20 Dec 2022 10:30 AM GMT
Summary
- തോല്‍വികളുടേയും, ഉയര്‍ച്ച, താഴ്ചകളുടെയും കാലഘട്ടത്തിലൂടെ കടന്നുപോയാണ് അര്‍ജന്റീനയും, മെസ്സിയും ലോകത്തിന്റെ നെറുകയില്‍ എത്തിയത്
- മെസ്സി ഫുട്‌ബോളാണ് സ്വന്തം ജീവിതം എന്ന് തീരുമാനിച്ചു അതില്‍ തന്നെ നിലനിന്ന പോലെ നിക്ഷേപകന് തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണം
36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയും, മെസ്സിയും കാത്തിരുന്ന ആ സുദിനം വന്നെത്തി. അര്‍ജന്റീന മൂന്നാമതും ലോകചാമ്പ്യന്മാര്‍. നിലവിലെ ജേതാക്കളായിരുന്ന ഫ്രാന്‍സിനെ അവര്‍ ഫൈനലില്‍ മുട്ടുകുത്തിച്ചു. ലോകം മുഴുവന്‍ മെസ്സി എന്ന മിശിഹായുടെ നാമം വാഴ്ത്തുന്നു. ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെയും, മെസ്സി എന്ന ലോകഫുട്‌ബോളറുടെയും വിജയം നിക്ഷേപകര്‍ക്ക് ചില പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നുണ്ട്.
കൃത്യമായ തെരഞ്ഞെടുപ്പ്
ഏതൊരു ലാറ്റിനമേരിക്കന്‍ കുട്ടിയേയും പോലെ ഫുട്‌ബോളാണ് തന്റെ ഭാവി എന്ന് നന്നേ ചെറുപ്രായത്തിലേ മെസ്സിയും കുടുബവും തിരിച്ചറിയുന്നു. അതിനേക്കാള്‍ പ്രധാനമായി, അതില്‍ മെസ്സിക്ക് പ്രതിഭയും ഉണ്ടെന്ന് കുടുംബവും, റൊസാരിയോ എന്ന കൊച്ചു ഗ്രാമവും തിരിച്ചറിയുന്നു.
പിന്നീട് തങ്ങള്‍ക്കുള്ളതെല്ലാം നല്‍കി അവര്‍ ആ പ്രതിഭയെ രാകി മിനുക്കുന്നതാണ്. കൂടുതല്‍ മികച്ച അവസരങ്ങള്‍ക്കായി സ്‌പെയിനിലും, ബാഴ്സലോണയിലും മെസ്സി എത്തുന്നതോടെ ചരിത്രം തന്നെ വഴി മരുന്ന്.
ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഏത് നിക്ഷേപ മാര്‍ഗം സ്വീകരിക്കണം എന്നത് പരമ പ്രധാനമാണ്. (അതിനേക്കാള്‍ പ്രധാനമാണ് എവിടെയെങ്കിലും നിക്ഷേപിക്കണം എന്ന മനസ്ഥിതി ഉണ്ടാകേണ്ടത്).മെസ്സി ഫുട്‌ബോളാണ് സ്വന്തം ജീവിതം എന്ന് തീരുമാനിച്ചു അതില്‍ തന്നെ നിലനിന്ന പോലെ നിക്ഷേപകന് തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണം.
അതോടൊപ്പം നിങ്ങള്‍ തിരഞ്ഞെടുക്കുന്ന നിക്ഷേപ മാര്‍ഗം-സ്വര്‍ണം, ഓഹരി, റിയല്‍ എസ്റ്റേറ്റ്, ബാങ്ക് നിക്ഷേപം, മ്യൂച്ചല്‍ ഫണ്ട്, ഏതുമാകട്ടെ അതില്‍ പുത്തന്‍ മാറ്റങ്ങള്‍ മനസിലാക്കാനും, കാലഘട്ടത്തിനനുസരിച്ചു നിക്ഷേപ രീതിയില്‍ മാറ്റം വരുത്താനും ശ്രദ്ധിക്കണം.
പ്രൊഫഷണല്‍ സമീപനം
ഡീഗോ മറഡോണ എന്ന ഫുട്‌ബോള്‍ ദൈവം 1986 ല്‍ ലോകകപ്പില്‍ മുത്തം ഇട്ടതിന് ശേഷം 2014ല്‍ രണ്ടാം സ്ഥാനക്കാരായി എന്നതാണ് അര്‍ജന്റീനയുടെ ഇക്കൊല്ലം വരെയുള്ള മികച്ച നേട്ടം. എന്നാല്‍ 2018 ല്‍ പതിനാറാം സ്ഥാനത്തുനിന്ന് നാല് കൊല്ലങ്ങള്‍ക്കിപ്പുറം ലോകത്തിന്റെ നെറുകയില്‍ എത്താന്‍ ആ രാജ്യത്തെ സഹായിച്ചത് മെസ്സി എന്ന മാന്ത്രികനൊപ്പം, ലയണല്‍ സ്‌കലോണി എന്ന പരിശീലകന്റെ തന്ത്രങ്ങള്‍ തന്നെയാണ്.
