image

27 March 2024 10:34 AM GMT

Investments

മകള്‍ക്കായി 120 രൂപ ദിവസവും നീക്കിവെയ്ക്കാം; 25ാം വര്‍ഷം 27 ലക്ഷം കയ്യില്‍ കിട്ടും

MyFin Desk

lic kanyadaan is a provision for girl children
X

Summary

  • എല്‍ഐസി ജീവന്‍ അക്ഷയ് പോളിസി കസ്റ്റമൈസ് ചെയ്ത് അവതരിപ്പിച്ചിരിക്കുന്നതാണിത്
  • മാതാപിതാക്കളുടെ അഭാവത്തില്‍ പോലും മകളുടെ ഭാവി സുരക്ഷിതമായിരിക്കണം എന്നതാണ് പോളിസിയുടെ ലക്ഷ്യം
  • 25 വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുന്ന തുക 27 ലക്ഷമാണ്


പെണ്‍ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെ അവരുടെ ഭാവിയിലെ ചെലവുകള്‍ക്കായി കരുതി വെയ്ക്കാന്‍ ഇഷ്ടപ്പെടാത്ത മാതാപിതാക്കളുണ്ടാകുമോ? പെണ്‍കുഞ്ഞുങ്ങള്‍ വളരുന്നതിനനുസരിച്ച് അവരുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെുള്ള ചെലവുകളെക്കുറിച്ചുള്ള മാതാപിതാക്കളുടെ ചിന്തയും വളരും. അതിനായി കുഞ്ഞു കുഞ്ഞു തുകയെങ്കിലും നീക്കിവെച്ച് സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് എല്‍ഐസിയുടെ ഈ പദ്ധതി. എല്‍ഐസി കന്യാദാന്‍. എല്‍ഐസി ജീവന്‍ അക്ഷയ് പോളിസി കസ്റ്റമൈസ് ചെയ്ത് അവതരിപ്പിച്ചിരിക്കുന്നതാണിത്.

എല്‍ഐസി കന്യാദാന്‍

സുരക്ഷിതത്വവും സമ്പാദ്യവും ഉറപ്പാക്കുന്ന പദ്ധതിയാണിത്. പങ്കാളിത്ത, വ്യക്തിഗത, നോണ്‍ ലിങ്ക്ഡ് ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണ്. പെണ്‍കുട്ടികള്‍ക്കായി മാത്രമേ ഈ പോളിസി ആരംഭിക്കാനാവൂ. മാതാപിതാക്കളുടെ അഭാവത്തില്‍ പോലും മകളുടെ ഭാവി സുരക്ഷിതമായിരിക്കണം എന്നതാണ് പോളിസിയുടെ ലക്ഷ്യം. പോളിസി ഈടായി വായ്പ എടുത്തും സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാം.

പദ്ധതിയില്‍ അംഗമാകാനുള്ള യോഗ്യത

പോളിസി എടുക്കണമെങ്കില്‍ രക്ഷിതാവിന് 18 വയസെങ്കിലുമാകണം പരമാവധി പ്രായം 50 വയസാണ്. പെണ്‍ കുഞ്ഞിന്റെ കുറഞ്ഞ പ്രായം ഒരു വയസാണ്.

സം അഷ്വേഡ്

കുറഞ്ഞ സം അഷ്വേഡ് തുക ഒരു ലക്ഷമാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല. മാക്‌സിമം മച്യൂരിറ്റി പ്രായം 65 വര്‍ഷമാണ്. പോളിസി കാലാവധി 13 വര്‍ഷം മുതല്‍ 25 വര്‍ഷം. പ്രീമിയം അടയ്‌ക്കേണ്ട കാലാവധി മൂന്ന് വര്‍ഷമാണ്. മാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ, ആറ് മാസം കൂടുമ്പോഴോ, വാര്‍ഷികമായോ പ്രീമിയം അടയ്ക്കാം.

നേട്ടങ്ങള്‍

മാതാപിതാക്കള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നീട് പ്രീമിയം അടയ്‌ക്കേണ്ടതില്ല.

ഇന്‍ഷ്വര്‍ ചെയ്ത രക്ഷിതാവ് ആകസ്മികമായി അപകടത്തില്‍ മരിച്ചാല്‍ ഉടനടി 10 ലക്ഷം രൂപ ലഭിക്കും. ആകസ്മികമോ സ്വാഭാവികമോ ആയ മരണം സംഭവിച്ചാല്‍ ഉടനടി 5 ലക്ഷം രൂപ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുന്നതുവരെ പ്രതിവര്‍ഷം 50,000 രൂപ ലഭിക്കും.

ദിവസവും 120 രൂപ നീക്കിവെച്ചാല്‍

പദ്ധതിയില്‍ അംഗമാകുന്നവര്‍ ദിവസവും 120 രൂപ നീക്കിവെച്ചാല്‍ പ്രതിമാസം 3600 രൂപ നിക്ഷേപിക്കാം. ഇങ്ങനെ നിക്ഷേപിച്ചാല്‍ 25 വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുന്ന തുക 27 ലക്ഷമാണ്.

മറ്റ് നേട്ടങ്ങള്‍

സറണ്ടര്‍ വാല്യു: എല്‍ഐസി കന്യാദന്‍ പോളിസി തുടരാന്‍ കഴിയുന്നില്ലെങ്കില്‍, തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ പ്രീമിയം അടച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഏത് സമയത്തും അത് സറണ്ടര്‍ ചെയ്യാന്‍ കഴിയൂ. പോളിസി സറണ്ടര്‍ ചെയ്യുമ്പോള്‍, ഗ്യാരണ്ടീഡ് സറണ്ടര്‍ മൂല്യത്തിനോ സ്‌പെഷ്യല്‍ സറണ്ടര്‍ മൂല്യത്തിനോ തുല്യമായ സറണ്ടര്‍ മൂല്യം എല്‍ഐസി നല്‍കും.

ഫ്രീ ലുക്ക് പിരീഡ്: എല്‍ഐസി കന്യാദന്‍ പോളിസിയില്‍ സംതൃപ്തിയില്ലെങ്കില്‍, പോളിസി രേഖകള്‍ ലഭിച്ച തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് പ്ലാന്‍ തിരികെ നല്‍കാം, കൂടാതെ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുകയും വേണം. ഇത് ലഭിച്ചുകഴിഞ്ഞാല്‍, ഇന്‍ഷുറര്‍ നിങ്ങളുടെ പോളിസി റദ്ദാക്കുകയും ഒരു നിശ്ചിത തുക കുറച്ച ശേഷം പ്രീമിയം തുക തിരികെ നല്‍കുകയും ചെയ്യും.

ഗ്രേസ് പിരീഡ്: പ്രീമിയം അടയ്ക്കുന്നതിന് ഗ്രേസ് കാലയളവ് 30 ദിവസമാണ്. ഈ ഗ്രേസ് കാലയളവിനുള്ളില്‍, നിങ്ങള്‍ നിങ്ങളുടെ പോളിസിയുടെ പ്രീമിയം അടയ്‌ക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം പോളിസി അവസാനിപ്പിക്കും.

എങ്ങനെ പോളിസി വാങ്ങാം

എല്‍ഐസി ഓഫീസ്, ഏജന്റ് എന്നിവരില്‍ നിന്നും നേരിട്ടേ പോളിസി വാങ്ങാന്‍ സാധിക്കൂ. മാതാപിതാക്കളുടെ തിരിച്ചറിയല്‍ രേഖ, വിലാസം വയസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ ആവശ്യമാണ്.