2 Oct 2023 4:15 AM GMT
Summary
- ദീർഘ കാല നേട്ടം തരുന്ന 4 സ്‌മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകൾ
വിമലും രാംകിരൺ എന്ന രാമുവും കൂട്ടുകാരായത് റവന്യു വകുപ്പിൽ ജോലിക്കെത്തിയപ്പോഴാണ്. 2007ൽ ഇരുവരും ഒരേ ദിവസമാണ് ഒരേ ഓ ഫീസിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഒരേ സ്ഥലത്തു താമസവും കൂടിയായപ്പോൾ ഈ കൂട്ടുകെട്ട കൂടുതൽ ദൃഢമായി എന്നു മാത്രമല്ല, വർഷങ്ങൾ കഴിഞ്ഞിട്ടും അത് ഒരു പോറൽപോലുമേൽക്കാതെ തുടരുകയും ചെയ്യുന്നു. വിവാഹം കഴിഞ്ഞതോടെ രണ്ടു കുടുംബങ്ങൾ തമ്മിലായി ഈ സൗഹൃദം.
ഗ്രാമത്തിൽനിന്നു വന്നയാളാണ് വിമൽ. രാംകിരൺ നഗരത്തിൽ ജനിച്ചു പഠിച്ചു വളർന്നയാൾ. ഇതൊന്നും അവരുടെ സൗഹൃദത്തിനു തടസമായില്ല. എല്ലാ രഹസ്യങ്ങളും അവർ പങ്കുവച്ചുപോരുന്നു. വിമൽ എല്ലാം അൽപ്പം സുരക്ഷതത്വം തേടുന്നയാളാണ്. അതേ സമയം രാംകിരണിന് റിസ്ക് എടുക്കാൻു മടിയില്ല. അവർക്കു വീക്ഷണ വ്യത്യാസമുള്ളത് ഈയൊരു കാര്യത്തിൽ മാത്രമാണ്. സമ്പാദ്യത്തിന്റെ, നിക്ഷേപത്തിന്റെ കാര്യത്തിൽ. വിമൽ കൈവിട്ടു കളിക്കു തയാറല്ല. വിമൽ എപ്പോഴും സുരക്ഷിത നിക്ഷേപത്തെ ഇഷ്ടപ്പെട്ടുവെങ്കിൽ രാം കിരൺ അക്കാര്യത്തിൽ കുറച്ചു കൂടി റിസ്ക് എടുക്കുവാൻ ആഗ്രഹിക്കുന്നയാളാണ്.
ശമ്പളം കിട്ടിത്തുടങ്ങിയ ആദ്യത്തെ ഒരു വർഷം ഇരുവരും അടിച്ചുപൊളിച്ചു നീങ്ങി. ഇങ്ങനെ പോയാൽ ശരിയാവില്ല, എന്തെങ്കിലും നിക്ഷേപം വേണമെന്നു തീരുമാനിച്ചു. 2008 സെപ്റ്റംബർ മുതൽ 5000 രൂപ നിക്ഷേപം നടത്താൻ തീരുമാനിച്ചു. വിമൽ പറഞ്ഞതുപോലെ തന്നെ നിക്ഷേപം തുടങ്ങി. സുരക്ഷതത്വം കണക്കിലെടുത്ത് പിപിഎഫിൽ ഓരോ മാസവും 5000 രൂപ വീതം നിക്ഷേപം തുടങ്ങി. അന്ന് എട്ടു ശതമാനത്തിനു മുകളിൽ പലിശയുണ്ട് പിപിഎഫിന്.
രാം കിരൺ വീ്ണ്ടും ഒരു വർഷം കൂടി കഴിഞ്ഞാണ് നിക്ഷേപം തുടങ്ങിയത്. അതും വിമലിന്റെ നിർബന്ധം കാരണം. 2009 സെപ്റ്റംബറിലായിരുന്നു രാം കിരൺ 5000 രൂപ വീതം നിക്ഷേപിച്ചു തുടങ്ങിയത്. നിക്ഷേപത്തിനായി തെരഞ്ഞെടുത്തത് ആയിടയ്ക്ക് ന്യൂ ഫണ്ട് ഓഫറുമായി എത്തിയ എസ് ബി ഐ മ്യൂച്വൽ ഫണ്ടിന്റെ എസ്ബിഐ സ്മോൾ കാപ് ഫണ്ട് റെഗുൽ പ്ലാൻ ഗ്രോത്താണ് നിക്ഷേപത്തിനായി തെരഞ്ഞെടുത്തത്. എസ് ഐ പി രീതിയിൽ നിക്ഷേപം നടത്താൻ സാധിക്കുമായിരുന്നു. ഓഹരി വിപണി കനത്ത ഇടിവിനു ശേഷം തിരിച്ചുവരുന്ന സമയമായിരുന്നു. ആ നിക്ഷേപം ഇന്നു തുടരുന്നു.