മുതിര്‍ന്ന താരങ്ങളെയും, യുവാക്കളെയും ഒരു ടീമായി ഒത്തിണക്കുന്നതില്‍ ഈ പരിശീലകന്റെ കഴിവ് എടുത്ത് പറയാതെ വയ്യ. ഫുടബോള്‍ എന്ന 'സുന്ദരമായ കളിയെ' ആ കാല്പനിക തലത്തില്‍ തന്നെ നിര്‍ത്തി, പ്രയോഗികതയ്ക്ക് ഈന്നിയുള്ള ശൈലി സ്‌കലോണി കൊണ്ടുവന്നു.
കുറിയ പാസുകള്‍ക്ക് പകരം, നീളന്‍ പാസുകള്‍ അര്‍ജന്റീന അവരുടെ രീതിയാക്കി മാറ്റി. ഏത് ടീമും വിറയ്ക്കുന്ന ടീമായി അര്‍ജന്റീന മാറി, കോപ്പ അമേരിക്കയ്ക്ക് ശേഷം, ലോകകപ്പും അര്‍ജന്റീനയുടെ ഷെല്‍ഫിലെത്തി.
പ്രായോഗികതയും, പ്രൊഫഷണല്‍ സമീപനവും ഒരു നിക്ഷേപകന് ഒരിക്കലും ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. നിക്ഷേപങ്ങളെ വൈകാരികമായി കാണാതെ, നഷ്ടം വരുന്ന മേഖലകളെ തിരിച്ചറിഞ്ഞു അവയെ ഒഴിവാക്കി പരമാവധി നേട്ടം ഉണ്ടാക്കലായിരിക്കണം എപ്പോഴും ലക്ഷ്യമിടേണ്ടത്.
ഉദാഹരണത്തിന്, നിങ്ങള്‍ ഒരു മ്യുച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നു എന്നിരിക്കട്ടെ, മൂന്ന് മാസം കൂടുമ്പോള്‍ അതിന്റെ പ്രകടനം വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ആറു മാസം മുതല്‍, ഒരു വര്‍ഷം വരെ കാരുണ്യമായി നേട്ടം അതില്‍ നിന്ന് കിട്ടുന്നില്ലെങ്കില്‍ അതിലെ നിക്ഷേപം പിന്വലിക്കുകയോ, കുറയ്ക്കുകയോ വേണം.
അര്‍ജന്റീന ഈ ലോകകപ്പില്‍ പരിചയ സമ്പന്നരേയും, യുവാക്കളെയും ഒരുപോലെ സമന്വയിപ്പിച്ചപോലെ നിക്ഷേപകരും ഒന്ന് മുതല്‍ മൂന്ന് വരെ എങ്കിലും വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപം നടത്തുക.
തിരിച്ചടികളില്‍ പിന്തിരിയരുത്
1986 ല്‍ ചാമ്പ്യന്മാരായതിന് ശേഷം, നാല് വര്‍ഷം കഴിഞ്ഞു രണ്ടാം സ്ഥനക്കാരായാണ് അര്‍ജന്റീന ലോകകപ്പ് അവസാനിപ്പിച്ചത്. പിന്നീട്, 24 വര്‍ഷം വേണ്ടി വന്നു അര്‍ജന്റീന ഫൈനലില്‍ എത്താന്‍-2014 ല്‍. ഈ കാലഘട്ടത്തില്‍, ബാറ്റിസ്റ്റിയൂട്ടാ, ഏരിയല്‍ ഒര്‍ട്ടേഗ, റിക്വല്‍മി തുടങ്ങിയ വമ്പന്‍ കളിക്കാര്‍ നീലയും വെള്ളയും ജേഴ്സി അണിഞ്ഞു മൈതാനത്തെത്തി. എങ്കിലും ക്വാര്‍ട്ടറിന് അപ്പുറം കടക്കാം ടീമിനായില്ല.
