താരതമ്യേന കൂടിയ പലിശ നിരക്കും നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഉറപ്പുമാണ് പി പി എഫ് നിക്ഷേപങ്ങളെ ജനകീയമാക്കുന്നത്. ചെറുകിട...
താരതമ്യേന കൂടിയ പലിശ നിരക്കും നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഉറപ്പുമാണ് പി പി എഫ് നിക്ഷേപങ്ങളെ ജനകീയമാക്കുന്നത്. ചെറുകിട സമ്പാദ്യങ്ങളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി 1968ല്‍ നാഷണല്‍ സേവിങ്സ് ഓര്‍ഗനൈസേഷന്‍ ആരംഭിച്ചതാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി പി എഫ്) പദ്ധതി.
വിപണിയിലെ ഏറ്റക്കുറച്ചിലുകളുമായി ബന്ധമില്ലാത്തതിനാലും സുസ്ഥിരവും ഉറപ്പുള്ളതുമായ വരുമാനം വാഗ്ദാനം ചെയ്യുന്നതിനാലും, പബ്ലിക് പ്രോവിഡന്റ് ഫണ്ട് പദ്ധതി നിക്ഷേപകര്‍ക്കിടയില്‍ ജനപ്രിയമാണ്. മാത്രമല്ല 1961 ലെ ആദായനികുതി വകുപ്പിലെ സെക്ഷന്‍ 80 പ്രകാരം നിക്ഷേപിച്ച മൂലധനത്തിന് ആദായനികുതി ആനുകൂല്യങ്ങള്‍ക്കും ഇവിടെ അര്‍ഹതയുണ്ടായിരിക്കും.
യോഗ്യതകള്‍
ഇന്ത്യയില്‍ താമസക്കുന്നവര്‍ക്ക് മാത്രമേ പി പി എഫ് അക്കൗണ്ട് ആരംഭിക്കാനാവൂ. മാത്രമല്ല ഒരാള്‍ക്ക് ഒരു പി പി എഫ് അക്കൗണ്ട് മാത്രമേ ആരംഭിക്കാനാവു. പ്രവാസികള്‍ ഇന്ത്യയില്‍ താമസിച്ചിരുന്നപ്പോള്‍ എടുത്ത പി പി എഫ് അക്കൗണ്ട് കാലാവധി നീട്ടാതെ 15 വര്‍ഷം വരെ ഉപയോഗിക്കാനാകും.
പി പി എഫ് അക്കൗണ്ട് ആരംഭിക്കുന്നതിനും സജീവമായി നിലനിര്‍ത്തുന്നതിനും ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കണം. 1.5 ലക്ഷം രൂപയാണ് ഒരു സാമ്പത്തിക വര്‍ഷത്തിലെ അനുവദനീയമായ പരമാവധി നിക്ഷേപം.
ആവശ്യമായ രേഖകള്‍
പി പി എഫ് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള ഫോം ബാങ്ക് ശാഖകളിലും 'ഇന്ത്യാ പോസ്റ്റ്' പോര്‍ട്ടലിലും ലഭ്യമാണ്. ഫോം സമര്‍പ്പിക്കുന്ന സമയത്ത് പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ് എന്നിവയിലെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ആവശ്യമാണ്.
രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും വിലാസം തെളിയിക്കുന്നതിനായി ടെലിഫോണ്‍ ബില്‍, വൈദ്യുതി ബില്‍, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നും നല്‍കേണ്ടതുണ്ട്. പി പി എഫ് അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്യുന്നതിനായി ബാങ്ക് ശാഖയിലെ പേ-ഇന്‍-സ്ലിപ് അല്ലെങ്കില്‍ പി പി എഫ് അക്കൗണ്ടിന്റെ ഒപ്പിട്ട ചെക്ക് ആവശ്യമാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പ്രായം തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
സാക്ഷ്യപ്പെടുത്താം
എല്ലാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തേണ്ടതാണ്. മാത്രമല്ല പി പി എഫ് അക്കൗണ്ട് ആരംഭിക്കുമ്പോള്‍ അസ്സല്‍ രേഖകളെല്ലാം ഹാജരാക്കേണ്ടതുണ്ട്. എസ് ബി ഐ അതിന്റെ അനുബന്ധ ശാഖകള്‍, ഐ സി ഐ സി ഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഐ ഡി ബി ഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ ശാഖകളില്‍ പി പി എഫ് അക്കൗണ്ട് ആരംഭിക്കാം.
ഓണ്‍ലൈനായും അക്കൗണ്ട് തുടങ്ങാം
1.വെബ്‌സൈറ്റ് തുറക്കുക.
