ഇന്‍ഷുറന്‍സ് പോളിസികള്‍ ഇപ്പോള്‍ ലഭ്യമാണ്.
അടിയന്തര ഫണ്ടിന്റെ പ്രാധാന്യം
വാഹനത്തില്‍ റിസര്‍വായി ഇന്ധം സൂക്ഷിക്കുന്നത് പോലെ ഒരു റിസര്‍വ് ഫണ്ട് എപ്പോഴും നിങ്ങള്‍ക്ക് ഉണ്ടാകണം. അടിയന്തര ഘട്ടത്തില്‍ സാമ്പത്തിക പിന്തുണയ്ക്ക് ഇവ ഉപകരിക്കും. കൃത്യമായ സാമ്പത്തിക ചിട്ട പിന്തുടര്‍ന്നാല്‍ മാത്രമേ വരുമാനത്തില്‍ നിന്നും അടിയന്തര ഫണ്ടിലേക്ക് ഒരു തുക മാറ്റിവെക്കുവാന്‍ സാധിക്കൂ. കുറഞ്ഞത് ആറ് മാസം മുതല്‍ ഒരു വര്‍ഷത്തേക്ക് വരെ നിത്യ ചെലവുകള്‍ നടത്താന്‍ പ്രാപ്തമായ ഒരു അടിയന്തര ഫണ്ട് നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് മികച്ചൊരു സുരക്ഷയാണ് നിങ്ങള്‍ക്ക് നല്‍കുക. ഇവ ബാങ്ക് സേവിംഗ്‌സായോ സ്ഥിര നിക്ഷേപമായോ സൂക്ഷിക്കാം.
അറിയാത്ത നിക്ഷേപങ്ങളിലേക്ക് ചാടരുത്
മ്യൂച്വല്‍ ഫണ്ട്, ഓഹരി, ഗോള്‍ഡ് ഇ ടി എഫ് തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങള്‍ നേട്ടം നല്‍കുന്നവയാണെങ്കിലും അതിലെ നഷ്ട സാധ്യത എന്ന ഘടകം കാണാതെ പോകരുത്. ഈ മേഖലയില്‍ നേട്ടം കൊയ്യണമെങ്കില്‍ ആഴത്തിലുള്ള അറിവും പ്ലാനിംഗും വേണം. ലളിതവും സുരക്ഷിതവുമായ നിക്ഷേപ പദ്ധതികളെ പിന്തുടരുന്നതാണ് ഉത്തമം. പോസ്‌റ്റോഫീസ് നിക്ഷേപങ്ങള്‍ പോലെ വിശ്വാസ്യതയുള്ള രീതികള്‍ നിങ്ങളുടെ നിക്ഷേപത്തിന് സുരക്ഷയും മികച്ച റിട്ടേണും തരുമെന്ന് ഓര്‍ക്കുക.
കുടുംബ ബജറ്റ് തയാറാക്കാം

ഒരോ മാസവും വരവ് ചെലവ് കണക്കുകള്‍ ഒരു ബുക്കില്‍ കൃത്യമായി രേഖപ്പെടുത്തുക. ഒരു വര്‍ഷമാകുമ്പോള്‍ കുടുംബത്തിന്റെ സാമ്പത്തികമായ കാര്യങ്ങളില്‍ ഒരു ധാരണ ലഭിക്കും. പണം എവിടെയാണ് അനാവശ്യമായി ചെലവാകുന്നത് എന്ന് മനസിലാക്കുന്നതിനും ഇത് നിങ്ങളെ സഹായിക്കും. വരും വര്‍ഷങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ചെലവുകളെ കൂടി മുന്‍കൂട്ടി കാണാന്‍ സാധിച്ചാല്‍ മികച്ചൊരു സാമ്പത്തിക പ്ലാനിംഗിന് നിങ്ങളെ ഇത് പ്രാപ്തനാക്കും.
ഇതര വരുമാനം
ജോലിയില്‍ നിന്നോ കച്ചവടത്തില്‍ നിന്നോ മാത്രം ലഭിക്കുന്ന വരുമാനത്തെ ആശ്രയിക്കരുത്. വാടക ഇനി, സ്ഥിര നിക്ഷേപം, വീട്ടില്‍ നിന്നും ലഭിക്കാവുന്ന മറ്റ് വരുമാന രീതികള്‍ എന്നിവയിലൂടെ ഒക്കെ വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുക. പല തുള്ളി പെരുവെള്ളം എന്നത് പോലെ ഇവ ഗുണം ചെയ്യുമെന്നുറപ്പ്.