4 Oct 2023 10:08 AM GMT
Summary
- പുതിയ സംവിധാനം 2024 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
- മരണ സര്‍ട്ടിഫിക്കറ്റും, പാന്‍ കാര്‍ഡും നോമിനിയില്‍ നിന്നോ ബന്ധപ്പെട്ടവരില്‍ നിന്നോ ശേഖരിച്ച് ഓണ്‍ലൈനായോ, ഓഫ്‌ലൈനായോ പരിശോധിക്കണം.
ഡെല്‍ഹി: നിക്ഷേപകന്‍ മരിച്ചാല്‍ കെവൈസി രജിസ്‌ട്രേഷന്‍ ഏജന്‍സി (കെആര്‍എ) വഴി റിപ്പോര്‍ട്ടിംഗിനും പരിശോധനയ്ക്കുമായി കേന്ദ്രീകൃത സംവിധാനം പ്രഖ്യാപിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. പുതിയ സംവിധാനം 2024 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
നിക്ഷേപകര്‍, അക്കൗണ്ടുടമകള്‍ എന്നിവരുമായി ഇടപഴകുന്ന രജിസ്റ്റര്‍ ചെയ്ത ഇടനിലക്കാര്‍ ഉള്‍പ്പെടെയുള്ള റെഗുലേറ്റഡ് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളും സെബി നല്‍കിയിട്ടുണ്ട്. നിക്ഷേപകന്‍ മരിച്ചു എന്ന അറിയിപ്പ് ലഭിച്ച ശേഷം, നിക്ഷേപകനുമായി ബന്ധപ്പെട്ട ഇടനിലക്കാരന് മരണ സര്‍ട്ടിഫിക്കറ്റും, പാന്‍ കാര്‍ഡും നോമിനിയില്‍ നിന്നോ ബന്ധപ്പെട്ടവരില്‍ നിന്നോ ശേഖരിച്ച് ഓണ്‍ലൈനായോ, ഓഫ്‌ലൈനായോ പരിശോധിക്കണമെന്നാണ് സെബി വ്യക്തമാക്കുന്നത്.
മരിച്ചയാളുടെ മരണ സര്‍്ട്ടിഫിക്കറ്റും പാനും ഇലക്ട്രോണിക് രൂപത്തിലാണ് പരിശോധിക്കുന്നതെങ്കില്‍ (ഓണ്‍ലൈനായി) അത് നല്‍കുന്നയാളുടെ പാന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും പരിശേധിക്കണം. നിക്ഷേപകന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ച ശേഷം ബന്ധപ്പെട്ട ഇടനിലക്കാരന് മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ നിക്ഷേപകന്റെ കെവൈസി സ്റ്റാറ്റസ് 'ഓണ്‍ ഹോള്‍ഡ്' എന്നാക്കിയിട്ടുണ്ടെന്ന് നോമിനിയെ അറിയിക്കുകയും നിക്ഷേപകന്റെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യാം.
ഇടനിലക്കാരന്‍ മരണ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം അതേ ദിവസം തന്നെ കെവൈസിയില്‍ മാറ്റം വരുത്തണമെന്ന് കെആര്‍എയ്ക്ക് അപേക്ഷ നല്‍കാം. കെവൈസി രജിസ്‌ട്രേഷന്‍ ഏജന്‍സിയിലാണ് ഉപഭോക്താക്കളുടെ കെവൈസി രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നത്. സെബിയില്‍ രജിസ്റ്റര്‍ ചെയ്ത ഇടനിലക്കാര്‍ ഉപഭോക്താക്കളില്‍ നിന്നും ശേഖരിക്കുന്ന കൈവൈസി രേഖകള്‍ കെആര്‍എയ്ക്ക് കൈമാറും. ബിഎസ്ഇ ടെക്‌നോളജീസ്, കാംസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസസ്, സിഡിഎസ്എല്‍ വെഞ്ച്വേഴ്‌സ്, എന്‍എസ്ഡിഎല്‍ ഡാറ്റബേസ്, എന്‍എസ്ഇ ഡാറ്റ ആന്‍ഡ് അനലിറ്റ്ക്‌സ്, കാര്‍വി ഡാറ്റ മാനേജ്‌മെന്റ് എന്നിവയൊക്കെ കെവൈസി രജിസ്‌ട്രേഷന്‍ ഏജന്‍സികളാണ്.