19 Jun 2023 12:44 PM GMT
മ്യൂച്വല്‍ ഫണ്ടും പോസ്റ്റ് ഓഫീസ് പദ്ധതികളും; വിരമിച്ചവര്‍ക്കുള്ള മൂന്ന് റെഗുലര്‍ വരുമാന ഓപ്ഷനുകളിതാ
MyFin Desk
Summary
- വിവിധ പോസ്റ്റ് ഓഫീസ് മ്യൂച്വൽ ഫണ്ട് പദ്ധതികളെ അറിയാം
- പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിലെ നിക്ഷേപങ്ങള്‍ക്ക് നികുതിയിളവിന് അര്‍ഹതയില്ല
- മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമാണ്
വിരമിക്കല്‍ വര്‍ഷങ്ങളില്‍ സ്ഥിരമായ ഒരു വരുമാന സ്രോതസ്സ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. വിരമിക്കല്‍ കാലത്ത് ചില ചെലവുകള്‍ ഇല്ലാതാകും, വാടക, കാര്‍, ഭവന വായ്പകളുടെ ഇഎംഐ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ചെലവുകള്‍ വിരമിക്കല്‍ കാലത്ത് ഇല്ലാതാകും. ആരോഗ്യപരമായ ചെലവ് ഗണ്യമായി വര്‍ദ്ധിച്ചേക്കാം. അതിനാല്‍ വിരമിക്കല്‍ വര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് സ്ഥിരമായ വരുമാനം ആവശ്യമാണ്. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി, മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് വിത്ത്‌േ്രേഡാവല്‍ പ്ലാന്‍ എന്നിവ വിരമിച്ചതിന് ശേഷം സ്ഥിരമായ വരുമാനം നേടാന്‍ കഴിയുന്ന അത്തരം മൂന്ന് ഓപ്ഷനുകളാണ്.
സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. സൈന്യത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് 50 വയസും സൂപ്പര്‍ആനുവേഷനില്‍ വിരമിച്ചവരുമാണെങ്കില്‍ 55 വയസും മതിയാകും. 1,000 രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. പദ്ധതിക്ക് അഞ്ച് വര്‍ഷത്തെ ലോക്ക്ഇന്‍ കാലയളവ് ഉണ്ട്. പലിശ നിരക്ക് പ്രതിവര്‍ഷം 8 ശതമാനമാണ്. ത്രൈമാസത്തിലൊരിക്കലാണ് പലിശ നല്‍കുക. അക്കൗണ്ട് തുറക്കാന്‍ അടുത്തുള്ള പോസ്റ്റ് ഓഫീസോ ബാങ്കോ സന്ദര്‍ശിച്ചാല്‍ മതിയാകും.
1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80C പ്രകാരം 1.50 ലക്ഷം രൂപയുടെ നികുതി ഇളവുണ്ട്. എന്നാല്‍ പലിശ വരുമാനത്തിന് നികുതി ബാധകമാണ്. പലിശ 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിഡിഎസ് കുറയ്ക്കും.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
പോസ്റ്റ് ഓഫീസ് നടത്തുന്ന നിക്ഷേപ പദ്ധതിയാണ് പ്രതിമാസ വരുമാന പദ്ധതി. മാസത്തില്‍ പലിശ വരുമാനം നല്‍കുന്നു. സ്ഥിരമായ പ്രതിമാസ വരുമാനം ആവശ്യമുണ്ടെങ്കില്‍, ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് നിക്ഷേപ നിരക്ക് കൂടുതലായതിനാല്‍ ഇതൊരു മികച്ച ഓപ്ഷനാണ്.
ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. പരമാവധി നിക്ഷേപം വ്യക്തിഗത അക്കൗണ്ടില്‍ 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിന് 15 ലക്ഷം രൂപയുമാണ്. പ്രതിവര്‍ഷം 7.10 ശതമാനമാണ് പലിശ. 5 വര്‍ഷമാണ് കാലാവധി.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിലെ നിക്ഷേപങ്ങള്‍ക്ക് നികുതിയിളവിന് അര്‍ഹതയില്ല. കൂടാതെ ടിഡിഎസും ബാധകമല്ല.
സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന്റെ (എസ്‌ഐപി) നേര്‍ വിപരീതമാണ് സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍. മ്യൂച്വല്‍ ഫണ്ട് നിക്ഷേപകന് ഒരു സ്‌കീമില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ഘട്ടം ഘട്ടമായി പണം പിന്‍വലിക്കാന്‍ ഇത് അനുവദിക്കുന്നു. ഒരാള്‍ക്ക് പ്രതിമാസം ഒരു നിശ്ചിത തുക അല്ലെങ്കില്‍ നിശ്ചിത യൂണിറ്റ് പിന്‍വലിക്കാം. മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമാണ്. സ്‌കീമിന്റെ പ്രകടനം മോശമായാല്‍ പിന്‍വലിക്കുന്ന തുക നിക്ഷേപത്തില്‍ നിന്നായിരിക്കും.
ഡെറ്റ് ഫണ്ടുകളില്‍ നിന്നാണ് പിന്‍വലിക്കുന്നതെങ്കില്‍ ഹോള്‍ഡിംഗ് കാലയളവ് മൂന്ന് വര്‍ഷത്തില്‍ താഴെയാണെങ്കില്‍, മൂലധന നേട്ടം മൊത്തത്തിലുള്ള വരുമാനത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയും നിങ്ങളുടെ ആദായ നികുതി സ്ലാബ് നിരക്ക് അനുസരിച്ച് നികുതി ചുമത്തുകയും ചെയ്യും. ഹോള്‍ഡിംഗ് കാലയളവ് മൂന്ന് വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍, ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കുകയും 20 ശതമാനം നികുതി ചുമത്തുകയും ചെയ്യും.
ഇക്വിറ്റി ഫണ്ടുകളുടെ കാര്യത്തില്‍ ഹോള്‍ഡിംഗ് കാലയളവ് ഒരു വര്‍ഷത്തില്‍ കുറവാണെങ്കില്‍ മൂലധന നേട്ടത്തിന് 15 ശതമാനം നികുതി ചുമത്തും, അതേസമയം ഹോള്‍ഡിംഗ് കാലയളവ് ഒരു വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍, അത് ദീര്‍ഘകാലമായി കണക്കാക്കും. 10 ശതമാനം നികുതി ചുമത്തും.