26 July 2023 11:56 AM IST
Summary
- മുന്ന് നിക്ഷേപ ബാങ്കുകളെ ഐപിഒ-യ്ക്കായി നിയോഗിച്ചു
- സെപ്റ്റംബറില്‍ ഡ്രാഫ്റ്റ് പേപ്പര്‍ സെബിക്ക് സമര്‍പ്പിക്കും
- മൈക്രോഫിനാന്‍സ് മേഖലയ്ക്ക് അനുകൂല വിപണി സാഹചര്യം
ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ (എന്‍ബിഎഫ്‍സി) മണപ്പുറം ഫിനാൻസിന്റെ അനുബന്ധ സ്ഥാപനമായ ആശിർവാദ് മൈക്രോഫിനാൻസ് തങ്ങളുടെ പ്രഥമ ഓഹരി വില്‍പ്പനയ്ക്കായുള്ള നടപടികള്‍ ആരംഭിച്ചു. ഏകദേശം 1,500 കോടി രൂപ ഐപിഒ വഴി സമാഹരിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. 3 നിക്ഷേപ ബാങ്കുകളെ ഐപിഒ നടത്തിപ്പിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിവിധ സ്രോതസുകളില്‍ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണപ്പുറം 2015 ഫെബ്രുവരിയിൽ, വൈവിധ്യവൽക്കരണ നീക്കത്തിന്‍റെ ഭാഗമായാണ് ചെന്നൈ ആസ്ഥാനമായ ആശിര്‍വാദ് എംഎഫിന്‍റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുത്തത്. ജെഎം ഫിനാൻഷ്യൽ, നോമുറ, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ എന്നിവയെയാണ് ഐപിഒ നടത്തിപ്പിനായുള്ള ഉപദേശകരായി നിയോഗിച്ചിട്ടുള്ളത്. അടുത്തിടെ ഇവരുമായി കമ്പനിയുടെ ചര്‍ച്ചകള്‍ നടന്നിരുന്നു.
മൈക്രോഫിനാൻസ് വിഭാഗത്തിനായുള്ള പുതിയ റെഗുലേറ്ററി സാഹചര്യങ്ങള്‍, ഈ മേഖലയെ കുറിച്ച് അനലിസ്റ്റുകള്‍ക്കുള്ള പോസിറ്റീവ് കാഴ്ചപ്പാട്, മൂലധന വിപണികളിലെ മുന്നേറ്റം എന്നിവയെല്ലാമാണ് കമ്പനിയെ ഇപ്പോള്‍ ഐപിഒ-യിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ശ്രദ്ധേയമായ വിപണി അരങ്ങേറ്റവും ഈ മേഖലയില്‍ നിക്ഷേപകരുടെ വികാരം ഉണര്‍ത്തിയിട്ടുണ്ട്. സെപ്റ്റംബറോടെ സെബിയിൽ ഐപിഒ-യ്ക്ക് വേണ്ടിയുള്ള ഡിആർഎച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ്) ഫയൽ ചെയ്യാനാണ് ആശിർവാദ് മൈക്രോഫിനാൻസ് പദ്ധതിയിടുന്നത്.
നിലവില്‍ 1500 കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നതെങ്കിലും ഐപിഒ തീരുമാനം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോഴേക്കും ഈ തുകയില്‍ മാറ്റം വരാനുള്ള സാധ്യതയും കല്‍പ്പിക്കപ്പെടുന്നുണ്ട്. സ്വകാര്യ ഇക്വിറ്റി നിക്ഷേപകരില്ലാതെ പൂര്‍ണമായും മണപ്പുറം ഫിന്‍സിന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഉപകമ്പനിയാണ് ആശിര്‍വാദ് എംഎഫ്.
2022-23ലെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, ആശീർവാദ് മൈക്രോഫിനാൻസിന് 10,040.89 കോടി രൂപയുടെ എയുഎം ( കൈകാര്യം ചെയ്യുന്ന ആസ്തി) ഉണ്ട്. നികുതിക്ക് ശേഷമുള്ള ലാഭം 218.13 കോടി രൂപയാണ്, മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് വെറും 15 കോടി രൂപ മാത്രമായിരുന്നു. 3.2 മില്യൺ വായ്പക്കാരും 15,784 ജീവനക്കാരുമുള്ള സ്ഥാപനം മൊത്തം 19,248 കോടി രൂപ വായ്പയായി വിതരണം ചെയ്തിട്ടുണ്ട്. 22 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 391 ജില്ലകളിലായി 1,684 ശാഖകളാണ് കമ്പനിക്കുള്ളത്.
സ്ഥാപനത്തിന്റെ മൈക്രോഫിനാൻസ് വായ്പകള്‍ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് പരിഗണന നല്‍കിക്കൊണ്ടാണ് വിതരണം ചെയ്യുന്നത്.