വിമൽ ഈ സെപ്റ്റംബറിൽ പിപിഎഫിൽ 15 വർഷത്തെ നിക്ഷേപം പൂർത്തിയാക്കിയിരിക്കുകയാണ്. അഞ്ചുവർഷം കൂടി നീട്ടാനുള്ള തീരുമാനത്തിലാണ്. ഇപ്പോൾ 7.1 ശതമാനമാണ് പലിശ. വിമലിന്റെ നിക്ഷേപം മുതലും പലിശയുമടക്കം 15 വർഷംകൊണ്ട് 16,49,750 രൂപയായി വളർന്നിട്ടുണ്ട്. ഈ കാലയളവിലെ വിമലിന്റെ നിക്ഷേപം ഒമ്പതു ലക്ഷം രൂപയാണ്.
ഒരു വർഷം താമസിച്ചു തുടങ്ങിയതിനാൽ രാം കിരൺ 14 വർഷംകൊണ്ട് നിക്ഷേപിച്ചത് 8.4 ലക്ഷം രൂപയാണ്. എന്നാൽ രാം കിരണിന്റെ നിക്ഷേപം 14 വർഷംകൊണ്ട് 48,89,226 രൂപയായി വളർന്നിട്ടുണ്ട്. വാർഷിക റിട്ടേൺ 22.71 ശതമാനം. പതിന്നാലു വർഷം മുമ്പ് 10 രൂപ എൻഎഫ്ഒ നൽകിയ എസ്ബിഐ സ്മോൾകാപ്പ് ഫണ്ടിന്റെ എൻഎവി 134.36 രൂപയായി വളർന്നിരിക്കുന്നു.
ഒരു വർഷം താമസിച്ചു നിക്ഷേപം തുടങ്ങിയിട്ടും രാമുവിന്റെ നിക്ഷേപം വിമലിന്റേതിനേക്കാൾ ഏതാണ്ട് മൂന്നിരട്ടി വളർച്ച നേടിയിരിക്കുന്നു.
ദീർഘകാലത്തിൽ സമ്പത്തു നൽകും.
ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായത്തിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളോടുള്ള നിക്ഷേപകരുടെ താത്പര്യം വർദ്ധിച്ചു. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ മറ്റു അസറ്റ് ക്ലാസുകളെ മറികടന്നു നിക്ഷേപകർക്ക് ഉയർന്ന വരുമാനം ഉണ്ടാക്കികൊടുത്തിട്ടുണ്ട്. സ്ഥിരമായി സമ്പാദിക്കാനും അതു നിക്ഷേപിക്കാനും അതിൽ ദീർഘകാലം തുടരാനും നിക്ഷേപകനെ പ്രേരിപ്പിച്ചതിനൊപ്പം കോമ്പൗണ്ടിങ്ങിന്റെ ശക്തിയുമാണ് ആശ്ചര്യപ്പെടുത്തുന്ന റിട്ടേണുകൾ ലഭ്യമാക്കുവാൻ മ്യൂച്വൽ ഫണ്ടുകളെ പ്രാപ്തമാക്കിയത്.
ഇക്വിറ്റി ഫണ്ടുകളിൽ സ്മോൾ കാപ് ഫണ്ടുകൾ ക്ഷമയോടെ കാത്തിരിക്കുന്ന നിക്ഷേപകർക്ക് ഉയർന്ന വരുമാനം നൽകിയിട്ടുണ്ട്. ചെറിയ വരുമാനമുള്ളവർക്കും മാസം ചെറിയൊരു തുക മാറ്റി വച്ച് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ പ്രവേശിക്കാമെന്നാതാണ് ആകർഷകമായ സംഗതി.
