26 Feb 2023 10:30 AM GMT
Summary
- 2014ന് ശേഷം വിരമിച്ചവര്‍ക്ക് ഹയര്‍ ഓപ്ഷന് അനുവദിച്ച സമയപരിധി മാര്‍ച്ച് 3 വരെ
2022 നവംബര്‍ നാലിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷനു വേണ്ടിയുള്ള യോഗ്യത പുനഃപരിശോധിക്കുന്ന പ്രക്രിയ തുടങ്ങിയതായി ഇപിഎഫ്ഒ അറിയിച്ചിരിക്കുകയാണ്. 2014ന് ശേഷം വിരമിച്ചവര്‍ക്ക് ഹയര്‍ ഓപ്ഷന് അപേക്ഷിക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി മാര്‍ച്ച് 3ന് അവസാനിക്കും.
ആകെ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ഇനിയൊരു അറിയിപ്പിനുവേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പിഎഫ്ഒയും തൊഴിലുടമകളും ബാധ്യസ്ഥരാണെന്നും കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടും പിഎഫ്ഒയില്‍ നിന്നുള്ള നിര്‍ദേശം ലഭിക്കാത്തതിനാല്‍ സംയുക്ത അപേക്ഷ സമര്‍പ്പിക്കാന്‍ തൊഴിലുടമകള്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പി ത്യാഗരാജന്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് മദ്രാസ് ഹൈക്കോടതി കേസില്‍ വ്യക്തത വരുത്തിയത്.
2014ന് ശേഷം വിരമിച്ചവര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യം പി.എഫ്.ഒ വെട്ടിക്കുറച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധിയിലെ അവ്യക്തത മുതലെടുത്ത് കേന്ദ്ര സര്‍ക്കാരും ഇപിഎഫ്ഒ അധികൃതരും പെന്‍ഷന്‍കാരെ ദ്രോഹിക്കുകയാണെന്ന് പിഎഫ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി മോഹനന്‍ പറയുന്നു.