Summary
സിസ്റ്റമാറ്റ്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴിയുള്ള നിക്ഷേപകരുടെ എണ്ണം കഴിഞ്ഞ കുറച്ചു മാസങ്ങളായി കുറഞ്ഞു വരുന്നതായി അസോസിയോഷൻ ഓഫ് മ്യൂച്വൽ ഫണ്ടസ്് ഓഫ് ഇന്ത്യ (ആംഫി) റിപ്പോർട്ട്. രണ്ട് വർഷത്തിനിടെ ആദ്യമായി 12 മാസത്തെ വാർഷിക വരുമാനം (rolling return) നെഗറ്റീവായതാണ് ജൂണിലെ പുതിയ എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം കുറയാനും, നിലവിലെ എസ്‌ഐപി അക്കൗണ്ടുകളിൽ പലതും നിർത്തലാക്കുന്നത് ഉയരാനും കാരണമായത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യൻ ഓഹരി വിപണി ഉയർന്ന തലത്തിലുള്ള ചാഞ്ചാട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഉയരുന്ന […]
സിസ്റ്റമാറ്റ്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴിയുള്ള നിക്ഷേപകരുടെ എണ്ണം കഴിഞ്ഞ കുറച്ചു മാസങ്ങളായി കുറഞ്ഞു വരുന്നതായി അസോസിയോഷൻ ഓഫ് മ്യൂച്വൽ ഫണ്ടസ്് ഓഫ് ഇന്ത്യ (ആംഫി) റിപ്പോർട്ട്.
രണ്ട് വർഷത്തിനിടെ ആദ്യമായി 12 മാസത്തെ വാർഷിക വരുമാനം (rolling return) നെഗറ്റീവായതാണ് ജൂണിലെ പുതിയ എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം കുറയാനും, നിലവിലെ എസ്‌ഐപി അക്കൗണ്ടുകളിൽ പലതും നിർത്തലാക്കുന്നത് ഉയരാനും കാരണമായത്.
കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യൻ ഓഹരി വിപണി ഉയർന്ന തലത്തിലുള്ള ചാഞ്ചാട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഉയരുന്ന പണപ്പെരുപ്പം, ഉയർന്ന ക്രൂഡോയിൽ വില, സ്ഥിരമായി തുടരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വിൽപ്പന എന്നിവയായിരുന്നു വിപണിയെ അസ്ഥിരമാക്കിയിരുന്നത്. വിപണിയിലെ ഉയർന്ന ചാഞ്ചാട്ടവും പോർട്ട്ഫോളിയോ വരുമാനം കുറയുന്നതും മ്യൂച്വൽ ഫണ്ട് സ്‌കീമുകളിലെ എസ്ഐപി വഴിയുള്ള നിക്ഷേപത്തെ തളർത്തുകയും പുതിയ അക്കൗണ്ടുകൾ തുടങ്ങുന്നത് ജൂണിൽ മന്ദഗതിയിലാക്കുകയും ചെയ്തു.
മേയ് മാസത്തിൽ പുതിയ എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 20 ലക്ഷത്തോളമായിരുന്നു. എന്നാൽ ഇത് ജൂണിൽ 17.9 ലക്ഷമായിരുന്നുവെന്നാണ് ആംഫി സൂചിപ്പിക്കുന്നത്.
2021 ജൂൺ മുതൽ എസ്‌ഐപി രജിസ്‌ട്രേഷൻ ഓരോ മാസവും 20 ലക്ഷത്തോളമായിരുന്നു. നിർത്തലാക്കിയ എസ്ഐപികൾ അല്ലെങ്കിൽ കാലാവധി കഴിഞ്ഞ എസ്‌ഐപി അക്കൗണ്ടുകൾ എന്നിവയുടെ എണ്ണം 1.14 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. ഇത് ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
വിപണിയിലേക്കുള്ള പണമൊഴുക്കിനെ സ്വാധീനിക്കുന്ന ഒരു വലിയ ഘടകമാണ് സമീപകാലത്ത് വിപണിയിൽ നിന്ന് ലഭിക്കുന്ന വരുമാനമെന്ന് വിദഗ്ധർ പറയുന്നു. ഇപ്പോൾ വിപണിയിൽ നിന്നും ലഭിക്കുന്ന വരുമാനം കുറവായതിനാൽ പുതിയ നിക്ഷേപങ്ങളിലും കുറവുണ്ടാകും.
എസ്ഐപി അക്കൗണ്ട് ആരംഭിക്കുന്നത് മന്ദഗതിയിലാണെങ്കിലും, എസ്ഐപികൾ വഴിയുള്ള നിക്ഷേപം ശക്തമായി തുടരുന്നുണ്ട്.
എസ്ഐപി വഴിയുള്ള നിക്ഷേപം ജൂണിൽ 12,276 കോടി രൂപയായിരുന്നു. മെയ് മാസത്തിലെ 12,286 കോടി രൂപയേക്കാൾ അല്പം കുറവാണ്.
എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം ജൂണിൽ 54.8 ദശലക്ഷത്തിൽ നിന്ന് 55.4 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തികൾ ജൂൺ അവസാനം 5.51 ലക്ഷം കോടി രൂപയായിരുന്നു.