മ്യൂച്വൽ ഫണ്ടുകളിൽ എപ്പോഴും ദീർഘകാലത്തേക്ക് നിക്ഷേപം നടത്താൻ ശ്രദ്ധിക്കുക. മികച്ച പ്രകടനം കാഴ്ച വെക്കുന്ന 3 സ്മോൾ കാപ് മുച്വൽ ഫണ്ടുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ:
1 .നിപ്പോൺ ഇന്ത്യ സ്മോൾ. ക്യാപ് ഫണ്ട്
എൻഎവി: 122.65 രൂപ
2010-ൽ പ്രവർത്തനം ആരംഭിച്ച നിപ്പോൺ ഇന്ത്യ സ്മോൾ കാപ് ഫണ്ട് പ്രധാനമായും സ്മോൾ കാപ് ഓഹരികളിലും ഓഹരിയധിഷ്ഠിത ഉപകരണങ്ങളിലും നിക്ഷേപം നടത്തി ദീർഘകാലത്തിൽ മൂലധന വളർച്ച ലക്ഷ്യമിടുന്നു. ഫണ്ടു മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 2023 ഓഗസ്റ്റ് 31-ന് 36,539.6 കോടി രൂപയാണ്.
ആസ്തിയിൽ 97.7 ശതമാനവും ഓഹരിയിൽ നിക്ഷേപിച്ചിരിക്കുയാണ്. ഇതിൽ 41.01 ശതമാനം സ്മോൾ കാപ് ഒാഹരികളിലും 42.78 ശതമാനം മിഡ് കാപ് ഓ ഹരികളിലുമാണ്. ലാർജ് കാപ്പിലെ നിക്ഷേപം 16.18 ശതമാനത്തോളം വരും. കാപ്പിറ്റൽ ഗുഡ്സ് (19.27 ശതമാനം), ഫിനാൻഷ്യൽ (13.10 ശതമാനം), കെമിക്കൽസ് (8.51), സർവീസസ് ( 8.30 ശതമാനം)കൺസ്യൂമർ സ്റ്റേപ്പിൾസ്് (7.28 ശതമാനം) തുടങ്ങിയവയാണ് മുഖ്യ നിക്ഷേപ മേഖലകൾ.
ട്യൂബ് ഇൻവെസ്റ്റമെന്റ്, എച്ച് ഡിഎഫ്സി ബാങ്ക്, അപാർ ഇൻഡ്, കെപിഐ ടി ടെക്, ക്രെഡിറ്റ് അക്സസ് ഗ്രാമീൺ തുടങ്ങിയവയാണ് മുഖ്യ നിക്ഷേപ ഓഹരികൾ.
വാർഷിക റിട്ടേൺ
കമ്പനി ഒരു വർഷക്കാലത്ത് 32.99 ശതമാനവും മൂന്നു വർഷക്കാലത്ത് 43.48 ശതമാനവും അഞ്ചുവർഷക്കാലത്ത് 24.3 ശതമാനവും വാർഷിക റിട്ടേൺ നൽകിയിട്ടുണ്ട്. ഫണ്ട് പ്രവർത്തനം തുടങ്ങിയതു മുതൽ ഇതുവരെ 21.12 ശതമാനം വാർഷിക റിട്ടേൺ നൽകിയിട്ടുണ്ട്.
ഫണ്ടിന്റെ തുടക്കം മുതലുള്ള എസ്ഐ പി റിട്ടേൺ 21.12 ശതമാനമാണ്. സമീർ റാച്ച്, തേജസ് ഷേത്ത് എന്നിവരാണ് ഫണ്ട് മാനേജർമാർ.
