2021ല്‍ 66 കമ്പനികളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രാരംഭ ഓഹരി വില്പന (ഐപിഒ) ക്കായെത്തിയത്. ഒരു കലണ്ടര്‍ വര്‍ഷത്തിലെ ആകെ ഐപിഒ കളുടെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണിത്. ഇതില്‍ ഭൂരിഭാഗത്തിനും വിപണിയില്‍ അധിക ഡിമാന്റുണ്ടായിരുന്നു. ഓവര്‍ ഡിമാന്റായതിനാല്‍ പലതും ലിസ്റ്റിംഗ് ഡേയില്‍ തന്നെ അധിക നേട്ടവും നല്‍കി. പട്ടികയില്‍ 46 കമ്പനികള്‍ നേട്ടത്തോടെ വിപണിയില്‍ ലിസ്റ്റ് ചെയ്തപ്പോള്‍, ബാക്കിയുള്ളവ നെഗറ്റീവ് ലിസ്റ്റിംഗ് രേഖപ്പെടുത്തി. 2021 ലെ ഐപിഒ കളുടെ ലിസ്റ്റിംഗ് ദിവസത്തെ ശരാശരി നേട്ടം 30.1 ശതമാനമായിരുന്നു.
എന്നാല്‍ 2022 മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഐപിഒ നിക്ഷേപകര്‍ക്ക് അത്ര ശുഭകരമായിരുന്നില്ല. ഇതുവരെ 21 കമ്പനികളാണ് വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതില്‍ 14 കമ്പനികള്‍ക്കും പോസിറ്റീവായ ലിസ്റ്റിംഗ് ഉണ്ടായെങ്കിലും ശേഷിക്കുന്ന 7 കമ്പനികളുടെ ലിസ്റ്റിംഗ് നഷ്ടമുണ്ടാക്കി. ലിസ്റ്റിംഗ് ദിവസം ലഭിച്ച ശരാശരി വരുമാനമാകട്ടെ 13.7 ശതമാനവും. ഐപിഒയില്‍ എല്ലായ്പോഴും അപ്രതീക്ഷിത നേട്ടം ഉണ്ടായിക്കൊള്ളണമെന്നില്ല. മാത്രമല്ല കഴിഞ്ഞ വര്‍ഷം ലിസ്റ്റ് ചെയ്യപ്പെട്ട പല കമ്പനികളുടെയും ഓഹരികള്‍ ഇഷ്യൂ ചെയ്ത വിലയില്‍ നിന്നും താഴ്ന്നാണ് വ്യാപാരം നടത്തുന്നത്. വരും ആഴ്ചകളിലും വിപണിയില്‍ ധാരാളം കമ്പനികളുടെ ഐപിഒ കള്‍ വരാനുമുണ്ട്. സാധാരണ നിക്ഷേപത്തിനിറങ്ങുന്ന ഭൂരിഭാഗം പേരും വരുത്തുന്ന പിശകുകള്‍ തിരുത്തി വേണം നിക്ഷേപകര്‍ ഐപിഒയ്ക്കിറങ്ങുവാന്‍.
നിര്‍ബന്ധമായും ഒഴിവാക്കേണ്ടവ
1) ലിസ്റ്റിംഗ് നേട്ടത്തിന് വേണ്ടി മാത്രം നിക്ഷേപിക്കുന്നത്
പൊതുവെ ഒരു കമ്പനിയുടെ ഐപിഒയ്ക്ക് അധിക വാങ്ങലുകാരുണ്ടായാല്‍ അത് ലിസ്റ്റ് ചെയുന്ന ദിവസം ഇഷ്യൂ വിലയേക്കാള്‍ ഉയരുമെന്നാണ് നിലവിലെ അനുമാനം. എന്നാല്‍ ലിസ്റ്റ് ചെയുന്ന ദിവസം വിപണിയിലെ നിക്ഷേപകരുടെ താല്പര്യം മാറിയാല്‍ നമ്മള്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാകില്ല, എന്ന് മാത്രമല്ല നഷ്ടവും സംഭവിക്കാം. അതുകൊണ്ട് ലിസ്റ്റ് ചെയുന്ന സമയത്തെ ലാഭം മാത്രം ലക്ഷ്യമിട്ട് പെട്ടന്ന് പണമുണ്ടാക്കാനായി ഐപിഒ യില്‍ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്. നേട്ടം ഉറപ്പല്ലാത്തതിനാല്‍ ഈ വസ്തുത കണക്കിലെടുത്ത് വേണം നിക്ഷേപത്തിന് തയ്യാറെടുക്കാന്‍.