3.പി പി എഫ് അക്കൗണ്ട് ആരംഭിക്കുന്നതിന് നിങ്ങളുടെ പേരിലാണെങ്കില്‍ 'സെല്‍ഫ് അക്കൗണ്ട്' ഓപ്ഷനും പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയുടെ പേരിലാണെങ്കില്‍
'മൈനര്‍ അക്കൗണ്ട്' ഓപ്ഷനും തിരഞ്ഞെടുക്കാം.
4.നിക്ഷേപ തുക എത്രയെന്ന് നല്‍കുക.
- നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് പി പി എഫ് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കുന്നതിനുള്ള കൃത്യമായ ഇടവേളകളും തിരഞ്ഞെടുക്കാം.
6.അംഗീകൃത ഇടപാടുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒ ടി പി വരുന്നതായിരിക്കും.
7.ഐഡന്‍ഡിറ്റി ഉറപ്പ് വരുത്താന്‍ ലഭിച്ച ഒ ടി പി നല്‍കുക. ഇതോടെ ഇടപാട് പൂര്‍ത്തിയാകും.
ഓഫ് ലൈനായും നല്‍കാം
1. ആദ്യം ആവശ്യമായ വിവരങ്ങള്‍ നല്‍കികൊണ്ട് അപേക്ഷാ ഫോം പൂരിപ്പിക്കുക.
2. അപേക്ഷാ ഫോമിനൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ ഹാജരാക്കുക.
3. പി പി എഫ് അക്കൗണ്ട് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സേവിംഗ്സ് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
4.ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ പ്രതിനിധിക്ക് ആവശ്യമായ രേഖകള്‍ കൈമാറുക.
പി പി എഫ് അക്കൗണ്ടിന്റെ ഗുണങ്ങള്‍
കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയില്‍ ആവിഷികരിച്ച നഷ്ടസാധ്യത കുറഞ്ഞതും, കൂടിയ പലിശനിരക്കുമുള്ള പദ്ധതിയാണിത്. പി പി എഫ് അക്കൗണ്ടിന്റെ പലിശ വാര്‍ഷികാടിസ്ഥാനത്തിലാണ് കണക്ക് കൂട്ടുന്നത്.
എല്ലാ വര്‍ഷവും മാര്‍ച്ച് 31ന് നിങ്ങളുടെ പലിശ ലഭിക്കും. സെക്ഷന്‍ 80 സി പ്രകാരം പി പി എഫ് അക്കൗണ്ടിലെ 1.5 ലക്ഷം വരെയുള്ള നിക്ഷേപത്തിന് നികുതി കിഴിവ് ലഭിക്കും. ഒരിക്കല്‍ പി പി എഫ് അക്കൗണ്ട് ആരംഭിക്കുന്നതോടെ വരുന്ന 15 വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് നിക്ഷേപിക്കാനാകും. പി പി എഫ് അക്കൗണ്ട് ആരംഭിച്ച തീയതി തുടങ്ങി മൂന്ന് മുതല്‍ ആറ് വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഇതില്‍ നിന്നുള്ള വായ്പകള്‍ ലഭിക്കും.
പ്രായപൂര്‍ത്തായാകാത്തവര്‍ക്കുള്ള പി പി എഫ് അക്കൗണ്ട്
രക്ഷിതാവിന് തന്റെ കുട്ടിയുടെ പേരില്‍ പി പി എഫ് അക്കൗണ്ട് ആരംഭിക്കാം. എന്നാല്‍ മാതാപിതാക്കള്‍ക്ക് രണ്ട് പേര്‍ക്കും ഒരു കുട്ടിക്ക് വേണ്ടി രണ്ട് പി പി എഫ്
അക്കൗണ്ട് തുടങ്ങാനാവില്ല.
മാത്രമല്ല രക്ഷിതാക്കള്‍ ജീവിച്ചിരിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വേണ്ടി മുത്തശ്ശനോ മുത്തശ്ശിക്കോ പി പി എഫ് അക്കൗണ്ട് ആരംഭിക്കാനാവില്ല. പ്രായപൂര്‍ത്തായാകാത്തവര്‍ക്ക് അക്കൗണ്ട് ആരംഭിക്കുമ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
പി പി എഫ് അക്കൗണ്ട് എങ്ങനെ ക്ലോസ് ചെയ്യാം
പി പി എഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട നിയമങ്ങളനുസരിച്ച് 15 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതിന് ശേഷം മാത്രമേ മുഴുവന്‍ തുകയും പിന്‍വലിക്കാനാവുകയുള്ളു.
15 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതിന് ശേഷം മുഴുവന്‍ തുകയും പിന്‍വലിച്ചുകൊണ്ട് പി പി എഫ് അക്കൗണ്ട് ക്ലോസ് ചെയ്യാനാകും. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ 5 വര്‍ഷം പൂര്‍ത്തിയായതിന് ശേഷം അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനം പിന്‍വലിക്കാനാകും.