ഭൗതികമായി സ്വര്‍ണം വാങ്ങുമ്പോഴുള്ള നൂലാമാലകള്‍ ഇല്ലാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന...
ഭൗതികമായി സ്വര്‍ണം വാങ്ങുമ്പോഴുള്ള നൂലാമാലകള്‍ ഇല്ലാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ ഗോള്‍ഡ് എന്ന നിക്ഷേപ രീതി വന്നിട്ട് നാളുകള്‍ അധികം ആയിട്ടില്ല. ജ്വല്ലറിയില്‍ പോയി സ്വര്‍ണം വാങ്ങുന്നതില്‍ നിന്നും ഡിജിറ്റല്‍ ഗോള്‍ഡിന് ഒട്ടേറെ വ്യത്യാസങ്ങളുണ്ട്. ഒരു രൂപ മൂല്യത്തില്‍ പോലും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാം എന്നതാണ് പ്രത്യേകത. അങ്ങനെ ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും റിസ്‌കിന്റെ കാര്യത്തില്‍ ഒട്ടും കുറവില്ല.
ഒരുപക്ഷേ അത്തരം റിസ്‌ക്കുകള്‍ മുന്‍കൂട്ടി കണ്ടതുകൊണ്ടാകണം സ്റ്റോക്ക് ബ്രോക്കര്‍മാര്‍ ഉള്‍പ്പടെയുള്ള അംഗങ്ങളോട് തങ്ങളുടെ പ്ലാറ്റ്ഫോം വഴിയുള്ള ഡിജിറ്റല്‍ ഗോള്‍ഡിന്റെ വില്‍പന നിര്‍ത്തിവെക്കുവാന്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ആവശ്യപ്പെട്ടത്. 2021 സെപ്റ്റംബര്‍ 10 മുതലാണ് ഈ തീരുമാനം വന്നത്. എന്നാല്‍ ഡിജിറ്റല്‍ ഗോള്‍ഡ് വില്‍പന നടത്തുന്ന ഏജന്‍സികള്‍ സ്വന്തം ആപ്പുകളിലൂടെയും പേ ടി എം, ഗൂഗിള്‍ പേ, ആമസോണ്‍ പേ തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിലൂടെയും ഡിജിറ്റല്‍ ഗോള്‍ഡ് വില്‍പന നടത്തുന്നുണ്ട്. കുവേര, ഗ്രോ തുടങ്ങിയ നിക്ഷേപക പ്ലാറ്റ്ഫോമുകളും ഇക്കൂട്ടത്തിലുണ്ട്.
റിസ്‌ക്കുണ്ട് സൂക്ഷിക്കണം
സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയുള്ള ഡിജിറ്റല്‍ ഗോള്‍ഡിന്റെ വില്‍പനയ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നല്‍കിയ മുന്നറിയിപ്പ് നാം ഗൗരവത്തോടെ കാണണം. ഇത് നിക്ഷേപകര്‍ക്ക് കൂടിയുള്ള ഓര്‍മ്മപ്പെടുത്തലാണ്. ഓഗ് മോണ്ട് ഗോള്‍ഡ്, സര്‍ക്കാര്‍ സ്ഥാപനമായ എം എം ടി സിയും സ്വിസ് കമ്പനിയായ എം കെ എസ് - പി എ എം പിയും ചേര്‍ന്നുള്ള പദ്ധതി, ഡിജിറ്റല്‍ ഗോള്‍ഡ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഡിജിറ്റല്‍ ഗോള്‍ഡ് സേവനം നല്‍കുന്നത്.
