18 Dec 2024 10:54 AM GMT
Summary
- കേവലം ₹65 മുതൽ, ഗോൾഡ് ഇ.ടി.എഫ് യൂണിറ്റുകൾ വാങ്ങാം
- സ്വർണ വിലയിലെ വ്യതിയാനങ്ങളിൽ പ്രയോജനം നേടാം
- ഒറ്റ ക്ലിക്കിൽ വാങ്ങാനും വിൽക്കാനും സാധിക്കുന്നു
സ്വർണ്ണം ഒരു സുരക്ഷിതമായ ഇൻവെസ്റ്റ്മെന്റ് ആയാണ് കരുതപ്പെടുന്നത്. ഇത് പണപ്പെരുപ്പത്തെ പ്രതിരോധിക്കാനും, മറ്റ് സാമ്പത്തിക അസ്ഥിരതകൾക്ക് എതിരെയും ഒരു സംരക്ഷണമായി പ്രവർത്തിക്കുന്നു. എന്നാൽ സ്വർണ്ണം ആഭരണമായി വാങ്ങുമ്പോൾ ഉയർന്ന പണിക്കൂലി, ടാക്സ് എന്നിവ നേരിടേണ്ടി വരുന്നു. അതെ സമയം ഗോൾഡ് കോയിൻ കുറഞ്ഞ പണിക്കൂലി ഇടാക്കുന്നു. കുറഞ്ഞ ബ്രേക്കിംഗ് ആൻഡ് മേക്കിംഗ് ചാർജുകൾ, ഉയർന്ന ശുദ്ധത എന്നിവ കാരണം, സ്വർണ്ണ നാണയങ്ങളുടെ പുനർവിൽപ്പന മൂല്യം സ്വർണ്ണാഭരണങ്ങളേക്കാൾ കൂടുതലാണ്. എന്നാൽ സ്വർണ്ണ നാണയങ്ങൾ അധികമായി വാങ്ങുന്നതും, ക്രയ വിക്രയങ്ങൾ ചെയ്യുന്നതും ദുഷ്കരമാണ്. ഇവിടെയാണ് ഗോൾഡ് ഇ.ടി.എഫിന്റെ പ്രാധാന്യം. ഫിസിക്കൽ ഗോൾഡ് അല്ലാതെ, ഗോള്‍ഡ് ഇ.ടി.എഫ്-കൾ വഴിയുള്ള സ്വർണ്ണ നിക്ഷേപം കൂടുതൽ സൗകര്യപ്രദവും ലാഭകരവുമാണ്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, കഴിഞ്ഞ ഒരു വർഷക്കാലയളവില്‍ ഗോള്‍ഡ് ഇ.ടി.എഫുകള്‍ ശരാശരി 29 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നാണ്.
എന്താണ് ഗോള്‍ഡ് ഇ.ടി.എഫ് ?
ഗോള്‍ഡ് ഇ.ടി.എഫ് അഥവാ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ഇത് ഒരു മ്യൂച്വൽ ഫണ്ട് പോലെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇതിൽ നിക്ഷേപിക്കുന്നത് സ്വർണത്തിൽ തന്നെയാണ്. ഗോൾഡ് ഇടിഎഫുകളുടെ വില സ്വർണ്ണത്തിന്റെ വിലയെ അനുസരിച്ച് മാറുന്നു. ഓഹരികൾ പോലെ തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ചെയ്യപ്പെടുന്നു. ഗോൾഡ് ഇ.ടി.എഫുകളിൽ നിക്ഷേപിക്കുന്നതിനോ വിൽക്കുന്നതിനോ അധിക ഫീസുകൾ ഇല്ല എന്നുള്ളതാണ് പ്രേത്യേകത. ഈ രീതിയിൽ, ഭൗതിക സ്വർണം വാങ്ങാതെ സ്വർണ വിലയിലെ വ്യതിയാനങ്ങളിൽ നിങ്ങൾക്ക് പ്രയോജനം നേടാം. എസ്ബിഐ ഗോൾഡ് ഇടിഎഫ്, ആക്സിസ് ഗോൾഡ് ഇടിഎഫ്, ഐസിഐസിഐ പ്രുഡൻഷ്യൽ ഗോൾഡ് ഇടിഎഫ്,അദിത്യ ബിഎസ്എൽ ഗോൾഡ് ഇടിഎഫ് എന്നിങ്ങനെ നിലവിൽ ഇന്ത്യയിൽ 17 ൽ പരം സ്വർണ്ണ ഇടിഎഫുകൾ ഉണ്ട്.
ഗോൾഡ് ഇ.ടി.എഫിന്റെ ഗുണങ്ങൾ
കുറഞ്ഞ തുകയിൽ നിക്ഷേപം ആരംഭിക്കാം. കേവലം ₹65 മുതൽ, ഗോൾഡ് ഇ.ടി.എഫ് യൂണിറ്റുകൾ വാങ്ങാൻ സാധിക്കുന്നു. സ്വർണ്ണ ഇടിഎഫുകൾ സ്റ്റോക്കുകൾ പോലെ വാങ്ങാനും വിൽക്കാനും എളുപ്പമാണ്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ചെയ്യുന്നതിനാൽ സ്വർണ്ണ വില സുതാര്യമായി കാണാം. ഫിസിക്കൽ ഗോൾഡ് സൂക്ഷിക്കുന്നതിനേക്കാൾ സുരക്ഷിതമാണ്. കുറഞ്ഞ ചാർജുകൾ മാത്രമേ ഈടാക്കപ്പെടുന്നുള്ളൂ. ഉയർന്ന ലിക്വിഡിറ്റി നൽകുന്നു, എപ്പോൾ വേണമെങ്കിലും ഒറ്റ ക്ലിക്കിൽ വാങ്ങാനും വിൽക്കാനും സാധിക്കുന്നു. ടാക്സ് ആനുകൂല്യങ്ങളും ലഭിക്കാം.
ഗോൾഡ് ഇ.ടി.എഫിൽ എങ്ങനെ നിക്ഷേപിക്കാം ?
നിങ്ങൾക്ക് സ്വർണ്ണ ഇടിഎഫുകൾ വാങ്ങണമെങ്കിൽ ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. നിക്ഷേപകർക്ക് ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് NSE അല്ലെങ്കിൽ BSE-യിൽ ലിസ്റ്റുചെയ്തിരിക്കുന്ന സ്വർണ്ണ ഇടിഎഫുകൾ വാങ്ങാനും വിൽക്കാനും കഴിയും. ഒരു സ്റ്റോക്ക് ബ്രോക്കറുടെ സേവനം ഉപയോഗിച്ച് നിങ്ങൾക്ക് വേണ്ടത്ര ഗോള്‍ഡ് ഇ.ടി.എഫ് യൂണിറ്റുകൾ വാങ്ങാം. പോർട്ട്ഫോളിയോ മോണിറ്റർ ചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്താം. ഹ്രസ്വകാല നിക്ഷേപമായി ഇതിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കുക. ഗോൾഡ് ഇ.ടി.എഫിൽ നിക്ഷേപിക്കുമ്പോൾ ദീർഘകാല നിക്ഷേപം സ്വീകരിക്കുന്നതാണ് നല്ലത്.
നിങ്ങൾ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സ്വർണ്ണ ഇടിഎഫുകൾ ഒരു മികച്ച നിക്ഷേപ ഓപ്ഷനാണ്. എന്നാൽ നിക്ഷേപിക്കുന്നതിന് മുമ്പ് നന്നായി ഗവേഷണം നടത്തുകയും വിദഗ്ധ നിർദ്ദേശം തേടുകയും ചെയ്യുക