2 .ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട് ഗ്രോത്ത്
എൻഎവി: 193.80 രൂപ
ക്വാണ്ട് മ്യൂച്വൽ ഫണ്ടിൽനിന്നുള്ള ( പഴയ പേര് എസ്കോർട്സ് മ്യൂച്വൽ ഫണ്ട്) ക്വാണ്ട് സ്മോൾ കാപ് ഗ്രോത്ത് ഫണ്ട്, ദീർഘകാല വളർച്ചാ സാധ്യതയുള്ള സ്മോൾ കാപ് ഓ ഹരികളിൽ നിക്ഷേപിച്ച് മൂലധന വളർച്ച ലക്ഷ്യമിടുന്നു. 1996 നവംബർ 24-ന് പ്രവർത്തനം തുടങ്ങിയ ഫണ്ട്ിന്റെ ബഞ്ച്മാർക്ക് സൂചിക നിഫ്റ്റി സ്മോൾകാപ് 250 ഇൻഡെ്ക്സ് ആണ്.
വളരെ ഉയർന്ന റിസ്കുള്ള ഈ ണ്ടിന്റെ ആസ്തിയിൽ 89.01 ശതമാനം ഓഹരികളിലും 4.32 ശതമാനം ഡെറ്റിലും 6.66 ശതമാനം മറ്റ് ആസ്തികളിലുമാണ്. ഫണ്ടിന്റെ ആസ്തി വലുപ്പം 2023 ഓഗസ്റ്റ് 31-ന് 8075.14 കോടി രൂപയാണ്. ആസ്തിയിൽ 48.97 ശതമാനം സ്മോൾ കാപ്പിലും 7.98 ശതമാനം മിഡ്കാപ്പ് ഓഹരികളിലുമാണ്. ലാർജ് കാപ്പിലെ നിക്ഷേപം 7.75 ശതമാനമാണ്. മറ്റുള്ളവയിലെ നിക്ഷേപം 31.56 ശതമാനമാണ്. റിലയൻസ് ഇൻഡ്, എച്ച് ഡിഎഫ്സി, റിലയൻസ് ഇൻഡ് ഫ്യൂച്ചേഴ്സ്, ജിയോ ഫിനാൻഷ്യൽ, ബിക്കാജി ഫുഡ്സ് ഇന്റർനാഷണൽ അരവിന്ദ്, ഉഷ മാർട്ടിൻ തുടങ്ങിയവയാണ് മുഖ്യ നിക്ഷേപ ഓഹരികൾ.
വാർഷിക റിട്ടേൺ
മൂന്നു വർഷക്കാലത്ത് ഫണ്ട് 48.41 ശതമാനം വാർഷിക റിട്ടേൺ നൽകിയിട്ടുണ്ട്. അഞ്ചുവർഷക്കാലത്ത് 30.46 ശതമാനവും പത്തുവർഷക്കാലത്ത് 18.41 ശതമാനവുമാണ് വാർഷിക റിട്ടേൺ. പദ്ധതി തുടങ്ങിയതു മുതലുള്ള വാർഷിക റിട്ടേൺ 17.59 ശതമാനമാണ്. ഇതു കാറ്റഗറി ശരാശരിയായ 22.88 ശതമാനത്തേക്കാൾ കുറവാണ്. എസ് ഐ പി റിട്ടേൺ 14.32 ശതമാനമാണ്.
3 .എസ്ബിഎ സ്മോൾ കാപ് ഫണ്ട്
എൻഎവി 134.36 രൂപ
ദീർഘകാല വളർച്ചയും പെട്ടെന്നു പണമാക്കി മാറ്റുവാനുള്ള അവസരവും ലഭ്യമാക്കുകയും സ്മോൾ കാപ് ഓഹരികളിൽ നിക്ഷേപം നടത്തുന്നതുമായ ഫണ്ടാണ് എസ്ബിഐ സ്മോൾ കാപ് ഫണ്ട്. 2009 സെപ്റ്റംബർ ഒമ്പതിന് ആരംഭിച്ച ഫണ്ടിന്റെ ബഞ്ച്മാർക്ക് ബിഎസ്ഇ 250 സ്മോൾ കാപ് സൂചികയാണ്. എക്സ്പെൻസ് റേഷ്യോ 1.77 ശതമാനമാണ്.
ഫണ്ടിന്റെ റിട്ടേൺ
ഫണ്ട് പ്രവർത്തനം തുടങ്ങിയതു മുതൽ നൽകിയ വാർഷിക റിട്ടേൺ 20.31 ശതമാനമാണ്. അതായത് 2009-ൽ നിക്ഷേപിച്ച ഒരു ലക്ഷം രൂപ 14 വർഷംകൊണ്ട് 7,88,770 രൂപയായി വളർന്നിരിക്കുന്നു. ഏതാണ്ട് എട്ടിരട്ടി.
