image

10 Dec 2024 12:41 AM GMT

Investments

ചെറിയ നിക്ഷേപത്തിലൂടെ റിയൽ എസ്റ്റേറ്റിൽ നിന്ന് വരുമാനം നേടാം

Karthika Ravindran

ചെറിയ നിക്ഷേപത്തിലൂടെ റിയൽ എസ്റ്റേറ്റിൽ നിന്ന് വരുമാനം നേടാം
X

Summary

  • കേവലം 25 ലക്ഷം മുതൽ നിക്ഷേപം ആരംഭിക്കാം
  • നിരവധി പ്രോപ്പർട്ടികളിൽ ചെറിയ തുകകൾ നിക്ഷേപിക്കാം


റിയൽ എസ്റ്റേറ്റ് മേഖലകളിൽ നിന്ന് കോടികൾ മുടക്കാതെ വരുമാനം നേടാം. ഫ്രാക്ഷണൽ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിലൂടെ മറ്റ് നിക്ഷേപകരുമായി ചേർന്ന് ഉയർന്ന മൂല്യമുള്ള വസ്തുവിൻ്റെ ഒരു ഓഹരി വാങ്ങി റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്ന ഒരു മാർഗമാണിത്. വളരെ ലളിതമായി പറഞ്ഞാൽ, ഒരു വീടോ, അപ്പാർട്ട്‌മെന്റോ അല്ലെങ്കിൽ ഒരു വ്യാപാര കെട്ടിടമോ പോലുള്ള ഒരു റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടിയുടെ ഒരു ചെറിയ ഭാഗം നിങ്ങൾക്ക് വാങ്ങാം എന്നതാണ് ഫ്രാക്‌ഷണൽ നിക്ഷേപം. നിങ്ങൾ വാങ്ങുന്ന ഭാഗത്തിന്റെ ആനുപാത്തിൽ വസ്തുവിൽ നിന്നുള്ള വരുമാനത്തിൻ്റെ ഒരു വിഹിതം നിങ്ങൾക്ക് ലഭിക്കും. ഇത് പരമ്പരാഗത റിയൽ എസ്റ്റേറ്റ് നിക്ഷേപത്തേക്കാൾ സാധാരണക്കാർക്ക് കൂടുതൽ സാധ്യത നൽകുന്നു.

എന്തുകൊണ്ട് ഫ്രാക്‌ഷണൽ നിക്ഷേപം?

കുറഞ്ഞ നിക്ഷേപം: കേവലം 25 ലക്ഷം മുതൽ നിക്ഷേപം ആരംഭിക്കാം. ഒരു മുഴുവൻ പ്രോപ്പർട്ടിയും വാങ്ങാൻ വലിയ തുക ആവശ്യമാണ്. എന്നാൽ ഫ്രാക്‌ഷണൽ നിക്ഷേപത്തിൽ കുറഞ്ഞ തുക കൊണ്ട് തുടങ്ങാം.

വൈവിധ്യവൽക്കരണം: ഒരൊറ്റ പ്രോപ്പർട്ടിയിൽ നിക്ഷേപിക്കുന്നതിന് പകരം, നിരവധി പ്രോപ്പർട്ടികളിൽ ചെറിയ തുകകൾ നിക്ഷേപിക്കാം. ഇത് നിങ്ങളുടെ നിക്ഷേപം കൂടുതൽ സുരക്ഷിതമാക്കും.

വിദഗ്ധ മാനേജ്മെന്റ്: നിങ്ങളുടെ നിക്ഷേപിച്ച പ്രോപ്പർട്ടികളുടെ മാനേജ്മെന്റ് പരിചയസമ്പന്നരായ പ്രൊഫഷണലുകൾ ഏറ്റെടുക്കും.

പാസീവ് വരുമാനം: നിങ്ങൾക്ക് വലിയൊരു കാര്യം ചെയ്യേണ്ടതില്ലാതെ, നിങ്ങളുടെ നിക്ഷേപത്തിൽ നിന്ന് പാസീവ് വരുമാനം ലഭിക്കും.

എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്?

