8 April 2023 1:00 PM GMT
Summary
- മുന്‍പാദത്തെ അപേക്ഷിച്ച് 23 ശതമാനം ഇടിവ്
- കഴിഞ്ഞ രണ്ടു പാദങ്ങളിലും യുണികോണുകളില്ല
- മികച്ച പ്രകടനം ഫിന്‍ടെക്കുകളുടേത്
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ 'ഫണ്ടിംഗ് വേനല്‍' കൂടുതല്‍ കനക്കുകയാണെന്ന സൂചന നല്‍കി മാര്‍ച്ച് പാദത്തിലെ കണക്കുകള്‍. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളിലെത്തിയ നിക്ഷേപത്തില്‍ 75 ശതമാനത്തിന്റെ ഇടിവാണ് ജനുവരി-മാര്‍ച്ച് കാലയളവില്‍ ഉണ്ടായത്. ഫണ്ടിംഗ് റൗണ്ടുകളുടെ എണ്ണത്തിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 816 ഫണ്ടിംഗ് റൗണ്ടുകള്‍ നടന്നുവെങ്കില്‍ 2023ന്റെ ആദ്യ പാദത്തിലത് 63 ശതമാനം ഇടിവോടെ 301ലേക്കെത്തിയെന്ന് ട്രാക്ക്എക്‌സ്എന്‍ ഡാറ്റാബേസ് വ്യക്തമാക്കുന്നു. മുന്‍പാദത്തെ അപേക്ഷിച്ച് 23 ശതമാനം ഇടിവാണ് മാര്‍ച്ച് പാദത്തില്‍ സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളിലുണ്ടായിട്ടുള്ളത്.
ഇക്കഴിഞ്ഞ പാദത്തില്‍ $2.8 ബില്യണ്‍ നിക്ഷേപമാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കെത്തിയത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ $11.9 ബില്യണ്‍ എത്തിയ സ്ഥാനത്താണിത്. ഫിന്‍ടെക്, റീട്ടെയില്‍, എന്റര്‍പ്രൈസ് ടെക് എന്നിവയാണ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളിലേക്കെത്തിയ നിക്ഷേപം മുന്‍പാദത്തെ അപേക്ഷിച്ച് 150 ശതമാനം ഉയര്‍ച്ച പ്രകടമാക്കിയെങ്കിലും മുന്‍ വര്‍ഷം സമാന പാദവുമായുള്ള താരതമ്യത്തില്‍ 51 ശതമാനം ഇടിവാണ് പ്രകടമായിട്ടുള്ളത്.
$100 മില്യണിനു മുകളില്‍ മൂല്യമുള്ള 9 വലിയ ഫണ്ടിംഗ് റൗണ്ടുകളാണ് കഴിഞ്ഞ പാദത്തില്‍ നടന്നത്. ഫോണ്‍പേ, ലെന്‍സ്‌കാര്‍ട്ട്, മിന്റിഫൈ, ഇന്‍ഷുറന്‍സ് ദേഖോ, ഫ്രഷ് ടു ഹോം എന്നിവയിലെ നിക്ഷേപ റൗണ്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രാഥമിക ഘട്ട നിക്ഷേപ റൗണ്ടുകളിലെ പ്രമുഖ നിക്ഷേപകരില്‍ ആക്‌സല്‍, സീക്വായ ക്യാപിറ്റല്‍, ആള്‍ട്ടേരിയ ക്യാപിറ്റല്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രേംജി ഇന്‍വെസ്റ്റ്, എലവേഷന്‍ ക്യാപിറ്റല്‍, ചിരാതേ വെഞ്ചേഴ്‌സ് തുടങ്ങിയവയാണ് ലേറ്റര്‍ സ്റ്റേജ് ഡീലുകളെ നയിച്ചത്.
പുതിയ യുനികോണുകളൊന്നും കഴിഞ്ഞ രണ്ടു പാദങ്ങളിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ 14 യുണികോണുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നത്.