(വെള്ളിയാഴ്ചത്തെ ക്ലോസിംഗ് പ്രൈസ് അടിസ്ഥാനത്തിൽ തയ്യാറാക്കിയത്)
2) മാര്‍ക്കറ്റിലെ പ്രചാരണങ്ങളോട് അമിതാവേശം വേണ്ട
ഒരു കമ്പനി ഐപിഒ യ്ക്ക് ലിസ്റ്റ് ചെയ്യുമ്പോള്‍ ധാരാളം വിപണന തന്ത്രങ്ങള്‍ നടത്താറുണ്ട്. ടെലിവിഷന്‍ അടക്കമുള്ള പത്രമാധ്യമങ്ങളില്‍ മുഴുപേജ് പരസ്യവും നല്‍കി പല കമ്പനികളും വലിയ തോതില്‍ ശ്രദ്ധ ആകര്‍ഷിക്കും. ഐപിഒ വലിയ വിജയമായിരിക്കുമെന്ന് നിങ്ങളെ വിശ്വസിപ്പിക്കാന്‍ ഇതെല്ലാം ശ്രമിക്കും. പക്ഷെ, പരസ്യം നല്‍കുന്ന എല്ലാ ബ്രാന്‍ഡുകളും അവര്‍ നമ്പര്‍ വണ്‍ ആണെന്നാകും പറയുക. ഓരോ കമ്പനിയും അവരുടെ മേഖലയില്‍ ഏറ്റവും മികച്ചത് ആയിരിക്കില്ലെന്ന് നമുക്കറിയാം, അല്ലേ? അതുകൊണ്ട് ഇത്തരം മാര്‍ക്കറ്റിംഗ് തന്ത്രത്തില്‍ വീണ് വൈകാരിക തീരുമാനങ്ങളെടുക്കാതിരിക്കുക. അതായത് നിങ്ങളൊരു ഐപിഒയില്‍ നിക്ഷേപിക്കുമ്പോൾ. ആ കമ്പനിയെയും അവരുടെ ബിസിനസിനെയും കുറിച്ച് അറിയണം. അതിന് നിങ്ങളുടെ സമ്പത്തിനെ വരും വര്‍ഷങ്ങളില്‍ ഗുണിതങ്ങളാക്കി വര്‍ധിപ്പിക്കാനുള്ള ശേഷിയുണ്ടോ എന്നും പരിഗണിക്കണം.
3) ഗ്രേ മാര്‍ക്കറ്റ് പ്രീമിയം മാത്രം പിന്തുടരുന്നത്
ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഒരു കമ്പനിയുടെ ലിസ്റ്റിംഗ് വിലയെ കുറിച്ച് ഒരു ധാരണ നല്‍കുന്നു. എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് നിക്ഷേപകര്‍ക്ക് ഐപിഒ ഓഹരികള്‍ വില്‍ക്കാനോ വാങ്ങാനോ കഴിയുന്ന അനൗദ്യോഗിക വിപണിയാണ് ഗ്രേ മാര്‍ക്കറ്റ്. ഇവിടെ വില നിശ്ചയിക്കുന്നതിന് പ്രത്യേക നിയമങ്ങളൊന്നുമില്ല എന്ന് നിങ്ങള്‍ മനസിലാക്കണം. ലിസ്റ്റ് ചെയുന്ന സമയത്ത് നിക്ഷേപകര്‍ക്ക് എത്രത്തോളം താല്പര്യം ആ ഓഹരിയില്‍ ഉണ്ടെന്നു മനസിലാക്കാന്‍ സഹായിക്കുമെങ്കിലും ഇതിനെ അന്ധമായി വിശ്വസിക്കുന്നത് ബുദ്ധിയല്ല. ഗ്രേ മാര്‍ക്കറ്റ് പ്രീമിയം വേഗത്തില്‍ മാറുന്നതും,ആശ്രയിക്കാന്‍ പറ്റാത്തതുമാണ്. അതിനാല്‍ ഗ്രേമാര്‍ക്കറ്റിനെ മാത്രം വിശസിച്ചു ഐപിഒ യില്‍ നിക്ഷേപിക്കാതിരിക്കുക.