ഒരു വർഷക്കാലത്ത് ഫണ്ട് 20.46 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്.മൂന്നുവർഷക്കാലത്ത് ഫണ്ടു നൽകിയ വാർഷിക റിട്ടേൺ 32.95 ശതമാനവും അഞ്ചു വർഷക്കാലത്ത് 21.38 ശതമാനവും 10 വർഷക്കാലത്ത് 27.1 ശതമാനവും വാർഷിക റിട്ടേൺ നൽകിയിട്ടുണ്ട്.
ഫണ്ടിന്റെ തുടക്കം മുതലുള്ള എസ്എെപി വാർഷിക റിട്ടേൺ 22.71 ശതമാനമാണ്. പ്രതിമാസം 10000 രൂപ വീതം നിക്ഷേപിച്ചിരുന്നെങ്കിൽ അത് 97,78 ,452 രൂപയായി വളരുമായിരുന്നു.
ആസ്തിയും നിക്ഷേപവും
ഫണ്ട് മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 2023 ഓഗസ്റ്റ് 31-ന് 20911.7 കോടി രൂപയാണ്. അസ്തിയിൽ 93.81 ശതമാനവും ഒാഹരിയിൽ നിക്ഷേപിച്ചിരിക്കുന്നു. അതിൽതന്നെ സ്മോൾ കാപ്പിലെ നിക്ഷേപം 50.11 ശതമാനമാണ്. മിഡ്കാപ് ഓഹരികളിൽ 7.77 ശതമാനവും ലാർജ് കാപ്പിൽ 0.66 ശതമാനവും നിക്ഷേപിച്ചിരിക്കുന്നു. മറ്റുള്ളവയിലെ നിക്ഷേപം 29.07 ശതമാനമാണ്.
സേവനമേഖല ( 19.41 ശതമാനം), കാപ്പിറ്റൽ ഗുഡ്സ് (12.8 ശതമാനം) കൺസ്യൂമർ (12.63 ശതമാനം), മെറ്റൽസ് ആൻഡ് മൈനിംഗ് ( 7.05 ശതമാനം), കെമിക്കൽസ് ( 6.75 ശതമാനം), ധനകാര്യം ( 6.33 ശതമാനം ) തുടങ്ങിയവയാണ് മുഖ്യ നിക്ഷേപമേഖലകൾ. ഫണ്ട് 15 മേഖലകളിലെ ഓഹരികളിലാണ് പ്രധാനമായും നിക്ഷേപംനടത്തിയിട്ടുള്ളത്.
ഫണ്ടിന്റെ നിക്ഷേപശേഖരത്തിൽ 54 ഓഹരികളാണുള്ളത്. ബ്ലൂസ്റ്റാർ ( 3.3 ശതമാനം), എസ്ബിഎഫ് സി ഫിൻ (2.9 ശതമാനം), കൽപ്പതരു പ്രോജക്ട്സ് (2.8 ശതമാനം), കാർബറോണ്ടം ( 2.7 ശതമാനം), ഫിനോളക്സ് കേബിൾസ്(2.7 ശതമാനം), ലെമൺ ട്രീ ( 2.6 ശതമാനം) സിഎംഎസ് ഇൻഫോ (2.6 ശതമാനം), ഷാലറ്റ് ഹോട്ടൽസ് ( 2.6 ശതമാനം) വി-ഗാർഡ് ( 2.6 ശതമാനം) തുടങ്ങിയവയാണ് മുൻനിര നിക്ഷേപ ഒാഹരികൾ.
4.എച്ച്ഡിഎഫ്സി സ്മോൾ കാപ് ഫണ്ട്
എൻഎവി 104.94 രൂപ
പതിനഞ്ചുവർഷം പൂർത്തിയാക്കിയ എച്ച്ഡിഎഫ്സി സ്മോൾകാപ് ഫണ്ടിന്റെ തുടക്കം 2008 ഏപ്രിൽ മൂന്നിനാണ്. ഫണ്ടിന്റെ വലുപ്പം ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-ന് 22,560 കോടി രൂപയാണ്. ഫണ്ടിന്റെ എക്സ്പെൻസ് റേഷ്യോ 1.65 ശതമാനമാണ്.
