4 Oct 2023 9:21 AM GMT
Summary
- പൈയുടെ നിക്ഷേപം 60 -70 കോടി രൂപ
- സൗന്ദര്യ വർധകവസ്തുക്കളുടെ ഓണ്‍ലൈന്‍ റീട്ടെയ് ലർ
പ്രശസ്ത നിക്ഷേപകനായ രഞ്ജൻ പൈ, സൗന്ദര്യവർധക ഉത്പന്നങ്ങളുടെ ഓൺലൈൻ റീട്ടെയ്‌ലറായ പർപ്പിൾ കമ്പനിയിൽ നിക്ഷേപം നടത്തും. ഇതിനായി ജെഎസ് ഡബ്ള്യു വെഞ്ചേഴ്സിന്‍റെ പർപ്പിള്‍ കമ്പനിയിലെ ഓഹരി പങ്കാളിത്തം 60 - 70 കോടി രൂപയ്ക്കു പൈ വാങ്ങും.
അഞ്ചു മാസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് ജെഎസ് ഡബ്ള്യു വെഞ്ചേഴ്സ് പർപ്പിള്‍ കമ്പനിയിലെ ഓഹരികള്‍ വിറ്റഴിക്കുന്നത്. നേരത്തെ നിക്ഷേപത്തില്‍ ഒരു ഭാഗം അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്ക് ജെഎസ് ഡബ്ള്യു വിറ്റിരുന്നു. ഇതു വഴി പർപ്പിള്‍ കമ്പനിയിലെ നിക്ഷേപത്തിന്‍റെ 18 മടങ്ങ് നേട്ടം ജെ എസ് ഡബ്ള്യുവിനു ലഭിച്ചതായി സ്വകാര്യ മാർക്കറ്റ് ഡാറ്റ ദാതാവായ ട്രാക്സന്‍ നിരീക്ഷിച്ചിരുന്നു. ജൂലൈയില്‍ ജെഎസ് ഡബ്ള്യുവിന് പർപ്പിളില്‍ 2 .8 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്നുവെന്നും ട്രാക്സന്‍ നിരീക്ഷിക്കുന്നു.
മണിപ്പാല്‍ ഹോസ്പിറ്റല്‍സിന്‍റെ നിയന്ത്രണ ഓഹരി നേരത്തെ പൈ സിംഗപ്പൂരിലെ ടെമാസെക് കമ്പനിക്കു വിറ്റിരുന്നു. അതില്‍നിന്നു ലഭിച്ച തുകയാണ് പൈ സ്റ്റാർട്ടപ്പുകളിലും നവോദയ കമ്പനികളിലും നിക്ഷേപിക്കുന്നത്.
2012 -ല്‍ മനീഷ് തനേജ, രാഹൂല്‍ ഡാഷ് എന്നിവർ ചേർന്നു പ്രമോട്ടു ചെയ്ത പർപ്പിള്‍ സൌന്ദര്യവർധക വസ്തുക്കളുടെ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം രൂപപ്പെടുത്തുകയായിരുന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള നൈക, വാള്‍മാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള മന്ത്ര, ഫ്ളിപ് കാർട്ട് തുടങ്ങിയവയാണ് കമ്പനിയുടെ മുഖ്യഎതിരാളികള്‍.
പ്രേംജി ഇന്‍വെസ്റ്റ്, ബ്ല്യൂം വെഞ്ചേഴ്സ് , പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കേദാര കാപ്പിറ്റല്‍, ഗോള്‍ഡ് മാന്‍ സാച്സ്സ ജെഎസ് ഡബ്ള്യു വെഞ്ചേഴ്സ് തുടങ്ങി നിരവധി നിക്ഷേപകരില്‍നിന്നായി പര്‍പ്പിള്‍ കമ്പനി 45 കോടി ഡോളര്‍ സമാഹരിച്ചിരുന്നു.