image

16 Aug 2024 7:39 AM GMT

Investments

ഈ റെയില്‍ ഓഹരി 35% കുതിപ്പിലേക്കെന്ന് അനലിസ്റ്റ്, കാരണം ഇതാണ്

sruthi m m

railway stock market hike
X

പ്രവര്‍ത്തന വരുമാനം 22 ശതമാനം ഇടിഞ്ഞു, സംയുക്ത വരുമാനം പാദാടിസ്ഥാനത്തില്‍ 30 ശതമാനം കുറഞ്ഞു. എന്നിട്ടും പ്രമുഖ അനലിസ്റ്റിന്റെ റഡാറില്‍ വന്ന റെയില്‍ ഓഹരി. ബുള്ളിഷ് പ്രവണതയാണ് അനലിസ്റ്റ് പ്രവചനം. അതും 35% കുതിപ്പ്. ടെക്‌സ്മാകോ ആണ് ഈ റെയില്‍ ഓഹരി. 35% മുന്നേറ്റം പ്രവചിച്ചിരിക്കുന്നത് പ്രമുഖ ബ്രോക്കറേജായ നുവാമയാണ്.

വരുമാന വര്‍ധന അനുകൂലം

നുവാമുടെ പ്രവചനത്തിന് കാരണമായ വസ്തുതകളിലേക്ക് നോക്കിയാല്‍ വാര്‍ഷികാടിസ്ഥാനത്തിലുണ്ടായ വരുമാന വര്‍ധനയാണ് അനുകൂല ഘടകങ്ങളിലൊന്ന്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വെല്ലിവിളി ഉയര്‍ത്തിയ വിഷയങ്ങളിലൊന്ന് പൊതുതിരഞ്ഞെടുപ്പായിരുന്നു. അതുപോലെ തന്നെ കാലാവസ്ഥ വ്യതിയാനങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇത്തരം നെഗറ്റീവ് ഘടകങ്ങളുണ്ടായിട്ടും കമ്പനി വാര്‍ഷിക വരുമാനത്തില്‍ 30% ഉയര്‍ച്ചയാണ് കൈവരിച്ചത്. രണ്ടാമതായി ടെക്‌സ്മാകോയുടെ മൂലധനത്തിലുമുണ്ടായ വര്‍ധനയും കമ്പനിയുടെ ബിസിനസ് വിഭാഗമായ റെയില്‍ വാഗണിന്റെ ഉല്‍പ്പാദനത്തിലുണ്ടായ ഉയര്‍ച്ചയും നുവാമ പോസീറ്റീവ് ഘടകമായി ചൂണ്ടികാണിക്കുന്നു.

റെയില്‍വേ കരാറുകള്‍

ഇത്തവണ റെയില്‍വേയില്‍ നിന്നുള്ള ചില സുപ്രധാന കരാറുകള്‍ കമ്പനിയ്ക്ക് നഷ്ടമായിരുന്നു. എന്നിട്ടും നികുതി ഒഴിച്ചുള്ള ലാഭ(പിഎടി)ത്തില്‍ 176 ശതമാനമാണ് വര്‍ധന. കേന്ദ്രസര്‍ക്കാരിന്റെ അടിസ്ഥാന നിര്‍മാണ മേഖലയിലുള്ള പദ്ധതികളും ബജറ്റ് വിഹിതവും കമ്പനിയ്ക്ക് അനുകൂലമാണ്. ഇത് കൂടുതല്‍ കരാറുകള്‍ കമ്പനിയിലേക്ക് എത്തിക്കും. 2024ന്റെ ആദ്യപാദത്തില്‍ കമ്പനിയ്ക്ക് ലഭിച്ചത് 7460 കോടിയുടെ കരാറുകളാണ്. ഇതില്‍ തന്നെ 60% കരാര്‍ വന്നിരിക്കുന്നത് വാഗണ്‍ ഉല്‍പ്പാദനത്തിനാണ്. സ്വകാര്യ കമ്പനികളില്‍ നിന്ന് 12% വാഗണ്‍ ഉല്‍പ്പാദന കരാറുകളും കമ്പനി നേടിയിട്ടുണ്ട്. 2025 സാമ്പത്തിക വര്‍ഷം ലക്ഷ്യമാക്കി ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് 6900 വാഗണ്‍ നിര്‍മിക്കാനുള്ള ഓര്‍ഡര്‍ കമ്പനിയ്ക്ക് ലഭിച്ചിട്ടുണ്ട്. ബജറ്റിലെ പല പദ്ധതികളും കരാറുകളുടെ ഒഴുക്ക് കമ്പനിയിലേക്ക് എത്തുമെന്ന സൂചനയാണ് നല്‍കുന്നതെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടികാണിക്കുന്നു.

ശക്തം പണമൊഴുക്ക്

കടത്തെക്കാള്‍ അധികം തുക ടെക്‌സ്മാകോയിലേക്ക് എത്തുന്നു-ഇതാണ് നുവാമ അനലിസ്റ്റുകള്‍ ചൂണ്ടികാണിക്കുന്ന മറ്റൊരു വസ്തുത. അടുത്ത ഒരുമാസത്തിനകം ജിന്‍ഡാല്‍ റെയില്‍ ഏറ്റെടുക്കല്‍ കമ്പനി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 615 കോടിയുടെ ഇടപാടാണ് ഇത്. മുംബൈ റെയില്‍ വികാസ് കോര്‍പറേഷനില്‍ നിന്ന് 240 കോടിയുടെ കരാറും കമ്പനി നേടിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ഓഹരിയ്ക്ക് ബ്രോക്കറേജ് ഇപ്പോള്‍ ബൈ കോള്‍ നല്‍കിയിരിക്കുന്നത്. ടാര്‍ഗറ്റായി നല്‍കിയിരിക്കുന്നത് 331 രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, നിക്ഷേപകരുടെ പണം ഇരട്ടിയാക്കിയ ഓഹരികളിലൊന്ന് കൂടിയാണ് ടെക്‌സ്മാകോ. 110 ശതമാനത്തോളം ഉയര്‍ച്ച.