സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കാത്ത എന്‍ആര്‍ഐകള്‍ ഇല്ല എന്ന് തന്നെ പറയാം. എന്നാല്‍ ഇന്ത്യയിലുള്ള ഏതൊക്കെ സ്‌കീമാണ് ഇവര്‍ക്ക്...
സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കാത്ത എന്‍ആര്‍ഐകള്‍ ഇല്ല എന്ന് തന്നെ പറയാം. എന്നാല്‍ ഇന്ത്യയിലുള്ള ഏതൊക്കെ സ്‌കീമാണ് ഇവര്‍ക്ക് യോജിച്ചത്, ചേരാന്‍ സാധിക്കാത്ത സ്‌കീമുകള്‍ എന്തെല്ലാം, എന്‍ ആര്‍ ഐ എന്ന നിലയില്‍ ഇത്തരം സ്വര്‍ണ നിക്ഷേപങ്ങളിലെ റിസ്‌കുകള്‍ എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഏത് സ്‌കീമുകളില്‍ ?
ഇന്ത്യയില്‍ ഏറെ പ്രചാരം നേടിയ സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ (എസ് ജി ബി) എന്‍ ആര്‍ ഐ സ്റ്റാറ്റസ് ലഭിച്ചു കഴിഞ്ഞാല്‍ നിക്ഷേപം നടത്താന്‍ സാധിക്കില്ല. എന്‍ ആര്‍ ഐ ആകുന്നതിന് മുന്‍പാണ് നിങ്ങള്‍ എസ് ജി ബിയില്‍ നിക്ഷേപം നടത്തുന്നത് എങ്കില്‍ കാലാവധി പൂര്‍ത്തിയാകുന്നത് വരെ അത് കൈവശം വെക്കുന്നതില്‍ മറ്റ് നൂലാമാലകള്‍ ഉണ്ടാകില്ല. എന്‍ ആര്‍ ഐ ആയിക്കഴിഞ്ഞാലും സ്വര്‍ണ നിക്ഷേപം നടത്താന്‍ സാധിക്കുന്ന പല സ്‌കീമുകളുമുണ്ട്. ഭൗതിക സ്വര്‍ണം, സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണക്കട്ടികള്‍, ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഗോള്‍ഡ് ഇ ടി എഫ്), ഇ- ഗോള്‍ഡ് എന്നിവയൊക്കെ എന്‍ ആര്‍ ഐകള്‍ക്ക് എങ്ങനെ ഗുണകരമാകുന്നു എന്ന് നോക്കാം.
ഭൗതിക സ്വര്‍ണം
എന്‍ ആര്‍ ഐകള്‍ സ്വര്‍ണം ഇന്ത്യയില്‍ വെച്ച് തന്നെ വാങ്ങുകയും അതിന്റെ ക്രയവിക്രയങ്ങള്‍ക്ക് ഇന്ത്യന്‍ കറന്‍സി തന്നെ ഉപയോഗിക്കുന്നതുമാണ് ഉത്തമം. വിദേശ കറന്‍സിയാണ് കൈവശമെങ്കില്‍ ഇന്ത്യന്‍ കറന്‍സിയാക്കി മാറ്റി സ്വര്‍ണം വാങ്ങുക (അത് ആഭരണങ്ങളോ, കോയിനോ, സ്വര്‍ണക്കട്ടികളോ ആവാം).
ഡിജിറ്റല്‍ ഗോള്‍ഡ്
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന രീതിയാണ് ഡിജിറ്റല്‍ ഗോള്‍ഡ് എന്നത്. ഒരു രൂപ മൂല്യത്തില്‍ പോലും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാം. നിങ്ങളുടെ ബജറ്റ് അനുസരിച്ച് ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുവാന്‍ സാധിക്കുമെന്ന് ചുരുക്കം. ഭൗതിക സ്വര്‍ണം കൈകാര്യം ചെയ്യുവാന്‍ എന്‍ ആര്‍ ഐകള്‍ക്ക് ബുദ്ധിമുട്ട് ഏറെയുണ്ട്. അതിന് പരിഹാരമാണ് ഡിജിറ്റല്‍ ഗോള്‍ഡ്. ഇന്‍ഷുവര്‍ ചെയ്ത വാലറ്റുകളിലേക്ക് എന്‍ ആര്‍ ഐകള്‍ക്ക് ഡിജിറ്റല്‍ ഗോള്‍ഡ് സ്റ്റോര്‍ ചെയ്ത് വെക്കാം.
