image

17 Jun 2023 10:09 AM GMT

Investments

സ്ഥിര നിക്ഷേപവും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമും; 60 വയസ് കഴിഞ്ഞവര്‍ക്ക് ബെസ്റ്റ് ഏത്?

MyFin Desk

സ്ഥിര നിക്ഷേപവും സീനിയര്‍ സിറ്റിസണ്‍  സേവിംഗ്‌സ് സ്‌കീമും; 60 വയസ്  കഴിഞ്ഞവര്‍ക്ക് ബെസ്റ്റ് ഏത്?
X

Summary

  • സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്ക് 8.2 ശതമാനം
  • ഫോം 15 എച്ച് ഹാജരാക്കുകയാണെങ്കില്‍ ടിഡിഎസ് ഈടാക്കുകയില്ല
  • മുതിര്‍ന്ന പൗരന്മാരായ നിക്ഷേപര്‍ക്ക് വിവിധ ബാങ്കുകൾ നൽകുന്ന പദ്ധതികൾ


സാധാരണ പൗരന്മാരെ അപേക്ഷിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നിരക്കുകള്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 0.25% മുതല്‍ 0.50% വരെയാണ് ബാങ്കുകള്‍ കൂടുതലായി നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമുണ്ട്. ഇവിടെ പലിശ നിരക്ക് ഓരോ പാദത്തിലും അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യും. ഈ രണ്ട് സ്‌കീമും തമ്മിലും ആശയക്കുഴപ്പമുള്ളവരാണോ? പ്രശ്‌ന പരിഹാരത്തിന് ഒരു താരതമ്യം ആകാം.

മുതിര്‍ന്ന പൗരന്മാരായ നിക്ഷേപര്‍ക്ക് എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പിഎന്‍ബി, ആക്‌സിസ്, യെസ് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര ബാങ്കുകള്‍ 5 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്കായി വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കും സീനിയര്‍ സീറ്റിസണ്‍ സേവിഗംസ് സ്‌കീമിലെ പലിശ നിരക്കും താരതമ്യം നോക്കാം.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

2023 ജൂണില്‍ അവസാനിക്കുന്ന പാദത്തില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്ക് സര്‍ക്കാര്‍ പരിഷ്‌കരിച്ചിരുന്നു. 8.2 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. കുറഞ്ഞത് 1,000 രൂപയും പരമാവധി 30 ലക്ഷം രൂപയുമാണ് നിക്ഷേപിക്കാന്‍ സാധിക്കുക. 5 വര്‍ഷമാണ് കാലാവധി. ഈ കാലയളവില്‍ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ സീനിയര്‍ സേവിംഗ്‌സ് സ്‌കീം അക്കൗണ്ടുകളിലെ മൊത്തം പലിശ 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ പലിശയ്ക്ക് നികുതി ബാധകമാണ്. കൂടാതെ നിശ്ചിത നിരക്കില്‍ ടിഡിഎസ് പലിശയില്‍ നിന്ന് ഈടാക്കുമെന്ന് പോസ്റ്റ് ഓഫീസ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഫോം 15 എച്ച് ഹാജരാക്കുകയാണെങ്കില്‍ ടിഡിഎസ് ഈടാക്കുകയില്ല.

എസ്ബിഐ പലിശ നിരക്ക്

എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം പ്രകാരം 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7.50% പലിശയാണ് നല്‍കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സീനിയര്‍ സിറ്റിസണ്‍ കെയര്‍ സ്ഥിര നിക്ഷേപം 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിന് 7.75% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 4 വര്‍ഷം 7 മാസം മുതല്‍ 55 മാസം വരെയുള്ള കാലയളവില്‍ 7.75% എന്ന ഉയര്‍ന്ന പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്‌സ് സ്ഥിര നിക്ഷേപം 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 7.50% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 15 മാസം മുതല്‍ 2 വര്‍ഷം വരെയുള്ള കാലാവധിയില്‍ 7.60% പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

ആക്‌സിസ് ബാങ്ക്

മുതിര്‍ന്ന പൗരന്മാര്‍ക്ക് 18 മാസം മുതല്‍ 5 വര്‍ഷം വരെയുള്ള കാലയളവില്‍ ആക്‌സിസ് ബാങ്ക് 7.75% മുതല്‍ 8.00% വരെ പലിശ നിരക്കുകള്‍ നല്‍കുന്നു.

യെസ് ബാങ്ക്

യെസ് ബാങ്ക് 15 മാസം മുതല്‍ 5 വര്‍ഷം വരെയുള്ള കാലയളവിലേക്ക് 7.75% മുതല്‍ 8.25% വരെ പലിശ നിരക്ക് നല്‍കുന്നു. ഏറ്റവും ഉയര്‍ന്ന പലിശ നിരക്കായ 8.25% നല്‍കുന്നത് 18 മാസം മുതല്‍ 36 മാസത്തില്‍ താഴെയുള്ള കാലയളവിലാണ്. 36 മാസം മുതല്‍ 120 മാസത്തില്‍ താഴെ വരെയുള്ള കാലയളവില്‍ 7.75% പലിശ നല്‍കും.