2014 ല്‍ സാക്ഷാല്‍ മെസ്സി ടീമിനെ ഫൈനലില്‍ എത്തിച്ചു, പക്ഷെ ജര്‍മന്‍ മതില്‍ കടക്കാന്‍ കഴിഞ്ഞില്ല. കൂടാതെ, 2015 കോപ്പ അമേരിക്കയില്‍ ചിലിയോട് തോറ്റതോടെ, 2016 ല്‍ മെസ്സി വിരമിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ, തോല്‍വികളുടേയും, ഉയര്‍ച്ച, താഴ്ചകളുടെയും കാലഘട്ടത്തിലൂടെ കടന്നുപോയാണ് അര്‍ജന്റീനയും, മെസ്സിയും ലോകത്തിന്റെ നെറുകയില്‍ എത്തിയത്.
ഓഹരി, സ്വര്‍ണം, മ്യുച്ചല്‍ ഫണ്ട് തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങള്‍ നോക്കിയാല്‍ എല്ലാം ഇതുപോലെ തന്നെ ഉയര്‍ച്ച, താഴ്ചകള്‍ ഉള്ളതാണെന്ന് മനസിലാക്കാന്‍ കഴിയും. എന്നാല്‍, തിരിച്ചടികളില്‍ നിരാശനാകാതെ, നിക്ഷേപം തുടര്‍ന്നാല്‍ ഭാവിയില്‍ നേട്ടം ഉണ്ടാകും എന്നത് തീര്‍ച്ചയാണ്.
2016ല്‍ വിരമിക്കല്‍ തീരുമാനം മാറ്റി തിരിച്ചെത്തിയ മെസ്സി ആറ് കൊല്ലങ്ങള്‍ക്കിപ്പുറം ലോകജേതാവായി. അതിനിടയില്‍ 2018 ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്താക്കുകയും ചെയ്തു. കയറ്റിറക്കങ്ങള്‍ ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം തോല്‍വികളല്ല , മറിച്ചു കരുതലിന്റെ പാഠങ്ങളാണ് പകര്‍ന്ന് നല്‍കേണ്ടത്.
വ്യക്തിഗത മികവും ടീമും
വിജയകരമായ നിക്ഷേപം എന്നത് ലോകകപ്പ് നേടുന്നത് പോലെ തന്നെയാണ്. ആദ്യത്തെ നിക്ഷേപക മന്ത്രത്തില്‍ സൂചിപ്പിച്ച പോലെ, നിങ്ങള്‍ക് യോജിച്ച നിക്ഷേപ മാര്‍ഗം ഏതെന്ന് തിരഞ്ഞെടുക്കുക പ്രധാനമാണ്. അതോടൊപ്പം തന്നെ പ്രധാനമാണ് എല്ലാ തുകയും ഒരു നിക്ഷേപ മാര്‍ഗത്തില്‍ തന്നെ ഇടാതിരിക്കുക എന്നതും. വൈവിധ്യവല്‍ക്കരണം പ്രധാനമാണ്.
ലോകകപ്പില്‍ അര്‍ജന്റീനയുടെ തുറുപ്പ് ചീട്ട് മെസ്സിയായിരുന്നു. എന്നാല്‍ മെസ്സിയെക്കൊണ്ട് ഒറ്റയ്ക്ക് ലോകകപ്പ് ജയിപ്പിക്കാന്‍ കഴിയില്ലല്ലോ. ഫൈനലില്‍ പെനാല്‍റ്റി സേവ് ചെയ്ത് രാജ്യത്തെ യഥാര്‍ത്ഥ ജേതാക്കളാക്കിയ എമിലിയാനോ മാര്‍ട്ടിനെസും, ഡി മരിയയും, അല്‍വാരസും, മക്അലിസ്റ്ററും ഒക്കെ താരങ്ങള്‍ തന്നെയാണ്. ടീമിനെ സംബന്ധിച്ചു അവരും ഒഴിച്ച് കൂടാന്‍ ആകാത്തതാണ്.
നല്ല നിക്ഷേപവും ഇതുപോലെയാണ്.അത് റിസ്‌കിനെ അകറ്റുന്നു. പരമാവധി അഞ്ച് വരെ നിക്ഷേപമാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് പറയാറുണ്ടെങ്കിലും, കുറഞ്ഞത് മൂന്നെണ്ണം എങ്കിലും എന്തായാലും ഉണ്ടാകുക എന്നത് ഉത്തമമാണ്. എങ്കിലേ, നിക്ഷേപകന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് വിജയിക്കാനാകൂ.
(പ്രമോദ് തോമസ് -ബിസിനസ് പത്രപ്രവര്‍ത്തകനായ ലേഖകന്, ധനകാര്യ സേവന മേഖലയിലും അനുഭവ സമ്പത്തുണ്ട്.)