4) ഭൂരിപക്ഷത്തിന് പിന്നാലെ പോകേണ്ടതില്ല
വിപണി നേട്ടത്തോടെ മുന്നേറുമ്പോള്‍ ഐപിഒയ്ക്ക് പിന്നാലെ പോകാന്‍ അധികം പേരുണ്ടാകും. അത്തരം സമയങ്ങളില്‍ ഭൂരിഭാഗം ഐപിഒകള്‍ക്കും വന്‍ ഡിമാന്റുണ്ടാകും. എന്നാല്‍ അത് കൊണ്ട് മാത്രം നിക്ഷേപകര്‍ക്ക് ഒരു മികച്ച നേട്ടം ഉണ്ടായിക്കൊള്ളണമെന്നില്ല. അഥവാ ഉണ്ടായാലും അതിന്റെ വില തുടര്‍ന്ന് ഉയരണമെന്നുമില്ല. കഴിഞ്ഞ വര്‍ഷം, പുതുയുഗ കമ്പനികള്‍ക്കെല്ലാം വിപണിയില്‍ പരസ്യങ്ങളും മറ്റും ധാരാളം ഉണ്ടായിരുന്നതിനാല്‍ ഒരുപാട് പേര്‍ അവരുടെ ഐപിഒയില്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഇന്ന് ആ കമ്പനികളുടെ ഓഹരികള്‍ പലതും ഇഷ്യൂ വിലയേക്കാള്‍ താഴെയാണ്. നിക്ഷേപകര്‍ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ മനസിലാക്കി അവരുടെ അസറ്റ് അലോക്കേഷന്‍ അനുസരിച്ച് വേണം നിക്ഷേപിക്കാന്‍. എല്ലാവരും നിക്ഷേപിക്കുന്നു എന്നു കരുതി നിങ്ങള്‍ ആ വഴി തിരഞ്ഞെടുക്കരുത്.
5) വില നിര്‍ണയവും, മൂല്യ നിര്‍ണയവും ഒഴിവാക്കുന്നത്
മൂല്യാധിഷ്ടിതമായി നിക്ഷേപിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഒരുപാട് വില കയറിയിരിക്കുന്ന കമ്പനികളില്‍ നിക്ഷേപിക്കാതിരിക്കുന്നതാണ് അഭികാമ്യം. വരാനിരിക്കുന്ന ഐപിഒ കളുടെ വില നിര്‍ണയവും, മൂല്യ നിര്‍ണയവും മനസ്സിലാക്കുക. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആര്‍ഒഇ), പ്രൈസ് ടു ഏണിങ് റേഷ്യോ (പിഇ റേഷ്യോ) മുതലായ മാനദണ്ഡങ്ങള്‍ പരിശോധിച്ച് വേണം മൂല്യ നിര്‍ണയത്തിലെത്താന്‍. ലിസ്റ്റ് ചെയ്ത മറ്റു കമ്പനികളുമായി മൂല്യ നിര്‍ണയം താരതമ്യം ചെയുക. മൂല്യം കൂടിയതാണെങ്കില്‍, ഇതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന മറ്റു കമ്പനികളെ അപേക്ഷിച്ചു ഇത് വാങ്ങുന്നതിനു കൊണ്ടുള്ള ഗുണങ്ങള്‍ എന്തെന്ന് സ്വയം ചോദിക്കുക.
ഐപിഒയില്‍ നിക്ഷേപിക്കാന്‍ തീരുമാനിക്കുമ്പോള്‍ ലിസ്റ്റ് ചെയുന്ന സമയത്തെ ലാഭത്തിനു വേണ്ടി മാത്രം അല്ല അത് ചെയ്യുന്നതെന്ന് സ്വയം ഉറപ്പാക്കുക. റെഡ് ഹെറിങ് പ്രോസ്‌പെക്ടസ് (ആര്‍എച്ച്പി), കമ്പനിയുടെ ബിസ്സിനസ്സ്, ഐപിഒയ്ക്ക് വരുന്നതിനു പിന്നിലെ കാരണം, ഭാവിയിലെ വളര്‍ച്ച ശേഷി, ആ ബിസിനസ്സിലെ റിസ്‌ക് സാധ്യത എന്നിവയെല്ലാം പരിശോധിക്കുക. ഐപിഒയില്‍ നിക്ഷേപിക്കുകയാണെങ്കില്‍, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായി ഒത്തു പോവുന്നുണ്ടെന്നും അസറ്റ് അലോക്കേഷനില്‍ കാതലായ മാറ്റം ഉണ്ടാകുന്നുന്നില്ലെന്നും ഉറപ്പാക്കുക. കൂടുതല്‍ ഐപിഒകളും സ്മാള്‍- മിഡ് ക്യാപ് വിഭാഗങ്ങളിലാണ് ഉള്ളത്. ആ റിസ്‌ക് മാനേജ് ചെയ്യാനുള്ള ശേഷിയും നിങ്ങള്‍ക്കുണ്ടാകണം.
(കോട്ടക് ചെറിയുടെ സിഇഒ ആണ് ലേഖകന്‍. ഇവിടെ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങള്‍ വ്യക്തിപരം മാത്രമാണ്).