ഫണ്ടിന്റെ റിട്ടേൺ
പദ്ധതി തുടങ്ങിയതു മുതൽ ഫണ്ടു നൽകിയ റിട്ടേൺ 16.33 ശതമാനമാണ്. അതായത് 2008 ഏപ്രിൽ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 11.95 ലക്ഷം രൂപയായി വളർന്നിരിക്കുന്നു. ഒരു വർഷക്കാലത്ത് 40.44 ശതമാനവും മൂന്നു വർഷക്കാലത്ത് 40.92 ശതമാനവും അഞ്ചുവർഷക്കാലത്ത് 19.91 ശതമാനവും പത്തുവർഷക്കാലത്ത് 21.37 ശതമാനവും വാർഷിക റിട്ടേൺ നൽകിയിട്ടുണ്ട്.
ഫണ്ടിന്റെ ബഞ്ച്മാർക്ക് ബിഎസ്ഇ 250 സ്മോൾ കാപ് സൂചികയാണ്. എല്ലാകാലയളവിലും ബഞ്ച്മാർക്കിനേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാൻ ഫണ്ടിനു കഴിഞ്ഞിട്ടുണ്ട്.
പതിനഞ്ചു വർഷത്തെ എസ്ഐ പി വാർഷിക റിട്ടേൺ 19.26 ശതമാനമാണ്. അതായത് പ്രതിമാസം 10000 രൂപ വീതം ഈ ഫണ്ടിൽ തുടക്കം മുതൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇപ്പോൾ 89,44,567 രൂപയായി വളരുമായിരുന്നു.
ആസ്തിയും നിക്ഷേപവും
ഫണ്ടിന്റെ ആസ്തിയിൽ 93.61 ശതമാനവും ഓഹരിയും ഓഹരിയധിഷ്ഠിത ഉപകരണങ്ങളിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. കാഷ് ആയി 6.39 ശതമാനം കൈവശം വച്ചിട്ടുണ്ട്. ഫണ്ടിന്റെ നിക്ഷേപത്തിൽ സ്മോൾ കാപ്പിലെ നിക്ഷേപം 41.98 ശതമാനമാണ്. മിഡ്കാപ്പിലാണ് 54.17 ശതമാനവും നിക്ഷേപിച്ചിട്ടുള്ളത്. ലാർജ് കാപ് നിക്ഷേപം 3.79 ശതമാനമേയുള്ളു.
ഫണ്ടിന്റെ ശേഖരത്തിൽ 75 ഓഹരികളാണുള്ളത്. സൊണാറ്റ സോഫ്റ്റ് വെയർ (4.34 ശതമാനം),ബാങ്ക് ഓഫ് ബറോഡാ (3.55 ശതമാനം), ഫസ്റ്റ്സോഴ്സ് സൊലൂഷൻസ് (3.55 ശതമാനം), ബജാജ് ഇലക്ട്രിക്കൽസ്( 2.85 ശതമാനം), എച്ച് ഡി എഫ്സി (2.78 ശതമാനം), ആസ്റ്റർ ഡിഎം (2.45 ശതമാനം) ഇ- ക്ലർക്സ് ( 2.43 ശതമാനം) തുടങ്ങിയവാണ് മുൻനിര നിക്ഷേപങ്ങൾ.
സേവന മേഖലയിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം. ഏതാണ്ട് 19.78 ശതമാനം. കാപ്പിറ്റൽ ഗുഡ്സ് (14.33 ശതമാനം), ധനകാര്യം ( 11.77 ശതമാനം), ഹെൽത്ത്കെയർ (10.59 ശതമാനം), ഓട്ടോ ( 5.81 ശതമാനം), മറ്റീരിയൽസ് ( 5.62 ശതമാനം), കെമിക്കൽ 94.39 ശതമാനം) തുടങ്ങിയവാണ് മറ്റു മുഖ്യ നിക്ഷേപ മേഖലകൾ.
Edited by : Joy Philip , Chief Editor
* എൻ എ വി, 2023 സെപ്റ്റംബർ 29-ലേത് .
@ ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയ്യാറാക്കിയിട്ടുള്ളത്