16 Jan 2023 6:45 AM GMT
Summary
- 2022 ഡിസംബറില്‍ മാത്രം 21 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളാണ് തുറന്നത്.
ഡെല്‍ഹി: ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ 34 ശതമാനം വര്‍ധനയെന്ന് (വാര്‍ഷികാടിസ്ഥാനത്തില്‍) റിപ്പോര്‍ട്ട്. രാജ്യത്തെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം നിലവില്‍ 10.8 കോടിയായിട്ടുണ്ട്. ആഭ്യന്തര ഓഹരി വിപണിയില്‍ നിന്നും ലഭ്യമാകുന്ന ആകര്‍ഷകമായ നേട്ടമാണ് കൂടുതല്‍ ആളുകളെ ഡീമാറ്റ് അക്കൗണ്ട് തുറക്കാന്‍ പ്രേരിപ്പിച്ചത്. ഇതിന് മുന്‍പുള്ള മൂന്ന് മാസങ്ങളിലെ കണക്ക് നോക്കിയാല്‍ ഡിസംബറിലാണ് ഏറ്റവുമധികം അക്കൗണ്ടുകള്‍ തുറന്നത്.
2022 ഡിസംബറില്‍ മാത്രം 21 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളാണ് തുറന്നത്. ഒക്ടോബറിലും സെപ്റ്റംബറിലും ഇത് 18 ലക്ഷം വീതവും നവംബറിലിത് 20 ലക്ഷവുമായിരുന്നുവെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതിലും കൂടുതല്‍ വര്‍ധനയാണ് പ്രതീക്ഷിച്ചിരുന്നത്.
2021ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറവ് ഐപിഒകളാണ് 2022ല്‍ വന്നതെന്നും, അതിനാലാണ് പുതിയ അക്കൗണ്ടുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകാതിരുന്നതെന്നും മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2021 ഡിസംബറിലെ കണക്ക് പ്രകാരം 8.1 ഡീമാറ്റ് അക്കൗണ്ടുകളാണ് അന്നുണ്ടായിരുന്നത്.