image

22 Feb 2024 12:34 PM GMT

Investments

മാര്‍ച്ച് 31 നകം നിക്ഷേപം നടത്തിയില്ലെങ്കില്‍ പണി തരുന്ന പദ്ധതികള്‍

MyFin Desk

മാര്‍ച്ച് 31 നകം നിക്ഷേപം നടത്തിയില്ലെങ്കില്‍ പണി തരുന്ന പദ്ധതികള്‍
X

Summary

  • മിനിമം തുക നിക്ഷേപിച്ചില്ലെങ്കില്‍ പിഴ ഈടാക്കുകയും അക്കൗണ്ടുകള്‍ മരവിപ്പിക്കും.
  • നിക്ഷേപം നടത്താത്ത ഓരോ വര്‍ഷവും 50 രൂപ പിഴയായി നല്‍കണം.
  • ആദായ നികുതി വകുപ്പിന്റെ 80 സി വകുപ്പ് പ്രകാരം 1.5 ലക്ഷം രൂപയുള്ള നിക്ഷേപത്തിനു നികുതിയിളവ്.


രാജ്യത്തെ ജനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള നിരവധി നിക്ഷേപ പദ്ധതികള്‍ ലഭ്യമാണ്. ഭാവിയിലേക്ക് നിക്ഷേപിക്കുന്നതിനൊപ്പം നികുതിയിളവും നല്‍കുന്നവയാണ് ഈ പദ്ധതികള്‍. അതില്‍ ഏറ്റവും ജനപ്രിയമായ പദ്ധതികളാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ് വൈ), നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്) എന്നിവ. പക്ഷേ, ഈ നിക്ഷേപ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശം വെച്ചിരുന്നു ഓരോ സാമ്പത്തിക വര്‍ഷവും ഈ പദ്ധതികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം തുക നിക്ഷേപിച്ചില്ലെങ്കില്‍ പിഴ ഈടാക്കുകയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്യുമെന്നായിരുന്നു ആ നിര്‍ദ്ദേശം.

പിപിഎഫ്

2019 ലെ പിപിഎഫ് റൂള്‍ അനുസരിച്ച് പിപിഎഫിലെ ഒരു സാമ്പത്തിക വര്‍ഷത്തിലെ കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. ഈ തുക ഒരു സാമ്പത്തിക വര്‍ഷം നിക്ഷേപിച്ചിട്ടില്ലെങ്കില്‍ പിപിഎഫ് അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാകും (ഇന്‍ആക്ടീവ്). പ്രവര്‍ത്തന രഹിതമായിക്കഴിഞ്ഞാല്‍ പിപിഎഫ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനോ, വായ്പ എടുക്കാനോ സാധിക്കില്ല. പിപിഎഫ് അക്കൗണ്ട് ആരംഭിച്ച് മൂന്നാം വര്‍ഷം മുതലാണ് വായ്പ എടുക്കാന്‍ സാധിക്കുന്നത്. നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കുന്നത് നിക്ഷേപം നടത്തി ആറാം വര്‍ഷം മുതലാണ്.

അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമായാല്‍ പിന്നീട് പുനരാരംഭിക്കാന്‍ 50 രൂപ പിഴയായി നല്‍കണം. അതിന് 500 രൂപയുടെ നിക്ഷേപവും കൂടിയാകുമ്പോള്‍ 550 രൂപയാകും. ഓപ്പണ്‍ ചെയ്ത് 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് പിപിഎഫ് അക്കൗണ്ട് മെച്വര്‍ ആകുന്നത്. പിപിഎഫ് അക്കൗണ്ട് നിക്ഷേപം നടത്താതെ ഇന്‍ ആക്ടീവായാല്‍ അതില്‍ അവശേഷിക്കുന്ന പണം മച്യൂരിറ്റി ആയതിനുശേഷമേ പിന്‍വലിക്കാന്‍ സാധിക്കു.

എസ്എസ് വൈ

മറ്റൊരു നികുതി ലാഭ നിക്ഷേപ ഉപകരണമാണ് സുകന്യ സമൃദ്ധി യോജന. ഇത് പെണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക പദ്ധതിയാണ്. ഇതിലെ കുറഞ്ഞ നിക്ഷേപം 250 രൂപയാണ്. ഒരു സാമ്പത്തിക വര്‍ഷം 250 രൂപ നിക്ഷേപിച്ചില്ലെങ്കില്‍ എസ്എസ് വൈ അക്കൗണ്ടും മരവിപ്പിക്കും. നിക്ഷേപം നടത്താത്ത ഓരോ വര്‍ഷവും 50 രൂപ പിഴയായി നല്‍കണം. അത് 250 രൂപ നിക്ഷേപത്തിനൊപ്പം നല്‍കണം. അക്കൗണ്ട് തുറന്ന് 21 വര്‍ഷം അല്ലെങ്കില്‍ പെണ്‍കുട്ടിക്ക് 18 വയസ് ആകുമ്പോഴാണ് എസ്എസൈ്വ അക്കൗണ്ട് മച്യൂരിറ്റി ആകുന്നത്. 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും.

എന്‍പിഎസ്

നാഷണല്‍ പെന്‍ഷന്‍ പദ്ധതിയും നികുതി ലാഭത്തിനുള്ള ഓപ്ഷനാണ്. ആദായ നികുതി വകുപ്പിന്റെ 80 സി വകുപ്പ് പ്രകാരം 1.5 ലക്ഷം രൂപയുള്ള നിക്ഷേപത്തിനു പുറമേ 50000 രൂപയുടെ അധിക നിക്ഷേപത്തിനും 80 സിസിഡി (1ബി) വകുപ്പ് പ്രകാരം നികുതിയളവ് ലഭിക്കും. ഓരോ വര്‍ഷവും 1000 രൂപയാണ് എന്‍പിഎസിലെ കുറഞ്ഞ നിക്ഷേപം. നിക്ഷേപം നടത്തിയില്ലെങ്കില്‍ അക്കൗണ്ടുകള്‍ ഇന്‍ ആക്ടീവാകുമെങ്കിലും പിഴയൊന്നുമുണ്ടാകില്ല. മരവിപ്പിക്കുന്ന അക്കൗണ്ടുകള്‍ 500 രൂപ നല്‍കി ആക്ടീവാക്കാം. ടയര്‍-1 അക്കൗണ്ടുകളെയാണ് ഇത് ബാധിക്കുന്നത്.