image

9 Feb 2023 12:02 PM GMT

Investments

എസ്ഐപി നിക്ഷേപത്തിന് താല്പര്യമേറുന്നു; ജനുവരിയിൽ 12,546 കോടി രൂപ

Mohan Kakanadan

sip investment demand
X

Summary

  • 2022 ഡിസംബറിൽ നിക്ഷേപം 7,303 കോടി രൂപ.
  • ഹൈബ്രിഡ് ഫണ്ടുകളുടെ വിഭാഗത്തിൽ 4,492 കോടി രൂപയുടെ നിക്ഷേപമുണ്ടായി.


മുംബൈ: ആഗോള പ്രതിസന്ധികളും, പണപ്പെരുപ്പവും മൂലം വിപണിയിൽ വലിയ അസ്ഥിരതയാണ് ഉള്ളത്. എന്നാൽ ഈ അനിശ്ചിതാവസ്ഥയിലും നിക്ഷേപകർക്ക് എസ്ഐപി നിക്ഷേപത്തിനോടുള്ള താല്പര്യം വർധിച്ചു വരികയാണ്. ജനുവരിയിൽ വിപണിയിൽ 12,546 കോടി രൂപയുടെ നിക്ഷേപമാണ് എസ്ഐപി മ്യൂച്ചൽ ഫണ്ടിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് മാസത്തിനിടക്ക് ഉണ്ടായ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്.


2022 ഡിസംബറിൽ 7,303 കോടി രൂപയുടെ നിക്ഷേപവും, നവംബറിൽ 2,258 കോടി രൂപയുടെ നിക്ഷേപവും, ഒക്ടോബറിൽ 9,390 കോടി രൂപയുടെ നിക്ഷേപവുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്

തുടർച്ചയായ 23 ആം മാസമാണ് ഇത്തരത്തിൽ ഓഹരി അധിഷ്ഠിത മ്യൂച്ചൽ ഫണ്ടിന്റെ സ്കീമുകളിലെ നിക്ഷേപം മുന്നേറ്റത്തിൽ തുടരുന്നതെന്ന് ആംഫി ( അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട്സ് ഇൻ ഇന്ത്യ ) വ്യക്തമാക്കി. വലിയ ചാഞ്ചാട്ടമുള്ള വിപണിയിലും ഇക്വിറ്റി മ്യൂച്ചൽ ഫണ്ടിലുള്ള നിക്ഷേപകരുടെ വിശ്വാസം ശക്തിപെടുന്നതിന്റെ സൂചനയാണ് ജനുവരി മാസത്തിൽ 12,456 കോടി രൂപയുടെ നിക്ഷേപം രേഖപെടുത്തുന്നതെന്നും, പ്രതി മാസാടിസ്ഥാനത്തിൽ 72 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളതെന്നും ഫയേഴ്സിലെ റിസർച്ച് മേധാവി ഗോപാൽ കവലിറെഡ്ഡി പറഞ്ഞു.

ജനുവരിയിൽ സ്മാൾ ക്യാപ് സ്‌കീമിൽ 2,255 കോടി രൂപയുടെ നിക്ഷേപവും മിഡ് ക്യാപ്പ് സ്‌കീമിൽ 1,962 കോടി രൂപയുടെ നിക്ഷേപവും, ലാർജ്ജ് ആൻഡ് മിഡ്ക്യാപ്പ് സ്‌കീമിൽ 1,902 കോടി രൂപയുടെ നിക്ഷേപവും രേഖപ്പെടുത്തി.

എസ് ഐ പി നിക്ഷേപം ഡിസംബറിൽ റിപ്പോർട്ട് ചെയ്ത 13,573 കോടി രൂപയിൽ നിന്ന് 13,856 കോടി രൂപയായി വർധിച്ചിട്ടുണ്ട്. ഇത് നാലാം മാസമാണ് തുടർച്ചയായി 13,000 കോടി രൂപയ്ക്കു മേൽ നിക്ഷേപം രേഖപ്പെടുത്തുന്നത്.


വിദേശ നിക്ഷേപകർ അറ്റവില്പനക്കാരായി തുടരുന്നുണ്ടെങ്കിലും ഇക്വിറ്റി മ്യൂച്ചൽഫണ്ടുകളിൽ നിക്ഷേപം തുടരുന്നുണ്ട്.

ഹൈബ്രിഡ് ഫണ്ടുകളുടെ വിഭാഗത്തിൽ 4,492 കോടി രൂപയുടെ നിക്ഷേപമുണ്ടായി. മൾട്ടി അസ്സെറ്റ് ഫണ്ടുകളിലും, ആർബിട്രേജ് ഫണ്ടുകളിലും യഥാക്രമം 2,182 കോടി രൂപയുടെയും, 2,055 കോടി രൂപയുടെയും നിക്ഷപം റിപ്പോർട്ട് ചെയ്തു. ഇൻഡക്സ് ഫണ്ടുകളിൽ 5,813 കോടി രൂപയുടെ നിക്ഷേപം റിപ്പോർട്ട് ചെയ്തു.


മ്യൂച്ചൽ ഫണ്ട് വ്യവസായത്തിന്റെ കൈകാര്യ ആസ്തി ജനുവരി അവസാനത്തോടെ 39.62 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഡിസംബറിൽ ഇത് 39.89 ലക്ഷം കോടി രൂപയായിരുന്നു. ഇതിൽ ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളുടെ കൈകാര്യ ആസ്തി 15.06 ലക്ഷം കോടി രൂപയും, ഡെബ്റ്റ് മ്യൂച്ചൽ ഫണ്ടുകളുടെ കൈകാര്യ ആസ്തി 12.38 ലക്ഷം കോടി രൂപയും ആയി.