ഇ- ഗോള്‍ഡ്
2010ല്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ആരംഭിച്ച പദ്ധതിയാണിത്. ഷെയറുകള്‍ വില്‍ക്കുന്നത് പോലെ ഇ-ഗോള്‍ഡ് യൂണിറ്റുകള്‍ വില്‍ക്കാം. ഒരു യൂണിറ്റ് എന്നാല്‍ ഒരു ഗ്രാം സ്വര്‍ണമാണ്.
ഗോള്‍ഡ് ഫണ്ട്
ഓപ്പണ്‍ എന്‍ഡഡ് ഫണ്ടുകളാണിവ. സ്വര്‍ണത്തെ ഒരു ക്രയവസ്തുവാക്കി മാറ്റി നിക്ഷേപം വര്‍ധിപ്പിക്കുന്ന രീതിയാണിത്.
ഗോള്‍ഡ് ഇ ടി എഫ്
സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകളെയാണ് ഗോള്‍ഡ് ഇ ടി എഫ് എന്ന് പറയുന്നത്. നിക്ഷേപത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് സ്വര്‍ണക്കട്ടികള്‍ വാങ്ങി സൂക്ഷിക്കുകയാണ് ഈ സ്‌കീമിലൂടെ ചെയ്യുന്നത്. എന്‍ ആര്‍ ഐകള്‍ക്ക് ഗുണകരമാകുന്ന ഗോള്‍ഡ് ഇ ടി എഫുകളും ചില കമ്പനികള്‍ ഇറക്കുന്നുണ്ട്.
എന്‍ ആര്‍ ഐകള്‍ ഇവ മറക്കരുത്
റിട്ടേണിനെ പറ്റി കൃത്യമായി പഠിച്ചിട്ട് നിക്ഷേപിക്കാം. നിങ്ങളുടെ ആസ്തിയുടെ 5 ശതമാനത്തിനും 15 ശതമാനത്തിനും ഇടയില്‍ മാത്രം സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്.
ഭൗതിക സ്വര്‍ണം ആഭരണങ്ങളായിട്ടുള്ളതാണെങ്കില്‍ അവ ഉരുക്കുമ്പോള്‍ മൂല്യത്തില്‍ അല്‍പം കുറവ് വരുമെന്നത് മറക്കണ്ട. എന്‍ ആര്‍ ഐകള്‍ക്ക് ഏറ്റവും ഉപകാരപ്പെടുക സ്വര്‍ണ നാണയങ്ങളില്‍ നിക്ഷേപിക്കുന്നതാണ്.
സ്വര്‍ണ നിക്ഷേപം കൈവശം വെക്കുമ്പോള്‍ എന്‍ ആര്‍ ഐകളെ നികുതി എങ്ങനെ ബാധിക്കും എന്ന് കൃത്യമായി പഠിക്കുക.
ഒരു കിലോ സ്വര്‍ണം വരെ എന്‍ ആര്‍ ഐകള്‍ക്ക് വിദേശത്ത് നിന്നും കൊണ്ടു വരാന്‍ സാധിക്കും.
എന്‍ ആര്‍ ഐ സ്റ്റാറ്റസ് ലഭിച്ച് ആറ് മാസത്തിന് മുകളില്‍ മറ്റൊരു രാജ്യത്ത് കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യയിലേക്ക് ഭൗതിക സ്വര്‍ണം കൊണ്ടു വരാന്‍ സാധിക്കൂ.
ഇ ടി എഫ് നിക്ഷേപങ്ങള്‍ക്കായി ബ്രോക്കറേജ് സ്ഥാപനത്തില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ പാസ്പോര്‍ട്ടിന്റെ കോപ്പി ഉള്‍പ്പടെ സമര്‍പ്പിക്കണം.
രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ഭൗതിക സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.