image

19 March 2024 12:24 PM GMT

Investments

സ്വര്‍ണത്തില്‍ നിക്ഷേപം ആരംഭിക്കുന്നോ? 3 മാര്‍ഗങ്ങള്‍ ഒന്നു നോക്കാം

MyFin Desk

ways to invest in gold
X

Summary

  • സ്വര്‍ണം ആഭരണമായി വാങ്ങണോ അതോ നാണയമാണോ നല്ലത്
  • ഏത് രൂപത്തിലുള്ള സ്വര്‍ണമാകും പെട്ടന്ന് ലിക്വിഡേറ്റ് ചെയ്യാന്‍ പറ്റുന്നത്
  • സുരക്ഷിതത്വം വലിയൊരു പ്രശ്‌നമാണ്‌


സ്വര്‍ണത്തോടുള്ള മനുഷ്യരുടെ ഇഷ്ടം കാലങ്ങളായി പറഞ്ഞുവരുന്ന കഥയാണ്. മഞ്ഞ ലോഹം കണ്ടാല്‍ മയങ്ങിപ്പോകുന്നത് സ്ത്രീകളാണെന്ന് പറയാറുണ്ടെങ്കിലും ആസ്തിയായി സ്വര്‍ണം സൂക്ഷിക്കാന്‍ താല്‍പര്യമുള്ളവരില്‍ അങ്ങനെയൊരു വ്യത്യാസമുണ്ടാകില്ല. നിക്ഷേപത്തിന്റെ കാര്യത്തില്‍ ശരിയായ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കാരണം അത് ഭാവിയിലേക്കുള്ള കരുതിവെയ്ക്കലാണ്.

അതില്‍ പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളായ എഫ്ഡി, സ്വര്‍ണം, ബോണ്ടുകള്‍ മുതലായവയും മ്യൂച്വല്‍ ഫണ്ടുകള്‍, സ്റ്റോക്കുകള്‍ മുതലായവയും ഉള്‍പ്പെടുന്നു. സ്വര്‍ണത്തെ ആഭരണമായി കണക്കാക്കുന്നതിനൊപ്പം മൂല്യമേറെയുള്ള വസ്തുവായാണ് കണക്കാക്കുന്നത്. സ്വര്‍ണ നിക്ഷേപങ്ങള്‍ ആഭരണം, നാണയം, ഡിജിറ്റല്‍ രൂപത്തിലൊക്കെയാവാം. ആഭരണങ്ങളാണെങ്കില്‍ പണയം വെച്ച് പണമാക്കാം. ഡിജിറ്റല്‍ രൂപത്തിലാണെങ്കിലും അവ വിറ്റ് പണമാക്കാം. ആഭരണമല്ലാതെ സ്വര്‍ണ നിക്ഷേപം ആരംഭിക്കാനുള്ള മൂന്ന് വഴികള്‍ പരിശോധിക്കാം.

സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ട്: ഇന്ത്യ ഗവണ്‍മെന്റിനു വേണ്ടി റിസര്‍വ് ബാങ്കാണ് സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്. സ്വര്‍ണ്ണത്തിന്റെ അടിസ്ഥാന മൂല്യത്തിനൊപ്പം ഉറപ്പുള്ള റിട്ടേണും വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. സുരക്ഷിതത്വം, ഉറപ്പുള്ള റിട്ടേണ്‍ എന്നിവായണ് സോവ്‌റിന്‍ ഗോള്‍ഡ് പദ്ധതിയെ ആകര്‍ഷകമാക്കുന്നത്. ഒരു ഗ്രാം മുതല്‍ നിക്ഷേപിക്കാം. നിക്ഷേപത്തിന് 2.5 ശതമാനം പലിശ ലഭിക്കും. ആര്‍ബിഐ നിശ്ചിത ഇടവേളകളില്‍ എസ്ജിബി ഇഷ്യു ചെയ്യും. നിക്ഷേപകര്‍ക്ക് ആര്‍ബിഐയില്‍ നിന്നും നേരിട്ടോ അല്ലെങ്കില്‍ ബാങ്കുകള്‍, പോസ്‌റ്റോഫീസുകള്‍ എന്നിവ വഴിയോ വാങ്ങാം. എട്ട് വര്‍ഷമാണ് മച്യൂരിറ്റി കാലാവധി. കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് നിക്ഷേപം പിന്‍വലിക്കാനുള്ള ഓപ്ഷനുമുണ്ട്.

ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്: മ്യൂച്വല്‍ ഫണ്ടുകള്‍ പോലെയാണ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ (ഗോള്‍ഡ് ഇടിഎഫ്) രീതിയും. യൂണിറ്റുകളായാണ് സ്വര്‍ണം വാങ്ങുന്നത്. ഉയര്‍ന്ന ലിക്വിഡിറ്റിയുള്ളവയാണ് ഗോള്‍ഡ് ഇടിഎഫുകള്‍. എന്നാല്‍, എസ്ജിബി പോലെ ഉറപ്പുള്ള റിട്ടേണ്‍ ഇത് വാഗ്ദാനം ചെയ്യുന്നില്ല. കാരണം സ്വര്‍ണ വിലയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് ഇടിഎഫ് റിട്ടേണിലും വ്യത്യാസം വരാം.

ഡിജിറ്റല്‍ ഗോള്‍ഡ്: കുറഞ്ഞ തുകയില്‍ എസ്‌ഐപി അല്ലെങ്കില്‍ ഇഎംഐ രീതിയില്‍ ആരംഭിക്കാവുന്ന സ്വര്‍ണ നിക്ഷേപ പദ്ധതികളുണ്ട്. ആ തുകയ്ക്ക് സ്വര്‍ണം വാങ്ങി നിക്ഷേപകന്റെ പേരില്‍ സൂക്ഷിക്കും. ആവശ്യമുള്ളപ്പോള്‍ ഭൗതിക സ്വര്‍ണമായോ അല്ലെങ്കില്‍ പണമായോ ഈ സ്വര്‍ണം ലിക്വിഡേറ്റ് ചെയ്യാം. ചെറിയ അളവില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള സൗകര്യപ്രദമായ മാര്‍ഗമാണിത്. ഓണ്‍ലൈനായാണ് ഇടപാടുകള്‍. വിശ്വാസ്യതയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഇടപാട് നടത്താന്‍ സൂക്ഷിക്കാം.

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഏതൊരു നിക്ഷേപത്തിലേക്കും കടക്കുന്നതിനുമുമ്പ്, സ്വയം വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ഓരോരുത്തര്‍ക്കും അനുയോജ്യമായ നിക്ഷേപ ഓപ്ഷന്‍ ഏതാണ് എന്ന് കണ്ടെത്തണം. അതിന് ലിക്വിഡേഷന്‍, നിക്ഷേപ കാലവധി, റിട്ടേണ്‍, സുരക്ഷിതത്വം എന്നിവ പരിഗണിക്കേണ്ടതുണ്ട്.