image

25 April 2024 7:10 AM GMT

Investments

നിക്ഷേപിക്കും മുമ്പ് ഒന്ന് ശ്രദ്ധിക്കൂ! ഇക്കാര്യങ്ങള്‍ പരിഗണിച്ചാകണം ആസൂത്രണം

MyFin Desk

നിക്ഷേപിക്കും മുമ്പ് ഒന്ന് ശ്രദ്ധിക്കൂ! ഇക്കാര്യങ്ങള്‍ പരിഗണിച്ചാകണം ആസൂത്രണം
X

Summary

  • ജോലി കിട്ടി ആദ്യ നാളുകളില്‍ തന്നെ സാമ്പത്തികാസൂത്രണം നടത്താം
  • നിക്ഷേപത്തിന്റെ താക്കോല്‍ എന്നതു തന്നെ വൈവിധ്യവത്കരണമാണ്
  • പേരിനൊരു നിക്ഷേപം ആരംഭിക്കുന്നതിലല്ല കാര്യം


ജോലി, കുടുംബം എന്നിങ്ങനെ ജീവിതത്തിലെ നാഴികക്കല്ലുകള്‍ പിന്നിടുന്നതിനനുസരിച്ച് സാമ്പത്തിക ലക്ഷ്യങ്ങളും മാറും. വീട്, കാര്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം ഇങ്ങനെ ഇങ്ങനെ പോകും ലക്ഷ്യങ്ങള്‍. ഈ ലക്ഷ്യങ്ങളൊക്കെ നിറവേറ്റാന്‍ അത്യാവശ്യമായി കയ്യിലുണ്ടാകേണ്ടത് പണമാണ്. പലരുടെ കയ്യിലും ഒറ്റയടിക്ക് വലിയൊരു തുക എടുക്കാനുണ്ടാകില്ല. അതുകൊണ്ട് സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് നിക്ഷേപവും ആരംഭിച്ചേ തീരു. ലക്ഷ്യങ്ങള്‍ നേടിയെടുക്കേണ്ട കാലയളവില്‍ ഉണ്ടായേക്കാവുന്ന പണപ്പെരുപ്പത്തെ കൂടി കണക്കിലെടുത്തു വേണം നിക്ഷേപം നടത്താന്‍. നിക്ഷേപ വരുമാനം പരമാവധി വര്‍ധിപ്പിക്കാന്‍ റിസ്‌ക് ഏറ്റെടുക്കാനുള്ള ശേഷി, സാമ്പത്തിക ലക്ഷ്യം, നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന റിട്ടേണ്‍ എന്നിവയൊക്കെ പരിഗണിക്കേണ്ടതുണ്ട്. നിലവില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരും നിക്ഷേപം നടത്താനാഗ്രഹിക്കുന്നവരും താഴെ നല്‍കിയിരിക്കുന്ന കാര്യങ്ങളൊക്കെയൊന്ന് പരിശോധിക്കുന്നത് നല്ലതാണ്.

വൈവിധ്യവത്കരണം

നിക്ഷേപത്തിന്റെ താക്കോല്‍ എന്നതു തന്നെ വൈവിധ്യവത്കരണമാണ്. വ്യത്യസ്ത അസറ്റ് ക്ലാസുകളിലുടനീളം നിക്ഷേപ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നത് അപകടസാധ്യതകള്‍ ലഘൂകരിക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇക്വിറ്റികള്‍, ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം തുടങ്ങിയ കമ്മോഡിറ്റികള്‍ തുടങ്ങിയ നിക്ഷേപ ഓപ്ഷനുകള്‍ നിരവധി അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഉയര്‍ന്ന അപകടസാധ്യതയുള്ള, ഉയര്‍ന്ന വരുമാനമുള്ള ആസ്തികള്‍ കൂടുതല്‍ സ്ഥിരതയുള്ള ഓപ്ഷനുകള്‍ ഉപയോഗിച്ച് സന്തുലിതമാക്കുന്നത് വിപണിയിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് സംരക്ഷണം നല്‍കും.

വിപണിയിലെ ചലനങ്ങള്‍

രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങള്‍, അന്താരാഷ്ട്ര സംഭവ വികാസങ്ങള്‍ എന്നിവയെല്ലാം ഓഹരി വിപണിയെ ബാധിക്കും. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നവര്‍ ഇക്കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. പെട്ടന്നുണ്ടാകുന്ന സംഭവ വികാസങ്ങള്‍ പെട്ടന്ന് വിപണി ഇടിയാനും പ്രതീക്ഷിച്ച റിട്ടേണ്‍ ലഭിക്കാതിരിക്കാനും കാരണമായേക്കാം. അതുപോലെ പോസിറ്റീവായ സംഭവ വികാസങ്ങള്‍ വിപണിയുടെ കുതിപ്പിനും റിട്ടേണ്‍ ഉയരാനും കാരണമായേക്കാം.

ക്ഷമയോടെ കാത്തിരിക്കാം

നിക്ഷേപം നടത്തി ഒരു വര്‍ഷം കൊണ്ട് വലിയൊരു റിട്ടേണ്‍ പ്രതീക്ഷിച്ചാല്‍ അത് ലഭിക്കണമെന്നില്ല. എപ്പോഴും നിക്ഷേപത്തിന് വളരാന്‍ സമയം നല്‍കണം. അതായത് ക്ഷമയോടെ ദീര്‍ഘനാള്‍ കാത്തിരുന്നെങ്കിലെ മികച്ച റിട്ടേണ്‍ ലഭിക്കു എന്ന്. അതുകൊണ്ട് ജോലി കിട്ടി ആദ്യ നാളുകളില്‍ തന്നെ സാമ്പത്തിക ആസൂത്രണം നടത്തി നിക്ഷേപം നടത്തുന്നതാണ് നല്ലത്.

രണ്ട് വട്ടം ആലോചിക്കുക

ഒരു നിക്ഷേപ ഓപ്ഷന്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അതില്‍ നിക്ഷേപിക്കും മുമ്പ് സമഗ്രമായ ഒരു ഗവേഷണം തന്നെ നടത്താം. അതിന്റെ വളര്‍ച്ചാ സാധ്യതകള്‍, റിട്ടേണ്‍, സുരക്ഷിതത്വം എന്നിവയൊക്കെ നോക്കണം. സംശയങ്ങളുണ്ടെങ്കില്‍ അറിവുള്ളവരോട് ചോദിക്കാം.

സാങ്കേതിക വിദ്യ ഉപയോഗിക്കാം

നിക്ഷേപത്തിന്റെ റിട്ടേണ്‍ കണക്കാക്കാന്‍ ഓണ്‍ലൈന്‍ കാല്‍ക്കുലേറ്ററുകള്‍, നിക്ഷേപം നടത്താന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയെല്ലാം ലഭ്യമാണ്. സാങ്കേതിക വിദ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാല്‍ എപ്പോഴും പരിശോധിക്കനും നിക്ഷേപം നടത്താനും എളുപ്പമായിരിക്കും. സമയം ലാഭിക്കാനും ഇതുവഴി കഴിയും. ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ സ്ഥിര നിക്ഷേപം, റെക്കറിംഗ് ഡെപ്പോസിറ്റ് തുടങ്ങിയവ ആരംഭിക്കാം. ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ഓഹരി വിപണിയിലെ ട്രേഡിംഗ് നടത്താം. ബ്രോക്കറേജ് ഹൗസുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വഴി മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും ആരംഭിക്കാം.