നിയന്ത്രണം ആര്‍ക്ക്
മേല്‍നോട്ടം നടത്തുന്നതിന് ഒരു റെഗുലേറ്റര്‍ ഇല്ല എന്നതാണ് ഡിജിറ്റല്‍ ഗോള്‍ഡിനെ സംബന്ധിച്ചിടത്തോളം പ്രധാന റിസ്‌ക് . ഇത് നിക്ഷേപകരിലും ആശങ്ക സൃഷ്ടിക്കുന്നു. എം എം ടി സി- പി എ എം പി നല്‍കുന്ന ഡിജിറ്റല്‍ ഗോള്‍ഡ് സ്റ്റോര്‍ ചെയ്യുന്നത് തേര്‍ഡ് പാര്‍ട്ടി വാലറ്റുകളിലാണ്. സ്വര്‍ണത്തിന്റെ പരിശുദ്ധി മുതല്‍ അവ സൂക്ഷിച്ചിരിക്കുന്നത് എങ്ങനെ എന്ന് പരിശോധിക്കാന്‍ ട്രസ്റ്റിമാരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഒരു റെഗുലേറ്ററി സംവിധാനം ഇല്ലാത്തത് റിസ്‌ക് തന്നെയാണ്. ഗോള്‍ഡ് ഇ ടി എഫുകളുടെ കാര്യത്തില്‍ സെബിയും സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ കാര്യത്തില്‍ ആര്‍ബിഐയും റെഗുലേറ്റര്‍മാരായിട്ടുണ്ട് എന്നോര്‍ക്കണം. നിക്ഷേപകരുടെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ഡിജിറ്റല്‍ ഗോള്‍ഡിന് ആകുമോ എന്ന സംശയമാണ് ഇവിടെ ഉയരുന്നത്.
ഫീസുകളും
മൂന്നു ശതമാനം ജി എസ് ടി എന്നത് ഡിജിറ്റല്‍ ഗോള്‍ഡിന് ബാധകമാണ്. 1,000 രൂപയ്ക്ക് സ്വര്‍ണം വാങ്ങിയാല്‍ 970 രൂപ മൂല്യമുള്ള സ്വര്‍ണമേ നിങ്ങള്‍ക്ക് ലഭിക്കൂ. വലിയ തുകയ്ക്ക് സ്വര്‍ണം വാങ്ങുന്നമ്പോള്‍ ജി എസ് ടിയായി നല്‍കുന്ന തുകയും കൂടും. മാത്രമല്ല ഡിജിറ്റല്‍ ഗോള്‍ഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ സ്റ്റോറേജ് ഫീസ്, ഇന്‍ഷുറന്‍സ് ഫീസ്, ട്രസ്റ്റി ഫീസ് എന്നീ കണക്കില്‍ ചാര്‍ജ്ജുകള്‍ ഈടാക്കും.
ഡിജിറ്റല്‍ ഗോള്‍ഡ് യൂണിറ്റുകള്‍ ദീര്‍ഘകാലം കൈവശം വെക്കുവാന്‍ സാധിക്കില്ല. പരമാവധി സമയം കഴിയുമ്പോള്‍ സ്വര്‍ണമായി ഡെലിവറി എടുക്കുകയോ അല്ലെങ്കില്‍ തിരിച്ച് കമ്പനിക്ക് തന്നെ വില്‍ക്കുകയോ വേണം. കൃത്യസമയത്ത് സ്വര്‍ണമായി ഡെലിവറി എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിന് പിഴ നല്‍കേണ്ടി വരും.
മേക്കിംഗ് ചാര്‍ജ്ജ്
ഭൗതിക സ്വര്‍ണമാക്കി മാറ്റുമ്പോള്‍ മേക്കിംഗ് ചാര്‍ജുകളും ബാധകമാണ്. ഒരുപക്ഷേ കോയിനുകളോ, ബാറുകളോ ഒക്കെയായിട്ടാകും ഇവ മാറ്റുക. ഓരോന്നിനും ഓരോ മേക്കിംഗ് ചാര്‍ജ്ജാണ്. കോയിനുകളായി ചെയ്യുമ്പോള്‍ ഓരോ തരം ഡിസൈനിനും പ്രത്യേകം മേക്കിംഗ് ചാര്‍ജ്ജ് ഈടാക്കും. ഇതിന് പുറമേയാണ് ഡെലിവറി ചാര്‍ജ്ജും അടയ്ക്കേണ്ടി വരിക. സ്വര്‍ണത്തിന്റെ അളവ് കൂടുമ്പോള്‍ ഇത്തരം ചാര്‍ജ്ജുകളിലും വര്‍ധന പ്രതീക്ഷിക്കാം.