ഒരു ഫ്രാക്‌ഷണൽ നിക്ഷേപ പ്ലാറ്റ്‌ഫോം വഴി നിങ്ങൾക്ക് ഒരു പ്രോപ്പർട്ടി തിരഞ്ഞെടുക്കാം. നിങ്ങൾക്ക് വാങ്ങാൻ താൽപ്പര്യമുള്ള ഭാഗത്തിന്റെ അനുപാതം നിശ്ചയിച്ച് നിക്ഷേപം നടത്താം. പ്ലാറ്റ്‌ഫോം പ്രോപ്പർട്ടിയുടെ ഉടമസ്ഥാവകാശം ഡിജിറ്റൽ രീതിയിൽ രേഖപ്പെടുത്തും.

ഉദാഹരണത്തിന് നിങ്ങൾ 30 ലക്ഷം രൂപയ്ക്ക് ആരോഗ്യമേഖലയിലെ ഒരു ഹോസ്പിറ്റൽ കെട്ടിടത്തിൽ ഒരു ഭാഗിക റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നു എന്ന് വിചാരിക്കാം.

30 ലക്ഷം രൂപയുടെ നിക്ഷേപത്തിലൂടെ പ്രതീക്ഷിക്കാവുന്നത്?

  • വാർഷിക വാടക വരുമാനം: 9.02% വാർഷിക വരുമാനം
  • പ്രതീക്ഷിക്കുന്ന IRR: 13.4%
  • പ്രതീക്ഷിക്കുന്ന മൂല്യ വർദ്ധനവ്: 60 ലക്ഷം രൂപ (2x മൾട്ടിപ്പിൾ)

ആരോഗ്യമേഖല ഇന്ത്യയിലെ വേഗത്തിൽ വളരുന്ന മേഖലകളിൽ ഒന്നാണ്. ആരോഗ്യസൗകര്യങ്ങളിലുള്ള നിക്ഷേപം സ്ഥിരവും ദീർഘകാലത്തേക്കുള്ള വരുമാനം നൽകുന്നതാണ്. ആശുപത്രികൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ എന്നിവയിലുള്ള നിക്ഷേപം ഈ മേഖലയിലെ വളർച്ചയിൽ പങ്കുചേരാൻ നല്ലൊരു മാർഗമാണ്.

ആർക്കാണ് ഫ്രാക്‌ഷണൽ നിക്ഷേപം അനുയോജ്യം

റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ, എന്നാൽ വലിയ തുക നിക്ഷേപിക്കാൻ കഴിയാത്തവർക്കും, നിക്ഷേപം വൈവിധ്യവൽക്കരിക്കാൻ ആഗ്രഹിക്കുന്നവർക്കും കൂടാത പാസീവ് വരുമാനം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്കും റിയൽ എസ്റ്റേറ്റ് ഫ്രാക്ഷണൽ നിക്ഷേപം മികച്ച വഴി തുറക്കുന്നു.

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

ഏത് നിക്ഷേപത്തിലും പോലെ, ഫ്രാക്‌ഷണൽ നിക്ഷേപത്തിലും റിസ്ക് ഉണ്ട്. പ്രോപ്പർട്ടിയുടെ മൂല്യം കുറയുകയോ, വാടകക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുകയോ ചെയ്താൽ നിങ്ങളുടെ നിക്ഷേപം റിസ്ക് നേരിടാം. നിങ്ങൾ നിക്ഷേപിക്കുന്ന പ്ലാറ്റ്‌ഫോം നിയമപരമായി അംഗീകൃതമാണെന്ന് ഉറപ്പാക്കുക. പ്ലാറ്റ്‌ഫോം വിവിധ തരത്തിലുള്ള ഫീസുകൾ ചാർജ് ചെയ്തേക്കാം. ഈ ഫീസുകൾ നിങ്ങളുടെ മൊത്തത്തിലുള്ള വരുമാനത്തെ ബാധിക്കും.

ഫ്രാക്‌ഷണൽ നിക്ഷേപം റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിലേക്ക് പ്രവേശിക്കാൻ ഒരു പുതിയ വഴിയാണ്. എന്നാൽ ഏത് നിക്ഷേപത്തിലും എന്ന പോലെ, അറിവോടെയും മുൻകരുതലോടെയും മുന്നേറേണ്ടതാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് വിശദമായ ഗവേഷണം നടത്തുക, ഒരു സാമ്പത്തിക ഉപദേശകന്റെ സഹായം തേടുക.